അമ്മ ശരിയായി വളര്‍ത്താത്തതാണ് ഷഫീല വഴിതെറ്റിപ്പോകാന്‍ കാരണമെന്ന് പിതാവ് ഇഫ്തിക്കര്‍ അഹമ്മദ്. ഫര്‍സാന ഒരിക്കലും ഒരു നല്ല അമ്മയായിരുന്നില്ലെന്നും ഇഫ്തിക്കര്‍ കോടതിയില്‍ കുറ്റപ്പെടുത്തി. ഷഫീലയെ ഇഫ്തിക്കറും ഫര്‍സാനയും ചേര്‍ന്ന് പ്ലാസ്റ്റിക് ക്യാരിബാഗുകൊണ്ട് ശ്വാസം മുട്ടിച്ചുകൊന്നുവെന്ന പ്രോസിക്യൂഷന് വാദം ഇഫ്തിക്കര്‍ വീണ്ടും നിഷേധിച്ചു. തുടര്‍ന്ന് ക്യൂന്‍ കോണ്‍സല്‍ മുക്താര്‍ ഹുസ്സെന് ഇഫ്തിക്കര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് ഫര്‍സാനക്കെതിരെ ആരോപണവുമായി ഇഫ്തിക്കര്‍ രംഗത്തെത്തിയത്.
ഷഫീലയെ മര്‍ദ്ദിക്കുമ്പോള്‍ താന്‍ തടസ്സം പിടിച്ചെന്ന ഫര്‍സാനയുടെ മൊഴി കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ അങ്ങനെയൊന്നും നടന്നിട്ടില്ലെന്നും ഫര്‍സാന ഒരിക്കലും ഒരു നല്ല അമ്മയായിരുന്നില്ലെന്നും കുട്ടികള്‍ക്ക് നല്ല ശീലങ്ങള്‍ പറഞ്ഞുകൊടുത്തിട്ടില്ലെന്നും ഇഫ്തിക്കര്‍ കുറ്റപ്പെടുത്തിയത്. മകളെ കാണാനില്ലെന്ന് അറിഞ്ഞപ്പോള്‍ എവിടെയെന്ന ചോദ്യത്തിന് എന്ത് മറുപടി പറഞ്ഞു എന്ന് കോടതി ഇഫ്തിക്കറിനോട് ചോദിച്ചു. എന്നാല്‍ അന്നേ ദിവസം താനെങ്ങോട്ടും പോയിട്ടില്ലെന്ന് ഇഫ്തിക്കര്‍ പറഞ്ഞു. ഈ വിവരം ഭാര്യക്ക് അറിയാമെന്നും കോടതി നടപടികള്‍ അവരുടെ മാനസികാവസ്ഥയെ ബാധിച്ചതിനാലാണ് പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കുന്നതെന്നും ഇഫ്തിക്കര്‍ കോടതിയില്‍ ബോധിപ്പിച്ചു.
ഫര്‍സാന കടുത്ത വിഷാദത്തിലാണന്നും ആരോപണങ്ങളുടെ സമ്മര്‍ദ്ദത്തിലാണ് അവര്‍ ഇത്തരം മൊഴികള്‍ കോടതിയില്‍ നല്‍കിയതെന്നും ഇഫ്തിക്കര്‍ പറഞ്ഞു. ഷഫീലയുടെ സഹോദരി അലീഷ കോടതിയില്‍ കളളമാണ് പറഞ്ഞതെന്നും മറ്റൊരു സഹോദരി മെവിഷിന്റെ ഡയറികുറിപ്പുകള്‍ വെറും കഥകളാണന്നും ഇഫ്തിക്കര്‍ കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ മേല്‍ ഏപ്പോഴും ആധിപത്യം പുലര്‍ത്തുന്ന ഒരു അക്രമാരിയായ മനുഷ്യനാണ് താനെന്ന ആരോപണവും ഇഫ്തിക്കര്‍ നിഷേധിച്ചു. രണ്ടായിരത്തി രണ്ടില്‍ അഞ്ച് കുട്ടികളുമായി ഭാര്യ കുടുംബവീട്ടിലേക്ക് പോയത് എന്തിനാണന്ന് താന്‍ ഓര്‍ക്കുന്നില്ലെന്നും ഇഫ്തിക്കര്‍ അറിയിച്ചു.
രണ്ടായിരത്തിമൂന്ന് ഫെബ്രുവരിയില്‍ പാകിസ്ഥാനിലുളള ഒരു ബന്ധുവുമായി ഷഫീലയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നുവെന്ന ആരോപണവും ഇഫ്തിക്കര്‍ നിഷേധിച്ചു. ഷഫീലയുടെ തിരോധാനം തങ്ങളുടെ കുടുംബത്തെ തകര്‍ത്തുകളഞ്ഞുവെന്ന് കഴിഞ്ഞദിവസം ഇഫ്തിക്കര്‍ കോടതിയില്‍ പറഞ്ഞിരുന്നു. നിങ്ങളുടെ കുടുംബം തകരാന്‍ കാരണം നിങ്ങള്‍ മകളെ കൊന്നതല്ലേയെന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് ഇരുവരും തങ്ങള്‍ മകളെ കൊന്നിട്ടില്ലെന്ന് മറുപടി പറഞ്ഞു.
2003 സെപ്റ്റംബറിലാണ് ഷഫീലയെ വീട്ടില്‍ നിന്ന് കാണാതാകുന്നത്. പാശ്ചാത്യ ജീവിതശൈലി നയിക്കുന്നുവെന്ന് ആരോപിച്ച് ഷഫീലയെ മാതാപിതാക്കള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സഹോദരി അലീഷ കോടതിയില്‍ നല്കിയ മൊഴിയാണ് കേസിന് ആധാരമായത്. 2004 ഫെബ്രുവരിയില്‍ കുമ്പ്രിയയിലെ കെന്റ് നദിയുടെ തീരത്ത് നിന്ന് ഷഫീലയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഷഫീലയെ വീട്ടില്‍ നിന്ന് കാണാതായതാണന്നും മുന്‍പ് രണ്ട് തവണ ഇത്തരത്തില്‍ വീട്ടില്‍ നിന്ന് കാണാതായിട്ടുണ്ടന്നുമാണ് മാതാപിതാക്കള്‍ പോലീസില്‍ നല്കിയ മൊഴി. എന്നാല്‍ മറ്റൊരു കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ സഹോദരി അലീഷയാണ് താന്‍ ഷഫിലയുടെ കൊലപാതകത്തിന് സാക്ഷിയാണന്ന് വെളിപ്പെടുത്തിയത്. വിചാരക്കിടെ ഇഫ്തിക്കറാണ് കൊലപാതകം നടത്തിയതെന്നും വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭാര്യ ഫര്‍സാന കോടതിയില്‍ മൊഴിമാറ്റി പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല