കാറപകടത്തില്‍ പരുക്കുപറ്റിയ മോഡലിന് 18,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. അപകടത്തെ തുടര്‍ന്ന് കടുത്ത നടുവേദന കാരണം മോഡലിങ്ങ് തുടരാന്‍ കഴിയില്ലെന്നും ഹൈഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലന്നും കാട്ടി മുന്‍ മിഡ് എഡിന്‍ബര്‍ഗ്ഗ് വിജയി കൂടിയായ ഫിയോണ ഡിക്കി (24) നല്‍കിയ പരാതിയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ മുഹമ്മദ്‌റാസ ഖണ്ഡാനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
2010 ഏപ്രില്‍ പത്തിനാണ് സംഭവം നടക്കുന്നത്. ഒരു ഡ്രിങ്കിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഫിയോണ. സൗത്ത് ക്ലര്‍ക്ക് റോഡില്‍ വച്ച് പാര്‍ക്ക് ചെയ്ത ഒരു വാഹനത്തിലിടിക്കാതിരിക്കാനായി ഖണ്ഡാനി തന്റെ കാര്‍ വെട്ടിച്ചപ്പോള്‍ ഫിയോണയുടെ കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന ഫിയോണയുടെ കഴുത്തിനും നട്ടെല്ലിനും പരുക്കേറ്റിരുന്നു. അപകടത്തിന് ശേഷം വീട്ടിലെത്തിയ ഫിയോണയ്ക്ക് കടുത്ത നടുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നട്ടെല്ലിന് പരുക്കുപറ്റിയത് കാരണം ഹൈഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കാന്‍ പാടില്ലന്ന് ഡോക്ടര്‍മാര്‍ ഫിയോണയെ ഉപദേശിക്കുകയായിരുന്നു.
അപകടം പറ്റിയതിന്റെ പിറ്റേ വര്‍ഷമാണ് ഫിയോണ മിഡ് എഡിന്‍ബര്‍ഗ്ഗായി തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ നട്ടെല്ലിനേറ്റ ക്ഷതം കാരണം ഭാരമുളള വസ്തുക്കള്‍ എടുക്കാനോ, കൂടുതല്‍ നേരം നില്‍ക്കാനോ കഴിയാത്തത് കാരണം ഫിയോണയ്ക്ക്് സൗന്ദര്യമത്സരത്തിന്റെ ഭാഗമായുളള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ വരികയായിരുന്നു. തുടര്‍ന്നാണ് നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ഫിയോണ് തീരുമാനിച്ചത്. ഇരുപതിനായിരം പൗണ്ടില്‍ താഴെയാണ് ഫിയോണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.എന്നാല്‍ എതിര്‍കക്ഷിയായ മുഹമ്മദ് റാസ ഖണ്ഡാനി സമര്‍പ്പിച്ച അപേക്ഷയില്‍ 3,500 പൗണ്ട് നഷ്ടപരിഹാരമായി നല്‍കാന്‍ തയ്യാറാണന്ന് അറിയിച്ചിരുന്നു.
സൗന്ദര്യ മത്സരത്തിലെ വിജയി എന്ന നിലയ്ക്ക് ഫിയോണയ്ക്ക് പല ചാരിറ്റി പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കേണ്ടി വരുമെന്നും എന്നാല്‍ അപകടം അവരുടെ കരിയറിനെ തന്നെ ബാധിച്ചതായും കോടതി കണ്ടെത്തി. എന്നാല്‍ മോഡലിങ്ങ തനിക്ക് ഇനി ചെയ്യാനാകില്ലെന്ന് കണ്ടതോടെ വീട്ടില്‍ ഒതുങ്ങി കൂടാതെ മറ്റൊരു ജോലിക്ക് ശ്രമിക്കുകയാണ് ഫിയോണ ചെയ്തതെന്നും സുന്ദരിയായ ഒരു യുവതിയുടെ ജീവിതത്തില്‍ അത്തരമൊരു അപകടം കരിനിഴല്‍ വീഴ്ത്തിയതായും കോടതി നിരീക്ഷിച്ചു. ഫിയോണ് ആവശ്യപ്പെട്ട നഷ്ടപരിഹാരം ന്യായമാണന്നും തന്റെ ജോലിക്കൊപ്പം പാര്‍ട്ട്‌ടൈമായി മോഡലിങ്ങ് തുടരാനുളള ഫിയോണയുടെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണന്നും ക്യൂന്‍സ് കോണ്‍സല്‍ ഗോര്‍ഡന്‍ റീസ് വിലയിരുത്തി. ഫിയോണ തന്റെ പരുക്കുകള്‍ പര്‍വ്വതീകരിച്ച് കാട്ടിയില്ലെന്നും അവര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം ന്യായമാണന്നും കോടതി പറഞ്ഞു. 18,281 പൗണ്ടാണ് ഫിയോണയ്ക്ക് നഷ്ടപരിഹാരമായി കോടതി അനുവദിച്ചത്. ഇതില്‍ പതിനായിരം പൗണ്ട് അവരനുഭവിച്ച മാനസികാഘാതത്തിനും വേദനയ്ക്കുമുളളതാണന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല