കമ്പോഡിയ : കമ്പോഡിയയിലെ കുട്ടികളില്‍ കണ്ടുവരുന്ന അജ്ഞാതരോഗത്തിനുളള വൈറസിനെ കണ്ടെത്തികഴിഞ്ഞതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ വിദഗ്ദ്ധര്‍. അടുത്തിടെ കണ്ടെത്തിയ ഈ അജ്ഞാതരോഗം ബാധിച്ച് ഡസന്‍ കണക്കിന് കുട്ടികളാണ് കമ്പോഡിയയില്‍ മരിച്ചത്. കൈകളിലും കാലുകളിലും വായിലുമാണ് ഈ വൈറസ് രോഗം ബാധിക്കുന്നത്. ഏപ്രില്‍ അവസാനം കണ്ടെത്തിയ ഈ രോഗം ബാധിച്ച 59 കുട്ടികളില്‍ മൂന്ന് മാസം മുതല്‍ 11 വയസ്് വരെ പ്രായമുളള 52 കുട്ടികളും മരിച്ചിരുന്നു.
രോഗം ബാധിച്ച കുട്ടികളുടെ സാമ്പിളുകളില്‍ എന്‍ട്രോവൈറസ് 71 എന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് ലാബ് ഫലം വ്യക്തമാക്കുന്നത്. ഇത് ഏഷ്യയില്‍ സാധാരണയായി കാണപ്പെടുന്ന വൈറസാണ്. എന്നാല്‍ ഈ വൈറസിന്റെ സാന്നിധ്യം കമ്പോഡിയായില്‍ ആദ്യമായാണ് സ്ഥിരീകരിക്കുന്നതെന്ന് ഡബഌു എച്ച് ഓയുടെ കമ്പോഡിയായിലെ പബ്ലിക്ക് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റായ നിമ അസ്ഗാരി പറഞ്ഞു. അതിനാല്‍ തന്നെ രോഗം ബാധിച്ച കുട്ടികളില്‍ മറ്റ് വൈറസുകളുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കണമെന്നും അസ്ഗാരി ആവശ്യപ്പെട്ടു.
രോഗത്തിന്റെ കാരണത്തെ ചുറ്റിപ്പറ്റി നിഗൂഢത നിലനില്‍ക്കുകയാണ്. കടുത്തപനിയും ശ്വാസതടസ്സവുമാണ് രോഗ ലക്ഷണങ്ങള്‍. ചെറിയ കുട്ടികളില്‍ രോഗം വേഗം ഗുരുതരമാകുന്നു. രോഗം ബാധിച്ച കുട്ടികള്‍ രക്ഷപെടാനുളള സാധ്യത വളരെ കുറവാണന്നതാണ് രോഗത്തെ കുറിച്ച് ആശങ്കകള്‍ പെരുകാന്‍ കാരണം. കമ്പോഡിയായിലെ പ്രശസ്തമായ കാന്താ ബോപ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച അറുപത്തിനാല് കുട്ടികളില്‍ രണ്ട് പേര് മാത്രമാണ് രോഗത്തെ അതിജീവിച്ചതെന്ന് ശിശുരോഗ വിദഗ്ദ്ധനായ ബീറ്റ് റിച്ച്നര് പറഞ്ഞു.
റിച്ചനറാണ് ആദ്യമായി ഈ രോഗത്തെ കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നല്‍കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ 24 പേരില്‍ 15ലും എന്ട്രോ വൈറസ്71 ന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ വൈറസ് ബാധിച്ച കുട്ടികളില്‍ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ വരാന്‍ കാരണമെന്താണന്ന് അറിയില്ലെന്നും എന്തൊ വിഷ ഘടകം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നതായും റിച്ച്നര് പറഞ്ഞു. രോഗത്തെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി മാം ബുന്‍ഹെംഗ് ഉത്തരവിട്ടിട്ടുണ്ട്. കൈകളിലും കാലിലും വായിലുമാണ് വൈറസ് ബാധയുണ്ടാകുന്നത്. നേരിട്ടുളള സ്പര്‍ശനത്തിലൂടെയാണ് വൈറസ് പകരുന്നത്. അതിനാല്‍ തന്നെ ശുചിത്വം പാലിക്കുകയാണ് രോഗം പകരാതിരിക്കാനുളള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന അസ്ഗാരി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല