1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2012

യുക്‌മ ദേശീയ തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച വിവരങ്ങള്‍ ജനറല്‍ സെക്രട്ടറി ഒരു മാസം മുന്‍പെങ്കിലും പ്രഖ്യാപിച്ചത് സ്വാഗതം ചെയ്യുന്നു. യു.കെയിലെ വിവിധ ഭാഗങ്ങളിലുള്ള അംഗ അസോസിയേഷനുകളിലെ പ്രതിനിധികള്‍ക്ക് അതനുസരിച്ച് തങ്ങളുടെ ഡ്യൂട്ടി അഡ്‌ജസ്റ്റ് ചെയ്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വേദിയും തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തിപ്പും സംബന്ധിച്ചുള്ള വിയോജനം രേഖപ്പെടുത്തുന്നതിനാണ് ഈ കത്തെഴുതുന്നത്.

യു.കെയിലെ എല്ലാ മലയാളികളും തന്നെ തങ്ങളുടെ ജോലിയും പങ്കാളിയുടെ ജോലിയും അഡ്‌ജസ്റ്റ് ചെയ്താണ് പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുന്നത്. അസോസിയേഷന്‍ നേതാക്കളാരും തന്നെ ഇതില്‍ നിന്നും വ്യത്യസ്തരല്ല. അതുകൊണ്ട് തന്നെ യുക്‌മ പോലൊരു ദേശീയ സംഘടനയിലെ ചില നേതാക്കള്‍ക്ക് മാത്രം സൗകര്യം ഉണ്ടാകുമ്പോള്‍ യോഗവും മറ്റും തോന്നിയ പടി നടത്തുന്ന ഈ രീതി തികച്ചും പ്രതിഷേധാര്‍ഹമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കൂടിയ ഒരു എക്‌സിക്യൂട്ടീവ് യോഗം പോലും ഒരു മാസത്തെ നോട്ടീസ് നല്‍കി വിളിച്ചു കൂട്ടാത്ത ജനറല്‍ സെക്രട്ടറിയും തന്റെ സൗകര്യം അനുസരിച്ച് മറ്റുള്ളവരെ പാടെ അവഗണിച്ച് കമ്മറ്റി വിളിക്കാന്‍ നിര്‍ദേശം നല്‍കുന്നതുമായ ഒരു പ്രസിഡന്റുമാണ് ഈ സംഘടനയ്ക്കുള്ളത്. ദേശീയ കമ്മറ്റിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന ഈ അവസരത്തിലും തെരഞ്ഞെടുപ്പ് നടക്കുന്നത് സംബന്ധിച്ച് പി.ആര്‍.ഒ നല്‍കിയിരിക്കുന്ന വാര്‍ത്തയിലും പ്രസിഡന്റ് വര്‍ഗീസ് ജോണിന്റെയും ജനറല്‍ സെക്രട്ടറി അബ്രാഹം ലൂക്കോസിന്റെയും തന്നിഷ്ടമാണ് തെളിഞ്ഞ് കാണുന്നത്.

യുക്‌മ വാര്‍ഷിക പൊതുയോഗം നടക്കുന്നത്‌ ജനറല്‍ സെക്രട്ടറി താമസിച്ചു വരുന്ന കേംബ്രിഡ്‌ജില്‍. യു.കെയിലെ എല്ലാ ഭാഗങ്ങളിലുമുള്ള അസോസിയേഷനുകളിലും ഉള്ളവര്‍ക്ക് എത്തിച്ചേരുന്നതിന് സൗകര്യപ്രദമായ മിഡ്‌ലാന്റ്സില്‍ എവിടെയെങ്കിലും വച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം മൈലുകള്‍ക്കുമപ്പുറത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് പ്രതിനിധികള്‍ എത്തിച്ചേരുന്നതിനെ തടയുന്നതിനു വേണ്ടിയാണോ എന്നു പോലും സംശയിക്കുന്നു. ഉച്ച കഴിഞ്ഞ് രണ്ട്‌ മണി മുതല്‍ മാത്രമാണ് ഹാള്‍ ബുക്ക് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനല്ലാതെ സംഘടനയിലെ അംഗ അസോസിയേഷനുകളില്‍ നിന്നും വരുന്നവര്‍ക്ക് പരസ്പരം പരിചയപ്പെടുന്നതിന് പോലും സമയം ഉണ്ടാവില്ലെന്ന് ചുരുക്കം.
യുക്‌മ വാര്‍ഷിക പൊതുയോഗവും ദേശീയ സമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പും അര ദിവസത്തെ പരിപാടിയായി യു.കെയുടെ ഏതെങ്കിലും ഒരു പ്രദേശത്ത് കൊണ്ടുപോയി നടത്തേണ്ട ഒന്നല്ല.

അംഗ അസോസിയേഷനില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് എത്തിച്ചേരുന്നതിനുള്ള സൗകര്യം മുന്‍നിര്‍ത്തി വാര്‍ഷിക പൊതുയോഗം നടത്തേണ്ടത് മിഡ്‌ലാന്റ്‌സിലാണ്. പ്രതിനിധികള്‍ക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിന് അവസരം നല്‍കുന്ന ചര്‍ച്ചകള്‍ക്ക് മതിയായ സമയം അനുവദിക്കണം. അതിനായി രാവിലെ പത്ത് മുതല്‍ യോഗം ആരംഭിക്കണം. നൂറ് കണക്കിന് മൈല്‍ യാത്ര ചെയ്തും മറ്റുമെത്തുന്ന പ്രതിനിധികള്‍ക്ക് ഉച്ചഭക്ഷണവും മറ്റും നല്‍കുന്നതിനുള്ള മാന്യതയും ദേശീയ കമ്മറ്റി കാണിക്കണം. അല്ലാതെ തന്നിഷ്ട പ്രകാരം ഇപ്പോള്‍ പ്രഖ്യാപിച്ച രീതിയില്‍ വാര്‍ഷിക പൊതുയോഗം നടത്തരുത്. ദേശീയ തെരഞ്ഞെടുപ്പ് യുക്‌മ കലണ്ടര്‍ പ്രകാരം ജൂലൈ എട്ടിന് നടക്കാതെ പോയത് പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിയുടേയും ഗൂഢനീക്കങ്ങള്‍ മൂലമാണ്.

തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തണമെന്നും കമ്മറ്റിയുടെ കാലാവധി നീട്ടരുതെന്നും ആവശ്യപ്പെട്ട് മൂന്നില്‍ രണ്ട് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ ഒപ്പിട്ട് കത്ത് നല്‍കിയതോടെയാണ് അതിനു തീരുമാനമുണ്ടായത്. തുടര്‍ന്ന് ഇത് ചര്‍ച്ച ചെയ്യുന്നതിനായി കമ്മറ്റി യോഗം കാര്‍ഡിഫില്‍ ചേരുമെന്ന് ഒരാഴ്‌ച്ചത്തെ നോട്ടീസ് നല്‍കി വിളിച്ചതും പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിയുടേയും മാത്രം സൗകര്യം അനുസരിച്ചാണ്. മറ്റാരും പങ്കെടുക്കരുതെന്ന് കരുതി ചേര്‍ന്ന ആ യോഗത്തിലും വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ എത്തിയതുകൊണ്ടല്ലേ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് തന്നെ. അന്ന് വാര്‍ഷിക പൊതുയോഗം മിഡ്‌ലാന്റ്‌സില്‍ നടത്തുമെന്നും രാവിലെ പത്തിന് ആരംഭിക്കുമെന്നുംഎടുത്ത തീരുമാനം ഇപ്പോള്‍ അട്ടിമറിയ്ക്കപ്പെട്ടിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് ചുമതല നല്‍കിയ അഡ്വ. ഫ്രാന്‍സിസ്‌ കവളക്കാട്ടും ദേശീയ വൈസ് പ്രസിഡന്റ് വിജി കെ പി.യും നാട്ടില്‍ വെക്കേഷന് പോകും വരെ ഈ പ്രഖ്യാപനം മാറ്റി വച്ചതും ഇതിനു വേണ്ടിയായിരുന്നോ. പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിയുടേയും തന്നിഷ്ടപ്രകാരം നടത്തുന്നതിനുള്ള ഒരു പരിപാടിയായി വാര്‍ഷിക പൊതുയോഗത്തെ കാണരുത്. രാവിലെ മുതല്‍ യോഗം നടക്കുന്നതിനുള്ള നടപടി ഉണ്ടാകണം. പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണം. ഇതിനായി മിഡ്‌ലാന്റ്‌സ് റീജിയണ്‍ തയ്യാറായിരുന്നിട്ടും അവിടെ നടത്താതെ കേംബ്രിഡ്‌ജില്‍ അരദിവസത്തെ പരിപാടിയായി നടത്തുമെന്ന് കാണിക്കുന്ന ധിക്കാരം യുക്‌മയിലെ മുഴുവന്‍ അംഗ അസോസിയേഷനുകളോടുമുള്ള വെല്ലുവിളിയാണ്. ഇത്തരം ധിക്കാരപരമായ സമീപനം തിരുത്തി എല്ലാവര്‍ക്കും എത്തിച്ചേരുന്നതിന് സൗകര്യപ്രദമായ സ്ഥലത്തേയ്ക്ക് തെരഞ്ഞെടുപ്പ് മാറ്റണമെന്നും രാവിലെ മുതല്‍ യോഗം നടത്തണമെന്നും ആവശ്യപ്പെടുന്നു.

അലക്സ് വര്‍ഗ്ഗീസ്, ദേശീയ ജോ. സെക്രട്ടറി, യുക്‌മ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.