ലക്നൗ : പഞ്ചായത്തിന്റെ തീരുമാന പ്രകാരം ഗ്രാമത്തില്‍ പ്രണയ വിവാഹം നിരോധിച്ച നടപടി പോലീസ് അന്വേഷിക്കുന്നു. ഉത്തര്‍പ്രദേശിലെ അസാര എന്ന ഗ്രാമത്തിലാണ് ഇത്തരം ഡ്രാക്കോണിയന്‍ നിയമങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. പ്രണയ വിവാഹത്തിന് പൂര്‍ണ്ണമായ നിരോധനമാണ് ഗ്രാമത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മാതാപിതാക്കള്‍ നിശ്ചയിക്കുന്ന വിവാഹത്തിന് മക്കള്‍ സമ്മതിക്കണം. നാല്പത് വയസ്സില്‍ താഴെയുളള സ്ത്രീകള്‍ ഒറ്റക്ക് വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ പാടില്ല, സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, ആളുകള്‍ക്ക് മുന്നില്‍ തലമറച്ചേ സ്ത്രീകള്‍ പ്രത്യക്ഷപെടാന്‍ പാടുളളൂ തുടങ്ങിയ നിരവധി നിയമങ്ങളാണ് പഞ്ചായത്ത് ഗ്രാമത്തിലേ സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്ന് ഒരു പ്രാദേശിക വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രണയ വിവാഹം സമൂഹത്തിന് ആകമാനം നാണക്കേട് വരുത്തിവെക്കുന്നതാണന്ന് കൗണ്‍സില്‍ മെമ്പറായ സത്താര്‍ അഹമ്മദ് പരസ്യമായി പ്രഖ്യാപിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ഇതിനെതിരെ പോലീസ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ഒരു ജനാധിപത്യ സമൂഹത്തില്‍ ഇത്തരം കിരാത നിയമങ്ങള്‍ക്ക് സ്ഥാനമില്ലന്നും അത്തരം നിയമങ്ങള്‍ ഗ്രാമത്തില്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍ അത് ഉടനടി നിര്‍ത്തലാക്കാനും അഭ്യന്തരമന്ത്രി പി. ചിദംബരം ഉത്തരവിട്ടു. ഗ്രാമത്തിലെ കോടതികള്‍ വഴി നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ചിദംബരം വ്യക്തമാക്കി. എന്നാല്‍ പഞ്ചായത്തിലെ നേതാക്കള്‍ പുതിയ നിയമത്തെ ന്യായീകരിച്ചു. സമൂഹത്തിലെ മോശമായ കാര്യങ്ങളില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കാനാണ് ഇത്തരം നിയമനിര്‍മ്മാണം നടത്തിയതെന്ന് നേതാക്കള്‍ വാദിച്ചു.
പഞ്ചായത്തുകള്‍ക്ക് നിയമനിര്‍മ്മാണം നടത്താനുളള അധികാരമില്ലന്നും അതിനാല്‍ തന്നെ ഇത്തരം നിയമങ്ങള്‍ അനുസരിക്കേണ്ട കാര്യമില്ലെന്നും ദേശീയ വനിതാകമ്മീഷന് അധ്യക്ഷ മമത ശര്‍മ്മ അറിയിച്ചു. കൗണ്‍സിലിന്റെ നിയമങ്ങള്‍ ചിരിച്ച് തള്ളേണ്ടതാണന്നും അവര്‍ പറഞ്ഞു. ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുമ്പോഴും ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍ സ്ത്രീകളുടെ മൗലിക അവകാശങ്ങള്‍ പോലും ഹനിക്കുന്ന തരത്തിലുളള നിയമങ്ങളാണ് നിലനില്‍ക്കുന്നത്. അടുത്തകാലത്തായി ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ ദുരഭിമാന കൊല നടത്തുന്നത് വര്‍ദ്ധിച്ച് വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല