ലണ്ടന്‍ : കമ്പ്യൂട്ടര്‍ രംഗത്തെ അതികായന്‍മാരായ മൈക്രോസോഫ്റ്റ് ചരിത്രത്തിലാദ്യമായി നഷ്ടം രേഖപ്പെടുത്തി. ഈ വര്‍ഷത്തെ ആദ്യപാദത്തിലാണ് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ചില ഓണ്‍ലൈന്‍ അഡൈ്വര്‍ട്ടൈസിംഗ് ബിസിനസുകള്‍ കാര്യമായ വരുമാനം ഉണ്ടാക്കാത്തതിനെ തുടര്‍ന്ന് എഴുതിതളളിയതാണ് കമ്പനി നഷ്ടം രേഖപ്പെടുത്താന്‍ കാരണം.
ഓണ്‍ലെന്‍ അഡൈ്വര്‍ട്ടൈസിംഗ് കമ്പനിയായ അക്വാണ്ടിവിനെ ഏറ്റെടുത്ത വകയിലുളള 6.2 ബില്യണ്‍ ഡോളറിന്റെ കണക്കുകളാണ് കമ്പനി എഴുതിതളളിയത്. ഇത് മൂലം ജൂണില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ ഏതാണ്ട് 492 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5.9 ബില്യണ്‍ ഡോളറിന്റെ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണ് കമ്പനി ഇപ്പോള്‍ നഷ്ടത്തിലായത്.
1986ല്‍ ഓഹരിവിപണിയില്‍ പ്രവേശിച്ച ശേഷം ആദ്യമായാണ് മൈക്രോസോഫ്റ്റ് നഷ്ടത്തിന്റെ കണക്കുകള്‍ പറയുന്നത്. 2007ലാണ് അക്വാണ്ടീവിനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നത്. ഗൂഗിളുമായി മത്സരിക്കുന്നതിന്റെ ഭാഗമായിരുന്നു ഏറ്റെടുക്കല്‍. മൈക്രോസോഫ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു ഇത്. എന്നാല്‍ ഇത് മൂലം കാര്യമായ ലാഭമൊന്നും കമ്പനിക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് ഏറ്റെടുക്കലിന് ചെലവാക്കിയ ആറ് ബില്യണ്‍ ഡോളര്‍ എഴുതിതളളാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചത്.
എന്നാല്‍ മറ്റ് മേഖലകളിലൊക്കെ കമ്പനി മികച്ച പ്രകടനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന വിന്‍ഡോസിന്റെ പ്രചാരത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും അതും ലാഭത്തില്‍ തന്നെയാണ് പോകുന്നത്. ജൂണില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ വരുമാനത്തില്‍ നാല് ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ അടുത്തു തന്നെ പുറത്തിറക്കാന്‍ പോകുന്ന വിന്‍ഡോഡ് എട്ടിന്റെ വരവോടെ നഷ്ടം നികത്തി വീണ്ടും കമ്പനി ലാഭത്തിലെത്തുമെന്നാണ് നിക്ഷേപകരുടെ വിശ്വാസം. വിന്‍ഡോഡ് എട്ടിന്റെ പ്രഖ്യാപനത്തോടെ കമ്പനിയുടെ ഓഹരിവിലയില്‍ 1.6 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്ക് മൈക്രോസോഫ്റ്റ് നടത്തിയ ഏറ്റവും വലിയ റിഡീസൈനാണ് വിന്‍ഡോസ് എട്ടിന്റേതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒക്ടോബറോടെ ഇത് പുറത്തിറക്കാനാകുമെന്നാണ് കരുതുന്നത്. വിന്‍ഡോസ് എട്ട് ടാബ് ലെറ്റുകളിലും സ്മാര്‍ട്ട്‌ഫോണിലും ഉപയോഗിക്കാനാകുമെന്നാണ് കരുതുന്നത്. സര്‍ഫോസ് എന്ന പേരില്‍ മൈക്രോസോഫ്റ്റിന്റെ തന്നെ ടാബ്‌ലെറ്റ് പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല