ലണ്ടന്‍ : സാക്ക് ഗില്‍സ്‌നാന്‍ എന്ന ഒന്‍പത് വയസ്സുകാരന്റെ ചടുലത കണ്ട് ഫുട്‌ബോളിലെ തമ്പുരാക്കന്‍മാര്‍ അമ്പരന്നു നിന്നു. കാല്‍പന്ത് കളിയുടെ എല്ലാ സൗന്ദര്യവും സ്വന്തം കാലുകളിലേക്ക് ആവാഹിച്ച അവന്‍ എതിരാളിയുടെ വലയിലേക്ക് അടിച്ചുകൂട്ടിയത് ഏഴ് ഗോളുകള്‍. സാക്ക് ഗില്‍സ്‌നാന്‍ എന്ന ഐറിഷുകാരന്‍ ഫുട്‌ബോളിലെ ഭാവി വാഗ്ദാനമാണന്ന് മികച്ച കളിക്കാര്‍ ഇപ്പോഴേ ഉറപ്പ് നല്‍കുന്നു. ഐറിഷ് മെസ്സി എന്നാണ് മത്സരശേഷം ഗില്‍സ്‌നാനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഐറിഷ് വംശജരായ ഗില്‍സ്‌നാന്റെ കുടുംബം ആസ്‌ട്രേലിയയിലേക്ക് കുടിയേറി പാര്‍ത്തവരാണ്.
എഫ്‌സിബി എസ്‌കോല ഫുട്‌ബോള്‍ അക്കാഡമിയിലേക്ക് പ്രവേശനം നേടാനായി നടത്തിയ ട്രയല്‍ മത്സരത്തിലാണ് ഗില്‍സ്‌നാന്‍ ഏഴ് ഗോളുകളുമായി തന്റെ പ്രവേശനം അരക്കിട്ട് ഉറപ്പിച്ചത്. ലോകത്താകമാനം ഉളള മികച്ച 400 ഫുട്‌ബോള്‍ പ്രതിഭകളായ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് അക്കാഡമിയിലേക്കുളള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നത്. യുറോപ്യന്‍ ഫുട്‌ബോളിലെ അതികായരായ ബാര്‍സലോണയാണ് ലോകത്തെ തന്നെ ഏറ്റവും മികച്ച ഈ അക്കാദമിയുടെ നടത്തിപ്പുകാര്‍. സാവി, അന്‍ഡേഴ്‌സ് ഇനിയെസ്്റ്റ, ലയോണല്‍ മെസ്സി തുടങ്ങിയ ഫുട്‌ബോള്‍ പ്രതിഭകളെ ലോകത്തിന് സമ്മാനിച്ചതും എസ്‌കോല ഫുട്‌ബോള്‍ അക്കാഡമിയാണ്. സാക്കിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനായി സാക്കിന്റെ കുടുംബം സ്‌പെയിനിലേക്ക് കുടിയേറാന്‍ തയ്യാറെടുക്കുകയാണ്.
ആസ്ട്രലിയന്‍ ക്ലബ്ബായ സ്പര്‍സ് സാക്കിനെ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നെന്ന് സാക്കിന്റെ പിതാവ് സ്റ്റീഫന്‍ വ്യക്തമാക്കി. ഇവിടെ നടന്ന ഒരു ക്യാമ്പില്‍ വച്ചാണ് സ്പര്‍സ് അധികൃതര്‍ സാക്കിനെ സമീപിച്ചത്. സ്പര്‍സില്‍ ചേരാന്‍ തീരുമാനച്ച അതേ സമയത്ത് തന്നെ ബാര്‍സിലോണയില്‍ നിന്നും വിളി വന്നു. ബാര്‍സയുടെ ഒരു മുന്‍കളിക്കാരന്‍ സാക്കിന്റെ കളി കണ്ടതോടെയാണ് സാക്കിനെ ബാര്‍സിലേണയിലേക്ക് നിര്‍ദ്ദേശിക്കുന്നത് – സ്റ്റീഫന്‍ വ്യക്തമാക്കി.
ലോകത്താകമാനമുളള 400 കുട്ടി ഫുട്‌ബോള്‍ പ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് കഴിഞ്ഞമേയില്‍ ബാര്‍സലോണ ക്യാമ്പ് നടത്തിയത്. അതില്‍ നിന്ന് തിരഞ്ഞെടുത്ത 90 പേര്‍ക്കായി വീണ്ടും ജൂണില്‍ ക്യാമ്പ് നടത്തി. അവിടെ വച്ചാണ് മികച്ച പതിനാറ് കളിക്കാരുമായി നടന്ന മത്സരത്തില്‍ സാക്ക് ഏഴ് ഗോളുകള്‍ നേടിയത്. രണ്ടാഴ്ച മുന്‍പാണ് സാക്കിനെ തിരഞ്ഞെടുത്തായി ബാര്‍സലോണയില്‍ നിന്ന് അറിയിപ്പ് കിട്ടിയത്. ആളുകളുടെ അഭിപ്രായം ഞങ്ങള്‍ക്ക് ഭ്രാന്താണന്നാണ്. എന്നാല്‍ അയര്‍ലണ്ടിന് വേണ്ടി കളിക്കുക എന്ന സാക്കിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ബാര്‍സലോണയിലെ പരിശീലനം സഹായിക്കുമെന്നാണ് കരുതുന്നതെന്ന് സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല