ലണ്ടന്‍ : യുകെയിലെ പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പായ ലോയ്ഡ്‌സ് ഗ്രൂപ്പ് തങ്ങളുടെ അറുനൂറിലധികം ശാഖകള്‍ കോ – ഓപ്പ് ഗ്രൂപ്പിന് വില്‍ക്കുന്നു. രണ്ടായിരത്തി പതിമൂന്ന് നവംബറോടെ വില്‍പ്പന പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ലോയ്ഡ്‌സ് ബാങ്കിന്റെ ശാഖകള്‍ കൂടി സ്വന്തമാകുന്നതോടെ യുകെയിലെ റീട്ടെയ്ല്‍ ബാങ്കിംഗിന്റെ ഏഴ് ശതമാനം കോ- ഓപ്പ് ഗ്രൂപ്പിന് സ്വന്തമാകും. പ്രശസ്തമായ ടിഎസ്ബി, ചെല്‍ട്ടന്‍ഹാം, ഗ്ലൗസെസ്റ്റര്‍ തുടങ്ങിയ ബ്രാന്‍ഡുകളും കോ -ഓപ്പിന് വില്‍ക്കുന്ന ശാഖകളുടെ കൂട്ടത്തില്‍ പെടും. മൊത്തം 632 ശാഖകളാണ് ലോയ്ഡ്‌സ് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ലോയ്ഡ്‌സിന്റെ നാല്പത് ശതമാനം ഓഹരികളും ഗവണ്‍മെന്റിന്റെ കൈകളിലാണ്. വിറ്റ ശാഖകളുടെ വിലയായി കോ -ഓപ്പ് ആദ്യമൊരു 350 മില്യണ്‍ ലോയ്ഡ്‌സ് ബാങ്കിന് നല്‍കും. പിന്നീട് 400 മില്യണ്‍ പൗണ്ട് കൂടി നല്‍കണമെന്നാണ് കരാര്‍. എന്നാല്‍ കരാറിന് ഇതുവരെ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് അതോറിറ്റിയുടേയും ട്രഷറിയുടേയും അംഗീകാരം കിട്ടിയിട്ടില്ല. വില്‍പ്പനയുടെ വിവരം പുറത്ത് വന്നതോടെ ലോയ്ഡ്‌സ് ബാങ്കിന്റെ ഓഹരിവില 0.8 ശതമാനം കുറഞ്ഞ് 29.7 പെന്നിയിലെത്തി. ശാഖകള്‍ വിറ്റ് ഒഴിവാക്കുന്നത് ബാങ്കിന്റെ ആസ്തിയില്‍ ഇടിവുണ്ടാക്കുമെന്നാണ് കരുതുന്നത്.
ലോയ്ഡ്‌സ് ബാങ്കിന്റെ ഉപഭോക്താക്കളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായി കോ- ഓപ്പ് ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു. പുതിയ ഡീല്‍ അനുസരിച്ച് കോ- ഓപ്പ് ഗ്രൂപ്പിന് 4.8 മില്യണ്‍ പുതിയ ഉപഭോക്താക്കളെ കൂടി ലഭിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ഇവര്‍ക്ക് 3.1 മില്യണ്‍ കറന്റ് അക്കൗണ്ട് ഉടമകളാണ് ഉളളത്. ലോയ്ഡ്‌സിന്റെ ശാഖകള്‍ കൂടാതെ പുതിയതായി ആയിരത്തോളം ശാഖകള്‍ കൂടി രാജ്യത്ത് തുറക്കാന്‍ കോ – ഓപ്പ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ശാഖകളുടെ വില്‍പ്പന വഴി തങ്ങളുടെ ലക്ഷ്യങ്ങള്‍ സാധിച്ചെടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നു ലോയ്ഡ്‌സിന്റെ സിഇഓ അന്റോണിയോ ഹോര്‍ട്ട ഒസോരിയോ പറഞ്ഞു. കോ-ഓപ്പറേറ്റീവ് ഗ്രുപ്പ് തങ്ങളുടെ ശാഖകള്‍ ഏറ്റെടുക്കാന്‍ പ്രാപ്തരാണന്നും യുകെയിലെ റീട്ടെയ്ല്‍ ബാങ്കിംഗ് രംഗത്ത് പത്ത് ശതമാനത്തിനടുത്ത് സാന്നിധ്യമുണ്ടെന്നും ഓസോരിയോ പറഞ്ഞു. പുതിയ ഇടപാട് കോ -ഓപ്പിന് 24 ബില്യണിന്റെ ആസ്തിയും ബാധ്യതയും സമ്മാനിക്കും. ബാങ്കിംഗ് രംഗത്ത് ഒരു ദശകത്തിനുളളില്‍ നടന്ന ഏറ്റവും വലിയ ഇടപാടാണ് ഇത്.
അടുത്തിടെ മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ തങ്ങളുടെ റീട്ടെയ്ല്‍ ഷോപ്പിനോട് അനുബന്ധിച്ച് ബാങ്ക് ശാഖ തുറന്നിരുന്നു. രാത്രി പതിനൊന്നു മണിവരെ തുറന്നിരിക്കുന്ന ശാഖ ഞയറാഴ്ചകളിലും പ്രവര്‍ത്തിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല