ഒളിമ്പിക്‌സ് തുടങ്ങുന്നതിന് തലേ ദിവസം രാജ്യത്തെ ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. പബ്ലിക് ആന്‍ഡ് കൊമേഴ്‌സ്യല്‍ സര്‍വ്വീസ് യൂണിയനിലെ അംഗങ്ങളാണ് ജൂലൈ 26ന് വാക്കൗട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറുമുഖങ്ങളേയും സമരം ബാധിക്കും. ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറുമുഖങ്ങളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഒളിമ്പിക്‌സിന്റെ ഔദ്യോഗിക വിമാനത്താവളമായ ഹീത്രൂ എയര്‍പോര്‍ട്ടിനെ സമരം കാര്യമായി ബാധിക്കും. പ്രത്യേകിച്ച് ഒളിമ്പിക്‌സ് കാണാനായി ധാരാളം ആളുകളാണ് ഹീത്രൂ എയര്‍പോര്‍ട്ട് വഴി ലണ്ടനിലേക്ക് എത്തുന്നത്. സമരം ഇവരെയെല്ലാം ബാധിക്കുമെന്നാണ് കരുതുന്നത്.
ഒളിമ്പിക്‌സ് തുടങ്ങുന്നതിന് തൊട്ടുമുന്നിലെ ദിവസം സമരം നടത്താനുളള പബ്ലിക്ക് ആന്‍ഡ് കൊമേഴ്‌സ്യല്‍ സര്‍വ്വീസ് യൂണിയന്റെ നടപടി ഒരുതരത്തിലും നീതികരിക്കാനാകുന്നതല്ലന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. പിസിഎസിന്റെ നടപടി നാണംകെട്ടതാണന്ന് ഹോം സെക്രട്ടറി തെരേസാ മേയ് പറഞ്ഞു. ഒളിമ്പിക്‌സ് കാണാനെത്തുന്നവരെ സമരം ബാധിക്കാതിരിക്കാന്‍ മറ്റ് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് തെരേസാ മേയ് അറിയിച്ചു.
തൊഴില്‍ അവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും ഒപ്പം ചെലവുചുരുക്കുന്നതും രാജ്യത്തെ പൊതുമേഖലയില്‍ ജോലി ചെയ്യുന്നവരുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ട്. ഇതിന് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാതെ യാതൊരു ചര്‍ച്ചക്കും തയ്യാറല്ലന്നും പിസിഎസ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള എല്ലാ വിഭാഗങ്ങളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് യൂണിയന്‍ അറിയിച്ചു. യുകെ ബോര്‍ഡര്‍ ഏജന്‍സി, ഐഡന്റിറ്റി ആന്‍ഡ് പാസ്സ്‌പോര്‍്ട്ട് സര്‍വ്വീസ്, ക്രിമിനല്‍ റെക്കോര്‍ഡ് ബ്യൂറോ എന്നി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ സമരത്തില്‍ സജീവമായി പങ്കെടുക്കുന്നത് ഒളിമ്പിക്സിനെ ബാധിക്കുമെന്നാണ് കരുതുന്നത്.
ചെലവുചുരുക്കല്‍ കാരണം ഉദ്യോഗസ്ഥരുടെ ജീവിതം അസഹനീയമായി തീര്‍ന്നിരിക്കുകയാണ്. അതിനൊപ്പം തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് മൂലം കൂടുതല്‍ ജോലിഭാരവും ഉദ്യോഗസ്ഥരുടെ തലയില്‍ വന്നു ചേര്‍ന്നു. ഒളിമ്പിക്‌സിനോട് അനുബന്ധിച്ച ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജോലി ചെയ്യുന്നുണ്ട്. ഈപ്രശ്‌നങ്ങളൊക്കെ ഗവണ്‍മെന്റിന് വളരെ നേരത്തെ അറിയാവുന്നതാണ്. എന്നിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് പിസിഎസിന്റെ ജനറല്‍ സെക്രട്ടറി മാര്‍ക്ക് സെര്‍വോട്ക അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല