1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2012

ലണ്ടന്‍ : മുതിര്‍ന്ന ആളുകള്‍ക്കായി നടപ്പാക്കാനുദ്ദേശിക്കുന്ന വാര്‍ദ്ധക്യകാല പരിചരണ പദ്ധതിയുടെ പരിഷ്‌കരണം വീണ്ടും നീളുമെന്ന് ഏതാണ്ട് ഉറപ്പായി. രണ്ടായിരത്തി പതിനഞ്ചില്‍ നടക്കുന്ന അടുത്ത പൊതുതിരഞ്ഞെടുപ്പ് വരെ പദ്ധതി നടപ്പിലാക്കേണ്ടെന്നാണ് ഗവണ്‍മെന്റിന്റെ തീരുമാനം. പദ്ധതി പരിഷ്‌കരിക്കുന്നത് ഗവണ്‍മെന്റിന് അധിക സാമ്പത്തികബാധ്യത വരുത്തിവെക്കുമെന്നതിനാലാണ് ഇത്. പദ്ധതിയുടെ ഫണ്ടിങ്ങിനെ കുറിച്ച് പഠിച്ച ഓക്‌സ്‌ഫോര്‍ഡിലെ സാമ്പത്തിക വിദഗ്ദ്ധന്‍ ആന്‍ഡ്രൂ ഡില്‍നോട്ടിന്റെ റിപ്പോര്‍ട്ടിന് മേല്‍ സര്‍വ്വകക്ഷി ചര്‍ച്ച നടക്കാനിരിക്കേ ഗവണ്‍മെന്റ് ഏകപക്ഷീയമായി പദ്ധതിക്ക് തടയിടാന്‍ ശ്രമിക്കുകയാണന്ന ആരോപണവുമായി ലേബര്‍ പാര്‍ട്ടി രംഗത്തെത്തി.
ഡില്‍നോട്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയില്‍ രണ്ട് ഭേദഗതികള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നിര്‍ദ്ദേശിച്ചതാണ് പദ്ധതിയുടെ ഭാവിയെ കുറിച്ച് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. വാര്‍ദ്ധക്യകാല പരിചരണത്തിനുളള സഹായം ലഭിക്കാനുളള സാമ്പത്തിക പരിധി 23,250ല്‍ നിന്ന് ഒരുലക്ഷം പൗണ്ടായി ഉയര്‍ത്തണം, ഒപ്പം വാര്‍ധക്യ കാല പരിചരണത്തിന് ഒരാള്‍ തന്റെ ജീവിതകാലത്തില്‍ ചെലവാക്കുന്ന തുക 35,000 പൗണ്ടായി നിജപ്പെടുത്തണം എന്നീ നിര്‍ദ്ദേശങ്ങളാണ് ഡില്‍നോട്ട് കമ്മീഷന്‍ മുന്നോട്ട് വച്ചത്. എന്നാല്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റിന് അധിക ഭാരം വരുത്തിവെ്ക്കുന്നതിനാല്‍ അടുത്ത സ്‌പെന്‍ഡി്ങ്ങ് റിവ്യുവിന് ശേഷമേ പദ്ധതിയെ കുറിച്ച് ഫറയാനാകു എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2014ലാണ് അടുത്ത സ്‌പെന്‍ഡിങ്ങ് റിവ്യു നടക്കുന്നത്. 2015ലെ പൊതുതെരഞ്ഞെടുപ്പിന് വേണ്ടിയാകും സ്‌പെന്‍ഡിങ്ങ് റിവ്യും നടത്തുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ നിലവിലുളള ചെലവുചുരുക്കല്‍ പദ്ധതികള്‍ തുടരുമെന്ന ജോര്‍ജ്ജ് ഒസ്‌ബോണിന്റെ വാക്കുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ അടുത്തെങ്ങും പദ്ധതി നടപ്പിലാകാനുളള സാധ്യത കാണുന്നില്ല,
ഗവണ്‍മെന്റിന്റെ നടപടികള്‍ സര്‍വ്വകക്ഷി ചര്‍ച്ചയില്‍ വന്‍ വാദപ്രതിവാദങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഇതോടെ ഉറപ്പായി. സര്‍വ്വകക്ഷി ചര്‍ച്ച നടത്തുന്നതിന് മുന്‍പേ പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന ആരോഗ്യമന്ത്രി ആന്‍ഡ്രു ലാന്‍സ്ലിയുടെ കത്ത് ഉയര്‍ത്തിക്കാട്ടിയാണ് ലേബര്‍പാര്‍ട്ടി പദ്ധതിക്ക് ഗവണ്‍മെന്റ് തന്നെ തുരങ്കം വെയ്ക്കുകയാണന്ന് ആരോപിച്ചത്. എന്നാല്‍ സര്‍വ്വകക്ഷി ചര്‍ച്ച ബഹിഷ്‌കരിക്കില്ലെന്ന് ലേബര്‍ പാര്‍ട്ടി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.