ഒരു മനുഷ്യന്‍ സാധാരണ കഴിക്കുന്നതിനേക്കാള്‍ നാല്പത് ശതമാനം ആഹാരം കുറച്ച് കഴിച്ചാല്‍ ഇരുപത് വര്‍ഷത്തോളം അധികം ജീവിക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍. .മനുഷ്യന്‍ പ്രായമാകുന്നത് തടയാനുളള ചികിത്സാരീതികള്‍ വികസിപ്പിച്ചെടുക്കുന്നതിനുളള ശ്രമത്തിനിടയിലാണ് ശാസ്ത്രജ്ഞര്‍ ആഹാരവും ആയുസ്സും തമ്മിലുളള ബന്ധം കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ഏജിങ്ങിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തുന്നത്. ഒരു മനുഷ്യന്റെ ജീവിത്തില്‍ ദശകങ്ങള്‍കൊണ്ട് എങ്ങനെയാണ് വാര്‍ദ്ധക്യം ബാധിക്കുന്നത് എന്നത് സംബന്ധിച്ചാണ് ഗവേഷകര്‍ പഠനം നടത്തുന്നത്. വാര്‍ദ്ധക്യത്തിന്റെ ജനിതകവും ജീവിതശൈലീപരവുമായ കാരണങ്ങളെ കുറിച്ചാണ് പഠനം നടത്തിയത്.
പ്രായധിക്യം കാരണം ഉണ്ടാകുന്ന രോഗങ്ങളായ ഹൃദ്രോഗം, കാന്‍സര്‍ നാഡീ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയെ കുറിച്ചും പഠനം നടന്നു. ആഹാരത്തിന്റെ അളവ് മുപ്പത് മുതല്‍ നാല്പത് ശതമാനം വരെ കുറച്ചാല്‍ ഇത്തരം വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ ഒഴിവാക്കാനും കൂടുതല്‍ കാലം ജീവിച്ചിരിക്കാനും കഴിയും. എലികളിലും പഴഈച്ചകളിലുമാണ് ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടന്നത്. ആഹാരത്തിലെ നിയന്ത്രണവും മികച്ച മരുന്നുകളും ഈ രണ്ട് ജീവികളുടേയും ജീവിതകാലയളവില്‍ വന്‍ ഉയര്‍ച്ചയാണ് ഉണ്ടാക്കിയത്. മനുഷ്യനിലും ഈ രീതി പ്രായോഗികമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
മനുഷ്യശരീരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുന്ന ജീനിനെ കണ്ടെത്തുകയും വാര്‍ദ്ധക്യം എന്ന അവസ്ഥയെ നീട്ടികൊണ്ട് പോവുകയുമാണ് ഇവിടെ ചെയ്യുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. പൈപ്പര്‍ പറയുന്നു. ഒരൊറ്റ ജീനില്‍ മ്യൂട്ടേഷന്‍ നടത്തി ജീവജാലങ്ങളുടെ ജീവിതദൈര്‍ഘ്യം കൂട്ടാനാകുമെന്നും ഡോ. പൈപ്പര്‍ പറഞ്ഞു. പ്രായാധിക്യം കാരണം ബാധിക്കുന്ന അല്‍ഷിമേഴ്‌സ് രോഗം ഇത്തരം ചികിത്സാരീതി ഉപയോഗിച്ച് തടയാനാകുമോ എന്ന പഠനത്തിലാണ് ശാസ്ത്രജ്ഞര്‍. എന്നാല്‍ മനുഷ്യനിലെ ഗവേഷണം പൂര്‍ത്തിയാകാന്‍ പത്ത് വര്‍ഷമെടുക്കുമെന്നും അതിനാല്‍ തന്നെ ഈ കണ്ടുപിടുത്തം ഇപ്പോഴും സിദ്ധാന്തമായി തന്നെ നിലനില്‍ക്കുകയുളളുവെന്നും ഡോ. പൈപ്പര്‍ ചൂണ്ടിക്കാട്ടി. വാര്‍ദ്ധക്യത്തോട് അനുബന്ധിച്ച് വരുന്ന അസുഖങ്ങള്‍ വാര്‍ദ്ധക്യം എന്ന അസുഖത്തിന്റെ ഭാഗമാണന്നുളള സിദ്ധാന്തത്തെകുറിച്ചാണ് ഗവേഷകര്‍ അന്വേഷിച്ചത്. ലണ്ടനില്‍ നടക്കുന്ന സമ്മര്‍ സയന്‍സ് എക്‌സിബിഷനില്‍ ഗവേഷണഫലം പ്രദര്‍ശിപ്പിക്കുമെന്നും ഡോ. പൈപ്പര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല