ബാങ്കുകള്‍ ലിബോര്‍ റേറ്റില്‍ തിരിമറി നടത്തിയത് കാരണം പല കുടുംബങ്ങളും പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവരുമെന്ന് ഭവനമന്ത്രിയുടെ മുന്നറിയിപ്പ്. ലിബോര്‍ വിവാദത്തെ തുടര്‍ന്ന് വായ്പാ പ്രതിസന്ധിയുണ്ടാകുമെന്നും ഇത് പല കുടുംബങ്ങളുടേയും വീട് എന്ന സ്വപ്‌നം ഇ്ല്ലാതാക്കുമെന്നുമാണ് ഭവനമന്ത്രി ഗ്രാന്റ് ഷാപ്‌സ് കഴിഞ്ഞദിവസം പറഞ്ഞത്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ചാന്‍സലര്‍ ജോര്‍ജ്ജ് ഒസ്‌ബോണും ലിബോര്‍ റേറ്റ് തിരിമറിയെ കുറിച്ച് അടിയന്തിര പാര്‍ലമെന്റ് അന്വേഷണത്തിന് ഉത്തരവിട്ട ഉടനെയായിരുന്നു ഷാപ്‌സിന്റെ മുന്നറിയിപ്പ്. ലേബര്‍ പാര്‍ട്ടി ഉന്നയിച്ച സ്വതന്ത്ര ജുഡിഷ്യല്‍ അന്വേഷണം എന്ന ആവശ്യം പാര്‍ലമെന്റ് അംഗീകരിച്ചില്ല.
ലിബോര്‍ റേറ്റ് തിരിമറിയെ തുടര്‍ന്ന കഴിഞ്ഞയാഴ്ച ബാര്‍ക്ലേസ് ബാങ്ക് 290 മില്യണ്‍ പിഴയായി അടച്ചിരുന്നു. ആര്‍ബിഎസും ലോഡ്‌സ് ബാങ്കുമാണ് ലിബോര്‍ റേറ്റില്‍ തിരിമറി നടത്തിയെന്ന് ആരോപിക്കുന്ന മറ്റ് പ്രമുഖ ബാങ്കുകള്‍. വിവാദത്തെ തുടര്‍ന്ന് മറ്റ് ബാങ്കുകളുടേയും വിശ്വാസ്യതയെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
വിവാദം ജനങ്ങളുടെ വീട് എന്ന സ്വപ്‌നം നഷ്ടമാക്കുമോ എന്ന ചോദ്യത്തിനാണ് ഷാപ്‌സ് ഇത്തരമൊരു മറുപടി പറഞ്ഞത്. ഒരു വ്യക്തിക്ക് വീട് ഇല്ലാതിരിക്കാന്‍ പല കാരണങ്ങളുണ്ട്. ഇതിലൊരു കാരണമാണ് ലിബോര്‍ റേറ്റ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വായ്പാനിരക്കുകള്‍ നിശ്ചയി്ക്കുന്നത്. ലിബോര്‍ റേറ്റിലുണ്ടാകുന്ന വ്യത്യാസം വായ്പയുടെ പലിശനിരക്കിനേയും ബാധി്ക്കും. ഇത് സാധാരണക്കാരന്റെ വീട് എന്ന സ്വപ്‌നം വെറു സ്വപ്‌നമായി അവശേഷിക്കാന്‍ കാരണമാകും. വിവാദത്തെ തുടര്‍ന്ന് ഭവനവായ്പയുടെ പലിശനിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. അങ്ങനയെങ്കില്‍ പലര്‍ക്കും വായ്പ തിരിച്ചടക്കാന്‍ കഴിയാതെ വീട് നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ ബാങ്കിന്റെ നടപടികള്‍ മൂലം ആര്‍ക്കും വീട് നഷ്ടമാകില്ലെന്ന് ബാര്‍ക്ലേസ് വൃത്തങ്ങള്‍ അറിയിച്ചു. വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ബാര്‍ക്ലേസിന്റെ ചെയര്‍മാന്‍ മാര്‍ക്കസ് അഗിയസ് രാജിവെച്ചിരുന്നു. എന്നാല്‍ ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ബോബ് ഡയമണ്ട് രാജിവെക്കാന്‍ വിസമ്മതിച്ചു. കഴിഞ്ഞ ദിവസം ബോബ്ഡയമണ്ട് തന്റെ ജോലിക്കാര്‍ക്കെഴുതിയ കത്തില്‍ ബാങ്കിന്റെ നടപടികള്‍ക്ക് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ ഡയമണ്ട് സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെക്കണമെന്ന് ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ്ഗ് ആവശ്യപ്പെട്ടു. സംഭവച്ചത് ഗുരുതരമായ കുറ്റമാണന്നും സംഭവത്തില്‍ ആരെയെങ്കിലും ക്രിമിനല്‍ വിചാരണക്ക് വിധേയമാക്കണമോയെന്ന് സീരിയസ് ഫ്രോഡ് ഓഫീസ് തീരുമാനിക്കുമെന്നും പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല