സ്ത്രീകള്‍ക്ക് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ ഐക്യൂ ഉണ്ടെന്ന് കണ്ടെത്തല്‍. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ഐക്യു സ്ത്രീകള്‍ക്കുണ്ടെന്ന് കണ്ടെത്തുന്നത്. മള്‍ട്ടിടാസ്‌കിംഗാണ് ഇവരുടെ ഐക്യൂ ലെവല്‍ ഉയരാന്‍ കാരണമെന്നാണ് കരുതുന്നത്. ഐക്യു ടെസ്റ്റുകള്‍ നടത്തുന്നതില്‍ വിദഗ്ദ്ധനായ പ്രൊഫസര്‍ ജെയിംസ് ഫഌന്‍ ആണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ഐക്യൂ ലെവലില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സ്ത്രീകളുടെ ഐക്യു ലെവല്‍ പുരുഷന്‍മാരേക്കാള്‍ വേഗത്തില്‍ ഉയരുന്നതായാണ് പഠനത്തില്‍ മനസ്സിലാകുന്നത്. പുതിയ കാലഘട്ടത്തിന്റെ സങ്കിര്‍ണ്ണതയാണ് ഇതിന് കാരണമായി ജെയിംസ് ഫഌന്‍ ചൂണ്ടിക്കാട്ടുന്നത്.
ഇത്തരം സങ്കീര്‍ണ്ണതകളെ നേരിടാന്‍ മനുഷ്യന്റെ തലച്ചോറ് സജ്ജമാകുന്നതോടെ ഐക്യൂ ലെവല്‍ ഉയരുന്നു. പുതിയ കാലഘട്ടത്തിലെ സ്ത്രീകള്‍ കൂടുതലായി മള്‍ട്ടിടാസ്‌കിങ്ങില്‍ ഏര്‍പ്പെടുന്നു. കരിയറും കുടുംബവും ഒന്നിച്ചുകൊണ്ടുപോകാനുളള സ്ത്രീയുടെ ശ്രമങ്ങള്‍ അവരെ കൂടുതല്‍ ബുദ്ധിമതികളാക്കുന്നു. ജീവിതസാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നതിനാലാണ് ഇത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഒരേ സമയം ചെയ്യാന്‍ സ്ത്രീകള്‍ തയ്യാറാകുന്നത്. ഇത് അവരുടെ ഐക്യൂ ലെവല്‍ ഉയര്‍ത്താന്‍ കാരണമാകുന്നു.
വെസ്റ്റേണ്‍ യൂറോപ്പ്, അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്, അര്‍ജന്റീന, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങളില്‍ വിവിധ കാലങ്ങളില്‍ നടന്ന ഐക്യു ടെസ്റ്റുകളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് പ്രൊഫസര്‍ ഫഌന്‍ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. ആസ്ട്രലിയിയില്‍ പുരുഷന്‍മാരും സ്ത്രീകളും തമ്മിലുളള ഐക്യു ലെവല്‍ വ്യത്യാസം തികച്ചും നേര്‍ത്തതാണ്. എന്നാല്‍ ന്യൂസിലാന്‍ഡ്, എസ്റ്റോണിയ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ ഒരുപാട് മുന്നിലാണ്.
ലോകം സങ്കീര്‍ണ്ണമാകുന്നതിന് അനുസരിച്ച് ജീവിത സാഹചര്യങ്ങളും കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. മനുഷ്യനും ഇതിനനുസരിച്ച് മാറുന്നതാണ് ഐക്യു ലെവല്‍ വര്‍ദ്ധിക്കാന്‍ കാരണം. സാഹചര്യങ്ങളോട് ഇണങ്ങി താമസിക്കാനുളള കഴിവ് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ് ഉളളത്. ഈ മാറ്റം കുട്ടികളുടെ പരീക്ഷാഫലങ്ങളിലും കാണാനാകുമെന്ന് പ്രൊഫസര്‍ ഫഌന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ജിസിഎസ്ഇ പരീക്ഷാഫലത്തില്‍ 26.5 ശതമാനം പെണ്‍കുട്ടികള്‍ എപ്ലസ് ഗ്രേഡോ എഗ്രഡോ നേടിയപ്പോള്‍ സമാനമായ ഗ്രേഡ് നേടിയ ആണ്‍കുട്ടികളുടെ എണ്ണം 19.8 ശതമാനം മാത്രമാണ്. 1980ല്‍ നിലവില്‍ വന്ന ഫഌന്‍ എഫക്ട് സിദ്ധാന്തമനുസരിച്ച് ഓരോ വര്‍ഷവും ലോകത്താകമാനമുളള ഐക്യു ലെവല്‍ ഉയരുന്നുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ പാശ്ചാത്യരുടെ ഐക്യു ലെവലില്‍ മാത്രം മുപ്പത് പോയിന്റിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല