കാലം മാറി… ജീവിത ശൈലികളും.. അതോടെ ജീവിതശൈലി രോഗങ്ങളും കൂടി. ആരോഗ്യകരമായ ഭക്ഷണം എന്നത് മാറി… ഇപ്പോള്‍ എളുപ്പമുളള ഭക്ഷണം എന്നതായി. മാതാപിതാക്കളാകട്ടെ കുട്ടികളോടുളള സ്നേഹം പ്രകടിപ്പിക്കുന്നത് ഫാസ്റ്റ്ഫുഡ് വാങ്ങി നല്‍കിയിട്ട്. അവസാനം തടികൂടി… തടികൂടി കുട്ടികള്‍ പൊണ്ണത്തടിയന്‍മാരാകുമ്പോള്‍ ആശുപത്രികളായ ആശുപത്രികളിലേക്ക് ഓട്ടമാണ്. വിപണിയില്‍ കിട്ടുന്ന മരുന്നുകളും ഓപ്പറേഷനുമായി കുഞ്ഞുശരീരം കീറിമുറിച്ച് കളയും. എന്നാല്‍ ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ?
കുട്ടികളുടെ വ്യക്തിത്വത്തെ ഹനിക്കുകയും അവരുടെ ഭക്ഷണശൈലിയേ ബാധിക്കുകയും ചെയ്യുമെന്ന ഭയത്താലാണ് ഭൂരിഭാഗം മാതാപിതാക്കളും കുട്ടികളുമായി ആരോഗ്യകരമായ ഭക്ഷണശീലത്തെ കുറിച്ച് സംസാരിക്കാത്തതെന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്കിഷ്ടമുളള ഭക്ഷണം ദോഷകരമാണന്ന് പറഞ്ഞാല്‍ പിന്നീട് അവര്‍ ഭക്ഷണമേ കഴിച്ചില്ലങ്കിലോ എന്നാണ് പല മാതാപിതാക്കളുടേയും പേടി. ഇനി കുട്ടികള്‍ പൊണ്ണത്തടിയന്മാരാണന്ന് അവരോട് പറഞ്ഞാല്‍ അത് കുട്ടികളുടെ ആത്മവിശ്വാസത്തെ ബാധിച്ചാലോ എന്ന കരുതി പലരും കുട്ടികളെ ഇതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കില്ല.
അഞ്ചുമുതല്‍ പതിനാറ് വയസ്സുവരെ പ്രായമുളള ആയിരം കുട്ടികളുടെ മാതാപിതാക്കളില്‍ നടത്തിയ പഠനമനുസരിച്ച് ഏതാണ്ട 37ശതമാനം ആളുകളും കുട്ടികള്‍ പൊണ്ണത്തടിയന്മാരാണന്ന് അവരോട് പറയുന്നത് അവരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന പക്ഷക്കാരാണ്. മൂന്നില്‍ രണ്ട് വിഭാഗം മാതാപിതാക്കളും കുട്ടികളെ ഇതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കണമെന്ന പക്ഷക്കാരാണ്. എന്നാല്‍ ഇതില്‍ പകുതിയിലേറെപ്പേര്‍ക്കും അത്തരം ചര്‍ച്ചകള്‍ സുഖകരമായ കുടുംബാന്തരീക്ഷത്തെ കാര്യമായി ബാധിക്കുമെന്ന പേടിയുളളവരാണ്.
പല മാതാപിതാക്കള്‍ക്കും തങ്ങളുടെ കുട്ടി പൊണ്ണത്തടിയന്മാരാണോ എന്ന് തിരിച്ചറിയാന്‍ കഴിയില്ലന്നതാണ് വാസ്തവം. കുട്ടികളുടെ ഉയരവും ഭാരവും കണക്കാക്കിയശേഷം ബിഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് കുട്ടി പൊണ്ണത്തടിയനാണോ അല്ലയോ എന്ന് കണ്ട് പിടിക്കാന്‍ സാധിക്കും. യുകെയില്‍ പൊണ്ണത്തടിയന്മാരായ കുട്ടികളുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുട്ടികലുമായുളള സംസാരത്തിനിടയില്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ അവരുടെ വികാരങ്ങളെ മാനിച്ചുകൊണ്ട് തന്നെ ആരോഗ്യകരമായ ഒരു ഭക്ഷണശീലത്തെ കുറിച്ച് നിങ്ങള്‍ക്ക് കുട്ടികളോട് പറയാവുന്നതാണ്.
1. അടിസ്ഥാനമുണ്ടാക്കുക
ഒരു സുപ്രഭാതത്തില്‍ നേരിട്ട് കുട്ടികളോട് നിങ്ങള്‍ പൊണ്ണത്തടിയനാണ് എന്ന് പറയുന്നതിന് പകരം അടിസ്ഥാനമുണ്ടാക്കുക. മാഗസീനുകളിലും മറ്റും വരുന്ന ലേഖനങ്ങളുടെ അടിസ്ഥാനത്തില്‍ പതിയെ കാര്യങ്ങള്‍ പറഞ്ഞ് തുടങ്ങണം. ഒന്നു രണ്ടാഴ്ചക്ക് ശേഷം നേരെ കാര്യത്തിലേക്ക് കടക്കാന്‍ ഇത് സഹായിക്കും.
2. ആരോഗ്യത്തിലാണ് കാര്യം ആകര്ഷകത്വത്തിലല്ല
ശരീരഭാരം കുറക്കുന്നതും കൂട്ടുന്നതും സൗന്ദര്യത്തിന്റെ ഭാഗമാണന്ന ധാരണ മാറ്റണം. ആരോഗ്യത്തിലാണ് കാര്യം അല്ലാതെ ആകര്ഷകത്വത്തിലല്ല. കു്ട്ടികളോട് തടി കുറക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ അത് അവരുടെ മികച്ച ആരോഗ്യത്തിന് വേണ്ടിയാണന്നും അല്ലാതെ സുന്ദരിയാകാനല്ലന്നും പറഞ്ഞ് മനസ്സിലാക്കണം.
3. മാതാപിതാക്കള്‍ മാതൃകയാകണം
ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ കുട്ടികള്‍ക്കുളള മാതൃക അവരുടെ മാതാപിതാക്കള്‍ തന്നെയാകണം. കിട്ടുന്നതെല്ലാം വാരിവലിച്ച് കഴിച്ച് പൊണ്ണത്തടിവെച്ചിരിക്കുന്ന മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളെ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പഠിപ്പിക്കാന്‍ കഴിയില്ല.
4. കുറ്റപ്പെടുത്തരുത്
ഇന്നത്തെ കാലത്ത് കുട്ടികള്‍ തികച്ചും വിഷലിപ്തമായ ഒരു അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്. ഇത് മൂലം ആരോഗ്യകരമായ ശീലങ്ങള്‍ തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഈ അവസ്ഥയില്‍ കുട്ടികളെ മടിയന്മാരെന്നും സ്വാര്ത്ഥന്മാരെന്നും ഒക്കെ വിളിച്ച് കുറ്റപ്പെടുത്തുന്നത് അവരെ മാനസികമായി മുറിവേല്‍പ്പിക്കും.
5. പോസിറ്റീവ് അയിരിക്കുക
ഇന്നത്തെ കാലത്ത് പ്രശ്നങ്ങള്‍ പരിഹരിക്കാനുളള വഴി അവയെ അല്‍പ്പം തമാശയിലൂടെ നേരിടുന്നതാണ്. ഇന്ന് കുടുംബത്തിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറയുന്ന നിരവധി തമാശപരിപാടികളുണ്ട്. കുട്ടികളുമൊത്ത് ഇത് കാണുന്നതു എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല