ജഗതി ശ്രീകുമാര്‍ എന്ന അതുല്യനായ നടന് മികച്ച കൊമേഡിയന്‍ പുരസ്കാരം നല്‍കിയതില്‍ അനൗചിത്യമുണ്ടെന്ന് പ്രശസ്ത സംവിധായകന് സിബി മലയില്‍. 2011ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ ജഗതി ശ്രീകുമാറിന് മികച്ച കൊമേഡിയന്‍ അവാര്‍ഡ് നല്‍കിയതിനോടു പ്രതികരിക്കുകയായിരുന്നു സിബി മലയില്‍.
‘തന്നെയുമല്ല, ജഗതി ശ്രീകുമാര്‍ എന്ന നടനെ ഒരു ഹാസ്യനടന് എന്ന ലേബലില്‍ മാത്രം ഒതുക്കേണ്ടതല്ല. വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ച്, മൂന്നു പതിറ്റാണ്ടായി മലയാള സിനിമയില്‍ നില്ക്കുന്ന ഏറ്റവും പ്രഗത്ഭനായ നടനാണ് ജഗതി ശ്രീകുമാര്‍. ആ രീതിയില്‍ ഇതിനേക്കാള്‍ വലിയ രീതിയില്‍ അദ്ദേഹത്തിന് അംഗീകാരങ്ങള്‍ നല്‍കേണ്ടതായിരുന്നു. അവാര്‍ഡ് ജൂറിയുടെ മുന്നില്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യനിലയുടെ പ്രത്യേക പരിഗണന ഉണ്ടാവണമെന്ന് വാശി പിടിക്കുന്നതില്‍ അര്‍ത്ഥമില്ല’
.’അവാര്‍ഡ് നിര്‍ണയത്തില്‍ ഒരു നടനെ കൊമേഡിയനെന്നും സീരിയസ് നടനെന്നും വേര്‍തിരിക്കുന്നതില്‍ ഔചിത്യമില്ലായ്മ ഉണ്ട്. മികച്ച നടന്, മികച്ച രണ്ടാമത്തെ നടന് എന്നിങ്ങനെ അവാര്‍ഡുകള്‍ നല്‍കാം. പക്ഷേ, കോമഡി ചെയ്യുന്ന ഒരാള്‍ക്ക് അവാര്‍ഡ്, സീരിയസ് വേഷം ചെയ്യുന്ന ആള്‍ക്ക് മറ്റൊരവാര്‍ഡ് എന്ന രീതിയിലുള്ള തരംതിരിവ് ശരിയല്ല.’
‘ഒരഭിനേതാവിനെ വിലയിരുത്തേണ്ടത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവണം. ഏതു ഭാവമാണു പ്രകടിപ്പിച്ചതെന്നുള്ള അടിസ്ഥാനത്തിലല്ല, അദ്ദേഹം എങ്ങനെ ഭാവം അവതരിപ്പിച്ചു എന്ന രീതിയിലാണു വിലയിരുത്തേണ്ടത്. ജഗതി ശ്രീകുമാര്‍ എന്ന നടനെ ഇത്തരത്തില്‍ കൊമേഡിയന്‍ നടന് എന്ന നിലയിലേക്കു മാത്രം താഴ്ത്തിക്കെട്ടരുത്.’ സിബി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല