മുന്‍പ് പേ ഡേ ലോണ്‍ എടുത്തിട്ടുളളവരുടെ വായ്പാ അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്ന് പ്രമുഖ വായ്പാ ദാതാക്കളായ ജിഇ മണി. പേ ഡേ ലോണ്‍ എടുത്തിട്ടുളളവര്‍ തുടര്‍ച്ചയായി വായ്പാ തിരിച്ചടവില്‍ പരാജയപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ തയ്യാറായതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനുളളില്‍ പേ ഡേ ലോണ്‍ എടുത്തവര്‍ക്കോ കഴിഞ്ഞവര്‍ഷം രണ്ട് തവണയില്‍ കൂടുതല്‍ പേ ഡേ ലോണ്‍ എടുത്തിട്ടുളളവര്ക്കോ മോര്‍ട്ട്ഗേജ് നല്‍കേണ്ടന്നാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ പേ ഡേ ലോണ്‍ എടുത്തിട്ടുളളവരുടെ ലിസ്റ്റ് ക്രഡിറ്റ് റേറ്റിങ്ങ് ഏജന്‍സിയായ എക്സ്പീരിയന് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ പേ ഡേ ലോണുകളെ ഹ്രസ്വകാല ലോണുകളുടെ ഗണത്തില്‍ പെടുത്താതെ പ്രത്യേക വിഭാഗമായി മാറ്റുമെന്ന് എക്സ്പീരിയന് അധികൃതര്‍ പറഞ്ഞു.
പണം വായ്പയായി നല്‍കുന്നതിന് മുന്‍പ് വായ്പ വാങ്ങുന്നയാളിനെ സംബന്ധിച്ചുളള നിരവധി രേഖകള്‍ പരിശോധിക്കേണ്ടതുണ്ടന്ന് ജിഇ മണിയുടെ വക്താവ് അറിയിച്ചു. ഇനി മുതല്‍ ആ രേഖകളുടെ കൂട്ടത്തില്‍ പേ ഡേ ലോണിന്റെ ലിസ്്റ്റുമുണ്ടാകും. അടുത്ത കാലത്ത് പേ ഡേ ലോണ്‍ എടുത്തിട്ടുളള വ്യക്തിയാണങ്കില്‍ അയാള്‍ക്ക് വായ്പ അനുവദിക്കേണ്ടന്നതാണ് കമ്പനിയുടെ തീരുമാനം. മറ്റ് ലോണ്‍ ദാതാക്കളും പുതിയ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. പേ ഡേ ലോണിന്റെ ദോഷവശങ്ങളെ കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കേണ്ടത് ആവശ്യമാണന്നാണ് ലോണ്‍ കമ്പനിയായ അമിഗോയുടെ പക്ഷം.
പേഡേ ലോണിനേക്കാള്‍ വിലകുറഞ്ഞതും സുരക്ഷിതവുമായ മറ്റ് ലോണ്‍ പദ്ധതികളുണ്ടെന്ന് ആളുകളെ ബോധവല്‍ക്കരിക്കണം. പുതിയ തീരുമാനം ഒരു ശുഭസൂചനയാണന്നും പേ ഡേ ലോണിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് മനസ്സിലാകാന്‍ ഈ തിരുമാനം സഹായിക്കുമെന്നും അമിഗോ ലോണിന്റെ സ്ഥാപകന്‍ ജെയിംസ് ബെനാമോര് പറഞ്ഞു. കഴിഞ്ഞമാസം പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് സ്കോട്ട്ലാന്‍ഡില്‍ പേഡേ ലോണെടുക്കുന്നവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയിലധികം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പതിനെട്ട് വയസ്സിനും മുപ്പത്തിനാല് വയസ്സിനും ഇടയിലുളളവരാണ് പേ ഡേ ലോണ്‍ എടുക്കുന്നവരില്‍ അധികവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല