വഴിയരികില്‍ മുത്തശ്ശിയെ കണ്ട് സ്കൂള്‍ വാനില്‍ നിന്നു തലപുറത്തേക്കിട്ട അഞ്ചാം ക്ലാസുകാരി വൈദ്യുതി പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. തൃപ്പൂണിത്തുറ വടക്കേ ഇരുമ്പനം മലയില്‍ വീട്ടില്‍ മനോജ് – ശ്രീജ ദമ്പതികളുടെ ഏകമകള്‍ കൃഷ്ണേന്ദു (10) ആണ് ദാരുണമായി മരിച്ചത്. കുട്ടിയുടെ വീട്ടില്‍ നിന്ന് മുപ്പത് മീറ്റര്‍ അകലെ ഇന്നലെ രാവിലെ എട്ടുമണിയോടയാണ് അപകടം. തിരുവാങ്കുളം ജോര്‍ജിയന്‍ അക്കാദമിക് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു.
ക്ഷേത്രത്തിനു സമീപത്തെ ഇടുങ്ങിയ പാതയിലൂടെ സ്കൂളിലേക്ക് പോകുന്നതിനിടയില്‍ എതിരേ വന്ന കാറിന് സൈഡ് കൊടുക്കാന്‍ വാന്‍ പിന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണം. ഉടന്‍തന്നെ കുട്ടിയെ കാക്കനാട് സണ്‍റൈസ് ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്ക് പിന്നിലാണ് ഇടിയേറ്റത്. വാനില്‍ ആയയോ സഹായിയോ ഉണ്ടായിരുന്നില്ല.
നഗരസഭ കൗണ്‍സിലര്‍ കൂടിയായ അമ്മ ശ്രീജയാണ് കുട്ടിയെ വാഹനത്തില്‍ കൊണ്ടുചെന്നാക്കിയത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ചു. പിന്നീട്, ഇരുമ്പനം പൊതു ശ്മശാനത്തില്‍ സംസ്കാരം നടത്തി. ഇരുമ്പനം സ്വദേശി ഡ്രൈവര്‍ പ്രദീപിന്‍റെ (45) പേരില്‍ തൃപ്പൂണിത്തുറ ട്രാഫിക് പൊലീസ് കേസെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല