1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2012

മാത്യു ജോസഫ്

സന്ദര്‍ലാന്‍ഡ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ക്ക് അന്യമല്ല എന്ന സന്ദേശം നല്‍കിക്കൊണ്ട് യുകെയിലെ പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ മാതൃകയാവുന്നു. തലമുറകള്‍ പകര്‍ന്നു നല്‍കിയ കാരുണ്യ സ്പര്‍ശം ഏറ്റുവാങ്ങിയ 28 വിദ്യാര്‍ഥികളും ഇവരുടെ നാല് അധ്യാപകരുമാണ് സേവനനിരതരാകാന്‍ പോകുന്നത്. ഈ സംഘത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ത്ഥിനികളുമുണ്ട്.

ഒരു മാസം ആഫ്രിക്കയിലെ സ്വാസിലാന്റില്‍ താമസിച്ച് അവിടെയുള്ള ഒരു ഗ്രാമത്തില്‍ സേവനം ചെയîുകയാണ് വിദ്യാര്‍ത്ഥി സംഘത്തിന്റെ ലക്ഷ്യം. കുഗ്രാമവാസികളെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധിപ്പിക്കുക വഴി ഇളംതലമുറയ്ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള കവാടം തുറന്നിടും.

സന്ദര്‍ലാന്റ് സെന്റ് ആന്റണീസ് വിദ്യാലയത്തിലെ ആറാം ഫോമില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഈ സേവന ദൌത്യം ഏറ്റെടുക്കുന്നത്. ജൂലായ് – 8 ന് പുറപ്പെടുന്ന സംഘത്തില്‍ എവലിന്‍ മാത്യു, അലിന തോമസ്, ജെനി ജോസഫ് എന്നിവരാണ് മലയാളികളായ വിദ്യാര്‍ത്ഥിനികള്‍.

പഠനത്തോടൊപ്പം ഇവര്‍ നൃത്തവും, പാട്ടും , സാമൂഹ്യ പ്രവര്‍ത്തനവും നടത്തുന്നു. കൂടാതെ സന്ദര്‍ലാന്‍ഡ് സിറ്റി കൌണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യുത്ത് പാര്‍ലമെന്റിലും അംഗങ്ങളാണ്. സെ. ജോസഫ്സ് ദേവാലയത്തിലെ ജീസസ് യുത്ത് എന്ന സംഘടനയിലെയും സജീവ സാന്നിധ്യമാണ്.

മൊത്തം 1600 പൌണ്ടു വീതമാണ് ഓരോ സംഘാംഗത്തിന്റേയും ചെലവ് കണക്കാക്കിയിട്ടുള്ളത്. ദൌത്യ നിര്‍വ്വഹണത്തിനുള്ള പണം വിദ്യാര്‍ത്ഥികളും വിദ്യാലയവും സംയുക്തമായാവും കണ്ടെത്തുകയെന്ന് സംഘത്തെ നയിക്കുന്ന അദ്ധ്യാപികമാര്‍ പറഞ്ഞു.

ആഫ്രിക്കയിലെ തീരെ ചെറിയ രാജ്യങ്ങളിലൊന്നായ സ്വാസിലാന്റിലെ ഗ്രാമങ്ങള്‍ ഇനിയും വികസനത്തിന്റെ പാതയിലെത്തിയിട്ടില്ല. പുരോഗതി നേടുന്നതിന് ഒരു ജനതയ്ക്ക് അത്യാവശ്യം വേണ്ടത് വിദ്യാഭ്യാസം തന്നെയാണ്. കുട്ടികളെ സ്ക്കൂളില്‍ വിടാന്‍ വിമുഖത കാണിക്കുന്ന ഗ്രാമവാസികളെ ബോധവല്‍ക്കരിക്കയാണ് സന്ദര്‍ലാന്റില്‍ നിന്നും പോകുന്ന സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം.

കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സഹായിക്കുക, അനാഥാലയങ്ങളെ പുനരുദ്ധരിക്കുക, അനാഥാലയങ്ങളില്‍ വിനോദ പരിപാടികള്‍ അവതരിപ്പിക്കുന്നതിലൂടെ ഇവിടുത്തെ അന്തേവാസികള്‍ക്ക് മാനസികമായും കലാപരമായും വളരാന്‍ അവസരമൊരുക്കുകയും ദൌത്യസംഘത്തിന്റെ ഉദ്ദേശ്യങ്ങളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.