1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2012

ഒരു പദാര്‍ത്ഥത്തിന്റെ അടിസ്ഥാന ഘടകം എന്നുവിശേഷിപ്പിക്കുന്ന ‘ദൈവത്തിന്റെ കണിക’ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച സ്വിസ്റ്റര്‍ലാന്‍ഡിലെ സേണില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ലോകത്തെ തന്നെ പ്രശസ്തരായ അഞ്ച് ഭൗതികശാസ്ത്രജ്ഞരെ പത്രസമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ‘ഹിഗ്ഗ്‌സ് ബോസണ്‍ ഗോഡ് പാര്‍ട്ടിക്കിള്‍’ എന്നു പേരിട്ടിരിക്കുന്ന ഈ കണികയുടെ സാന്നിധ്യം എതാണ് 99.99 ശതമാനവും ഉറപ്പിച്ച് കഴിഞ്ഞതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഫ്രഞ്ച്- സ്വിസ് അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ഹാഡ്രോണ്‍ കൊളൈഡറില്‍ നടത്തിയ പരീക്ഷണങ്ങളാണ് ദൈവത്തിന്റെ കണികയുടെ സാന്നിധ്യം ഉറപ്പാക്കിയിരിക്കുന്നത്.

പീറ്റര്‍ ഹിഗ്ഗ്‌സ്

ഏതാണ്ട് നാല്പത്തിയെട്ട് വര്‍ഷം മുന്‍പാണ് ഭൗതികശാസ്ത്രജ്ഞര്‍ ഹിഗ്ഗ്‌സ് ബോസണ്‍ എന്ന സബ്അറ്റോമിക് കണികകളെ കുറിച്ച് പ്രവചിക്കുന്നത്. എഡിന്‍ബര്‍ഗ്ഗ് യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് പ്രൊഫസറും ലോകത്തെ തന്നെ വിദഗ്ദ്ധനായ ഭൗതികശാസ്ത്രജ്ഞനുമായ പീറ്റര്‍ ബഗ്ഗ്‌സിന്റെ പേരാണ് ഈ കണികകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇദ്ദേഹവും സേണിലെ പത്രസമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ പദാര്‍ത്ഥത്തില്‍ കണികയുടെ സാന്നിധ്യം 99.99ശതമാനവും ഉറപ്പിച്ച ഫോര്‍ സിഗ്മ ലെവലിലാണ് ശാസ്ത്രജ്ഞര്‍. അടുത്തയാഴ്ച നടക്കുന്ന പത്രസമ്മേളനത്തിന് മുന്നോടിയായി ഇത് ഫൈവ് സിഗ്മ ലെവലിലേക്ക് ഉയര്‍ത്താനാണ് ശാസ്ത്രജ്ഞരുടെ ശ്രമം. ഇതോടെ കണികയുടെ സാന്നിധ്യം ഏതാണ് 99.99995 ശതമാനവും ഉറപ്പിക്കാനാകും. സേണിലെ പരീക്ഷണശാലയില്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങള്‍. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ പ്രൊഫസറായ ടോം കിബ്ബിളിന് ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടെങ്കിലും അസൗകര്യം കാരണം പങ്കെടുക്കുന്നില്ല.

പ്രപഞ്ചത്തെ മനസ്സിലാക്കാനുളള താക്കോലായാണ് ഹിഗ്ഗ്‌സ് ബോസണ്‍ കണികയെന്നാണ് കരുതുന്നത്. ഒരു പദാര്‍ത്ഥത്തിന്റെ അടിസ്ഥാനഘടകം എന്നു കരുതുന്ന ആറ്റത്തിന് പിണ്ഡം നല്‍കുന്നത് ഹിഗ്ഗ്‌സ്‌ബോസണ്‍ കണികയാണ്. പ്രപഞ്ചത്തിന് പ്രകാശവേഗതയില്‍ സഞ്ചരിക്കാനും, പ്രപഞ്ചത്തിലെ മനുഷ്യന്‍ മുതല്‍ ഗ്രഹങ്ങള്‍ വരെയുളള ഒരോ പദാര്‍ത്ഥത്തിന്റേയും അടിസ്ഥാന ഘടകമായ ആറ്റങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്താനും ഈ പിണ്ഡം ആവശ്യമാണ്. ഫ്രഞ്ച്- സ്വിസ് ബോര്‍ഡറില്‍ സ്ഥാപിച്ചിരിക്കുന്ന 18 മൈല്‍ നീളമുളള ഹാഡ്രോണ്‍ കൊളൈഡറില്‍ സബ്ബ് അറ്റോമിക് കണികകളായ പ്രോട്ടോണ്‍ ബീമുകളെ പ്രകാശവേഗതയുടെ അടുത്ത് കൂട്ടിയിടിപ്പിച്ചാണ് പുതിയ കണികയുടെ സാന്നിധ്യം ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞത്. ബിംഗ്ബാംഗിന് തുല്യമായ സാഹചര്യമാണ് ഇതുവഴി ശാസ്ത്രജ്ഞര്‍ പുനസൃഷ്ടിച്ചത്.

ശാസ്ത്രജ്ഞരുടെ സിദ്ധാന്തം ശരിയാണങ്കില്‍ ഓരോ ട്രില്യണ്‍ കൂട്ടിയിടികളിലും വളരെ കുറച്ച് ഹിഗ്ഗ്‌സ് ബോസണ്‍ കണികള്‍ സൃഷ്ടിക്കപ്പെടുകയും അവ വളരെ വേഗം ഇല്ലാതാവുകയും ചെയ്യുന്നു. കണികകള്‍ ഇല്ലാതാകുന്നതിന് മുന്‍പ് അവയുടെ സാന്നിധ്യം കണ്ടെത്തി ഒരു ഗ്രാഫില്‍ രേഖപ്പെടുത്തുക എന്നതായിരുന്നു ശാസ്ത്രജ്ഞര്‍ക്ക് മുന്നിലുളള വെല്ലുവിളി. ഇതിനായി ടണലില്‍ 1600 ട്രില്യണ്‍ കൂട്ടിയിടികളാണ് ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചത്. ഇതില്‍ നിന്ന ഏതാണ് 300 ഹിഗ്ഗ്‌സ് കണികളെയാണ് കണ്ടെത്താനായത്. രണ്ട് സംഘങ്ങളായാണ് ശാസ്ത്രജ്ഞര്‍ ഇത് സംബന്ധിച്ച പരീക്ഷണം നടത്തുന്നത്. രണ്ട് സംഘത്തിന്റെയും പരീക്ഷണ ഫലങ്ങള്‍ പരസ്പരം രഹസ്യമായിരിക്കും. എന്നാല്‍ ഇരുസംഘങ്ങള്‍ക്കും കണികളെ കണ്ടെത്താനായിട്ടുണ്ടെന്നാണ് അറിയുന്നത്. സിംഎസ്, അറ്റ്‌ലസ് എന്നീ സംഘങ്ങള്‍ അടുത്തദിവസങ്ങളില്‍ തന്നെ തങ്ങളുടെ പരീക്ഷണഫലങ്ങള്‍ ചര്‍ച്ചചെയ്ത് കണികയുടെ സാന്നിധ്യം ഉറപ്പിക്കുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.