ശവസംസ്‌കാരച്ചടങ്ങിന് വൈകിയെത്തിയ സഹോദരി നിലവിളിച്ചു. ചിതയില്‍ കിടന്ന ‘പരേതന്‍’ വിറകുകൊള്ളി തട്ടിമാറ്റി എഴുന്നേറ്റു.
കരൂര്‍: കൃഷ്ണരായപുരത്തെ കട്ടലൈ ഗ്രാമത്തിലെ മുത്തുസ്വാമി യാണ് (50) ‘പുനര്‍ജനി’ച്ചത്. കഴിഞ്ഞദിവസമാണ് സംഭവം.
മാസങ്ങളായി മുത്തുസ്വാമിക്ക് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. കുറച്ചുദിവസംമുമ്പ് ഒരു സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ സരികയുടെ വിവാഹത്തിന് പിറ്റേന്നാണ് നെഞ്ചുവേദന മൂര്‍ച്ഛിച്ച് മുത്തുസ്വാമി മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞത്. നാട്ടാചാരപ്രകാരം മൃതദേഹം കല്യാണവീട്ടില്‍ കൊണ്ടുവരാതെ നേരെ ശ്മശാനത്തിലെത്തിക്കുകയായിരുന്നു.മക്കള്‍ അന്ത്യകര്‍മങ്ങളും നടത്തി ചിതയിലേക്കെടുത്തു. ഇതിനിടെ, മുത്തുസ്വാമിയുടെ സഹോദരി പാപ്പാത്തി സഹോദരനെ ഒരുനോക്ക് കാണാനെത്തി. സഹോദരന് അന്ത്യചുംബനം നല്‍കി വിലപിക്കുമ്പോഴാണ് വിറകുകള്‍ തട്ടിമാറ്റി മുത്തുസ്വാമിയുടെ കൈകാലുകള്‍ അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന്, മൂളലും ഞരങ്ങലും നടത്തി ഒടുവില്‍ കണ്ണ് തുറക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ പേരുവിളിച്ചപ്പോള്‍ വിളികേള്‍ക്കുകയും ചെയ്തു.
ഉടന്‍തന്നെ മുത്തുസ്വാമിയെ വീട്ടിലെത്തിച്ച് പുളിയൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൃദയമിടിപ്പ് മന്ദഗതിയിലായപ്പോള്‍ മുത്തുസ്വാമി അബോധാവസ്ഥയിലായതാണെന്നും നെഞ്ചില്‍ ശക്തിയായി അമര്‍ത്തിയപ്പോള്‍ ഹൃദയമിടിപ്പ് പൂര്‍വസ്ഥിതിയിലായതാണെന്നും ഡോക്ടര്‍ സാമന്ത്കുമാര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല