ലണ്ടന്‍ : കടുത്ത വേദനയും ദുരിതവും സഹിച്ചാണ് തങ്ങളുടെ പ്രീയപ്പെട്ടവര്‍ ആശുപത്രിയില്‍ നിന്ന് വിടപറയുന്നതെന്ന് മരിച്ചുപോയ രോഗികളുടെ ബന്ധുക്കള്‍ . നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ സര്‍വ്വേയിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയും തങ്ങളുടെ പ്രീയപ്പെട്ടവരുടെ അന്ത്യനാളുകളില്‍ ആശുപത്രി അധികൃതര്‍ വേണ്ട ശ്രദ്ധയും പരിചരണവും നല്‍കിയില്ലെന്ന പരാതി ഉന്നയിച്ചു. മൂന്നില്‍ ഒന്ന് ആളുകള്‍ ആശുപത്രയിലെ സൗകര്യവും പരിചരണവും പോരായിരുന്നു എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മുപ്പത്തിയഞ്ച് ശതമാനം ആളുകള്‍ അവസാനത്തെ രണ്ടു ദിവസം മികച്ച പരിചരണം ലഭിച്ചതായി പറഞ്ഞു.
ഹോസ്പിറ്റലുകളില്‍ മരിക്കുന്നവര്‍ക്ക് വീട്ടിലോ, കെയര്‍ഹോം പോലുളള സ്ഥാപനങ്ങളിലോ മരിക്കുന്നവരേക്കാള്‍ കൂടുതല്‍ ദുരിതവും വേദനയും സഹിക്കേണ്ടി വരുന്നുവെന്ന് സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. ആദ്യമായാണ് ഇത്തരത്തിലൊരു സര്‍വ്വേ ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് നടത്തുന്നത്. ഏതാണ്ട് 22,000 കുടുംബങ്ങളില്‍ നിന്നുളള പ്രതികരണം സ്വീകരിച്ച ശേഷമാണ് സര്‍വ്വേ ഫലം തയ്യാറാക്കിയത്. അടുത്തിടെ ഡീഹൈഡ്രഷന്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു രോഗി ദാഹം മൂലം ഹോസ്പിറ്റലില്‍ കിടന്ന് പോലീസിന് ഫോണ്‍ ചെയ്തിരുന്നു. അല്‍പ്പസമയത്തിനകം മരിച്ച രോഗിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് കെട്ടിമാറ്റാന്‍ ഒരു നഴ്‌സ് ജോലിക്കാരോട് ആവശ്യപ്പെട്ടതായി കുടുംബാംഗങ്ങള്‍ സര്‍വ്വേയില്‍ പറഞ്ഞു.
ആരോഗ്യ വകുപ്പാണ് സര്‍വ്വേ നടത്താന്‍ ഫണ്ട് അനുവദിച്ചത്. സര്‍വ്വേ ഫലം അനുസരിച്ച് പത്തില്‍ ഏഴ് പേരും വീട്ടില്‍ കിടന്ന് മരിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതില്‍ പകുതിയിലേറെ പേരും ഹോസ്പിറ്റലില്‍ കിടന്നാണ് മരിച്ചത്. ഹോസ്പിറ്റലിന്റെ പരിചരണത്തില്‍ രോഗികളും ബന്ധുക്കളും ഒട്ടും തൃപ്തരല്ലന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. പലപ്പോഴും രോഗികളുടെ സ്വകാര്യതയെ ഹനിക്കുന്ന പ്രവൃത്തികള്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്. രോഗിയുടേയും ബന്ധുക്കളുടേയും വികാരങ്ങളെ മാനിക്കാതെയാണ് പലരും പെരുമാറുന്നത്, രോഗിയെ ടോയ്‌ലറ്റില്‍ കൊണ്ടുപോവുക, ബെഡില്‍ ശരിയായി കിടത്തുക തുടങ്ങിയ പ്രവൃത്തികള്‍ നഴ്‌സുമാര്‍ ചെയ്യാറില്ല. വേദനയില്‍ നിന്ന് ആശ്വാസം നല്‍കാനോ, രോഗികളുടെ ആഗ്രഹങ്ങള്‍ക്ക് അനുസിരിച്ച് പെരുമാറുന്നതിനോ നഴ്‌സുമാര്‍ പരാജയപ്പെടുന്നതായും സര്‍വ്വേ വ്യക്തമാക്കുന്നു.
മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന രോഗികളുടെ അന്ത്യനാളുകളില്‍ മികച്ച പരിചരണം ഉറപ്പാക്കുന്നതിനായാണ് 2008ല്‍ ഗവണ്‍മെന്റ് എന്‍ഡ് ഓഫ് ലൈഫ് സ്ട്രാറ്റജി നടപ്പിലാക്കിയത്. ഇതനുസരിച്ച് ഡിസ്ട്രിക്, കമ്മ്യൂണിറ്റി സെന്ററുകളില്‍ 24 മണിക്കൂറും നഴ്‌സുമാരുടെ സേവനം ഉറപ്പുവരുത്തിയിരുന്നു. ഇത്തരം നഴ്‌സുമാര്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. പ്രായമോ അവസ്ഥയോ പരിഗണിക്കാതെ എല്ലാ രോഗികള്‍ക്കും അവരുടെ അന്ത്യനാളുകളില്‍ മികച്ച പരിചരണത്തിന് അര്‍ഹതയുണ്ടെന്നു കെയര്‍സര്‍വ്വീസ് മിനിസ്റ്റര്‍ പോള്‍ ബര്‍സ്‌റ്റോ പറഞ്ഞു. സര്‍വ്വേ ഫലം എന്‍എച്ച്എസും സോഷ്യല്‍ കെയര്‍ പ്രൊഫഷണല്‍സും പഠിച്ചശേഷം നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല