സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ‘എന്റെ സത്യാന്വേഷണ പരീക്ഷകള്‍’ എന്ന ചിത്രത്തിലെ നായിക താനാണെന്ന വാര്‍ത്ത തെറ്റെന്ന് പ്രിയാമണി . ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതുന്ന ചിത്രം സുബില്‍ സുരേന്ദ്രനാണ് സംവിധാനം ചെയ്യുന്നത്.
ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ വേറിട്ട ഗെറ്റപ്പുമായി എത്തുന്ന ചിത്രത്തില്‍ പ്രിയാമണി നായികയാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് വ്യക്തമാക്കിയിരുന്നത്. ചിത്രത്തിന്റെ പൂജാചടങ്ങും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നിരുന്നു. ഗ്രാന്റ് മാസ്റ്ററിന് ശേഷം നായികാപ്രാധാന്യമുള്ള കഥാപാത്രവുമായി പ്രിയാമണി മലയാളത്തില്‍ തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചപ്പോഴാണ് വാര്‍ത്ത തെറ്റെന്ന് പ്രിയാമണി വ്യക്തമാക്കിയത്
അമീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്ത ‘പരുത്തിവീരന്‍’ മാത്രമാണ് സ്‌ക്രിപ്ട് കേള്‍ക്കാതെ താന്‍ കഥാപാത്രമാകാമെന്ന് സമ്മതിച്ച ആദ്യചിത്രം. തുടര്‍ന്നൊരു ചിത്രത്തിലും കഥകേള്‍ക്കാതെ അഭിനയിക്കാന്‍ തയ്യാറായിട്ടില്ലെന്ന് പ്രിയാമണി പറയുന്നു. കന്നഡയില്‍ ഇരട്ടവേഷത്തിലെത്തുന്ന ചാരുലത എന്ന ചിത്രം ചെയ്യുകയാണിപ്പോള്‍. മലയാളത്തില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ടെങ്കിലും നല്ല കഥാപാത്രത്തെ ലഭിച്ചാല്‍ മാത്രമേ സ്വീകരിക്കൂ എന്നും പ്രിയാമണി പറഞ്ഞു.
അതേ സമയം പ്രിയാമണിയെ ചിത്രത്തിനായി സമീപിച്ചിരുന്നതായും കന്നഡയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയാക്കേണ്ടതിനാല്‍ ‘എന്റെ സത്യാന്വേഷണ പരീക്ഷകളില്‍’ ജോയിന്‍ ചെയ്യാനാകില്ലെന്ന് അവസാനനിമിഷം അറിയിക്കുകയുമായിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ശക്തമായ നായികാകഥാപാത്രമായതിനാല്‍ മറ്റൊരു നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല