1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2012

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ഒരു ബൃഹദ്ചിത്രത്തിന് പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ജോണി സാഗരിക തുടക്കമിടുന്നു. ബൈബിളിനെ ആസ്പദമാക്കി 35 കോടി രൂപ ചെലവില്‍ ഇസ്രായേലില്‍ ചിത്രീകരിക്കുന്ന സിനിമയ്ക്ക് ‘മുപ്പത് വെള്ളിക്കാശ്’എന്ന് പേരിട്ടു. കുരിശന്‍ വര്‍ണശാലയാണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്.

അന്താരാഷ്ട്ര സഹകരണത്തോടെ ഒരുക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനായി 40 അംഗ സംഘം ജൂലായ് 15-ന് ഇസ്രായേലിലേക്ക് തിരിക്കും. യു.എ.ഇ.യില്‍ ജനിച്ചുവളര്‍ന്ന മലയാളി ബന്ധങ്ങളുള്ള ജറമി ജയ്‌റസ് എന്ന 23 കാരനാണ് യേശുക്രിസ്തുവായി അഭിനയിക്കുന്നത്. നടന്‍ രാഘവന്‍ ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നു. ലാലു അലക്‌സാണ് ഹേറോദേസ് അന്തിറ്റാസാകുന്നത്. പട്ടണം റഷീദാണ് വേഷസംവിധാനം. വസ്ത്രാലങ്കാരം പളനി. കലാസംവിധാനം ആര്‍.കെ.

ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം എന്ന വിശ്വവിഖ്യാതമായ പെയിന്റിങ് അതേ രൂപത്തില്‍ സിനിമയില്‍ പുനസൃഷ്ടിച്ചിരിക്കയാണ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എപ്പിക്‌സ് സ്റ്റുഡിയോസ് ആണ് മുപ്പത് വെള്ളിക്കാശിന്റെ ത്രീഡി വിഭാഗം കൈകാര്യം ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ഗ്രാഫിക്‌സ് ടീമായ എക്‌സല്‍ പ്രണ്ട്‌ലൈന്‍ ഗ്ലോബല്‍ ഐ.ടി. സര്‍വീസസ് ആണ് സിനിമയുടെ ഗ്രാഫിക്‌സ് കൈകാര്യം ചെയ്യുന്നത്.

കേരളത്തിലെ കത്തോലിക്കാസഭയുടെ പൂര്‍ണ സഹകരണംകൊണ്ട് മാത്രമാണ് ഇത്തരമൊരു ബൃഹദ്‌സംരംഭം സാധ്യമായതെന്നും കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യം ‘മുപ്പത് വെള്ളിക്കാശി’ന്റെ ശക്തിയാണെന്നും നിര്‍മാതാവ് ജോണി സാഗരിക പറഞ്ഞു.

ജറുസലേം, ബത്‌ലഹേം, ജോര്‍ദാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ട ചിത്രീകരണം. ഇത് 30 ദിവസം നീണ്ടുനില്‍ക്കും. യേശുവിന് സ്‌നാനം നല്‍കുന്ന രംഗങ്ങളടക്കം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവം നടന്ന യഥാര്‍ഥ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.