മലയാളത്തിന്റെ തണലും തണുപ്പും കൈവിടാതെ നേരിന്റെ നേര്‍ക്കാഴ്ചയുമായി യു കെ മലയാളികള്‍ക്കിടയില്‍ ഒരു പുത്തന്‍ മാധ്യമ സംസ്ക്കാരത്തിന് തുടക്കമിട്ട NRI മലയാളി പുതു വസന്തമായി ഇനി ലോകമെങ്ങുമുള്ള മലയാളികളിലേക്ക്.പത്രക്കച്ചവടക്കാരന്റെ കുരുട്ടു ബുദ്ധിയോ,കോര്‍പ്പറേറ്റ് ജാടകള്ലോ,അന്തിപത്രത്തിന്റെ എരിവും പുളിയുമോ പരസ്യങ്ങളുടെ അതിപ്രസരമോ ഇല്ലാതെ യു കെയില്‍ വേറിട്ടുനില്‍ക്കുന്ന ഈ ഓണ്‍ലൈന്‍ മാധ്യമം ഇനി ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് വേണ്ടി സംസാരിക്കും.
സമൂഹത്തിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് വിശ്വസിക്കുന്ന യു കെയിലെ ഒരുകൂട്ടം സാധാരണക്കാരുടെ ആശയങ്ങളുടെ ആത്മാവിഷ്ക്കാരമാണ് ഈ വെബ്സൈറ്റ്.വ്യക്തിഹത്യയും കുന്നായ്മയും അരങ്ങുവാണ യു കെയിലെ മലയാള മാധ്യമ രംഗത്ത് ഇടക്കാലത്ത് എപ്പോഴോ സത്യം അറിയാനുള്ള മലയാളിയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പോള്‍,പകരം വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി വാര്‍ത്തകള്‍ സൃഷ്ട്ടിക്കപ്പെട്ടപ്പോള് ശരാശരി മലയാളിയുടെ വായനാനിലവാരം താഴ്ത്തുന്ന വാക്പ്രയോഗങ്ങള് വാര്‍ത്തകളില്‍ കടന്നു കൂടിയപ്പോള്‍ മാധ്യമ ധാര്‍ഷ്ട്യം അരങ്ങു വാണപ്പോള്‍ നന്മ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് വേണ്ടി തുടങ്ങിയ ഈ സംരംഭം യു കെ മലയാളികള്‍ നെഞ്ചിലെറ്റിയതില് ഞങ്ങള്‍ കൃതാര്‍ത്ഥരാണ്.ഡിഗ്രിക്കോ ഡിപ്പ്ലോമയ്ക്കോ ഉപരി സാമാന്യബോധവും ജനപക്ഷത്തു നിന്നുള്ള കാഴ്ചപ്പാടുകളുമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടതെന്ന തിരിച്ചറിവാണ് ഞങ്ങളെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത്.
വളര്‍ച്ചയുടെ ഈ പടവുകളില്‍ ബ്രിട്ടന്റെ ഭൂപരിധി വിട്ട് ലോകമെങ്ങുമുള്ള മലയാളികളുടെ ശബ്ദമാകാന്‍ NRI മലയാളി തയ്യാറെടുക്കുകയാണ്.താമസിയാതെ തന്നെ ലോകമലയാളികളുടെ ശബ്ദം ഈ വെബ്സൈറ്റിലൂടെ ലോകം കേള്‍ക്കും.ഒപ്പം യുകെ മലയാളികളിലെ സമാനമനസ്ക്കരായ പ്രതിഭകളും NRI മലയാളി ടീമില്‍ കൈകോര്‍ക്കും.ഇപ്പോഴുള്ള നേതൃത്വം ഗ്ലോബല്‍ വെബ് സൈറ്റിന്റെ പ്രചാരണത്തിന് മുന്‍തൂക്കം കൊടുക്കും.അതിനാല്‍ കൂടുതല്‍ കരുത്തുറ്റ നവ നേതൃത്വവുമായി ഒട്ടേറെ പുതുമകളോടെ ആയിരിക്കും അടുത്ത മാസം മുതല്‍ NRI മലയാളി പുറത്തിറങ്ങുക.വായനക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന നിലപാടുകളുമായി നേരിന്റെ നേര്‍ക്കാഴ്ചയായി NRI മലയാളി മുന്നോട്ടുള്ള പ്രയാണം തുടരും.
മാറ്റത്തിന്റെ ഈ അസുലഭ നിമിഷത്തില്‍ ഇതുവരെ ഞങ്ങളോട് സഹകരിച്ച എല്ലാ മാന്യ വായനക്കാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.കുന്നായ്മ പറയുകയോ വ്യക്തിഹത്യ നടത്തുകയോ ചെയ്യാതെ നേടിയെടുത്ത ഈ വിജയം വായനക്കാരുടെ സന്മനസുകള്‍ക്ക് മുന്പില് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.ഞങ്ങള്‍ പ്രതിനിധീകരിക്കുന്ന ശരാശരി യു കെ മലയാളിയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങള്‍ ആണ്.ദുഖത്തിന്റെ കണ്ണീരും സന്തോഷത്തിന്റെ പുഞ്ചിരിയും പങ്കു വച്ച എല്ലാ മാന്യ വായനക്കാര്‍ക്കും നന്ദി പറയുന്നു.തുടര്‍ന്നും യു കെ മലയാളികളുടെ മനസാക്ഷിയോടൊട്ടിനിന്നുകൊണ്ട് നിങ്ങളില്‍ ഒരാളായി നിങ്ങളോടൊപ്പം നേരിന്റെ നേര്‍ക്കാഴ്ചയുമായി NRI മലയാളി ഉണ്ടാവുമെന്ന് ഒരിക്കല്‍ കൂടി ഉറപ്പു നല്‍കുകയും ചെയ്യുന്നു.
നന്ദിയോടെ
എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍
www.nrimalayalee.co.uk
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല