അഞ്ച് മാസം പ്രായമുളള കുഞ്ഞിനെ ഹാന്ഡ്ബാഗിലടച്ച് കടത്താന്‍ ശ്രമിച്ച മാതാപിതാക്കള്‍ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ പിടിയിലായി. കുഞ്ഞിന് പാസ്സ്പോര്‍ട്ടോ വിസയോ ഇല്ലാത്തതിനാലാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കുട്ടിയെ ബാഗിലാക്കി ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഈജിപ്തുകാരായ മാതാപിതാക്കളാണ് പിടിയിലായത്. എക്സ്റേ പരിശോധനയിലാണ് ബാഗിനുളളില്‍ കുട്ടിയുളള വിവരം സെക്യുരിറ്റി അധികൃതര്‍ കണ്ടെത്തുന്നത്. കുട്ടിയുടെ ജീവന് അപകടത്തിലാക്കിയതിനാണ് മാതാപിതാക്കള്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്.
കുട്ടിയുടെ വിസയും പാസ്സ്പോര്ട്ടുമടങ്ങിയ യാതൊരു ഔദ്യോഗിക രേഖകളും കാണിക്കാനാകാത്തതിനാല്‍ ഇരുവര്‍ക്കും രാജ്യത്തേക്കുളള പ്രവേശനം നിഷേധിച്ചു. എന്നാല്‍ അവധിദിനമായതിനാല്‍ ഓഫീസ് തുറക്കുന്നതുവരെ എയര്‍പോര്‍ട്ടില്‍ തന്നെ കാത്തിരിക്കാന്‍ ഇരുവരേയും പോലീസ് അനുവദിച്ചു. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഷിഫ്റ്റ് മാറുന്ന അവസരത്തില്‍ കുട്ടിയെ കൊണ്ട് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ ബാഗിന്റെ എക്സ്റേ പരിശോധനയില്‍ ഒരു കുട്ടിയുടെ രൂപം കണ്ടതോടെ ഇരുവരുടേയും പദ്ധതി പൊളിയുകയായിരുന്നു.
അതീവ ശക്തിയുളള റേഡിയേഷനാണ് ബാഗേജ് പരിശോധനക്കിടയില്‍ കടത്തിവിടുന്നത്. ശരീരത്തില്‍ കൂടി ഇത്ര ശക്തിയുളള റേഡിയേഷന് കടന്നുപോയത് കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായിട്ടുണ്ട്. ബാഗിനുളളില്‍ ജീവനുളള ഒരു കുട്ടിയെ കണ്ടെത്തിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിഭ്രാന്തരായതായി എയര്‍പോര്‍ട്ടിലെ പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. മാതാപിതാക്കള്‍ക്ക് രണ്ടുപേര്‍ക്കും യുഎഇ വിസയുളളവരാണ്. അതിനാല്‍ തന്നെ കുഞ്ഞിന്റെ ജീവന് ഭീഷണിയാകുന്ന വിധം അതിനെ കൈകാര്യം ചെയ്തതിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രസവത്തിനായി സ്വദേശത്ത് പോയി മടങ്ങിവന്നതാണ് ഇരുവരും. എന്നാല്‍ കുട്ടിക്ക് പാസ്സ്പോര്‍ട്ടില്ലാതെ എങ്ങനെയാണ് ഈജിപ്ത് എയര്‍പോര്‍ട്ടില്‍ നിന്ന് ഇവര്‍ കുട്ടിയുമായി പ്ലെയിന്‍ കയറിയതെന്ന് വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല