പോപ് ബെനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പയുടെ പാചകക്കാരന്‍ പൗളോ ഗബ്രിയേലയെ വീട്ടു തടങ്കലിലാക്കി. വത്തിക്കാനില്‍ നിന്നും രഹസ്യരേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന കേസില്‍ വിചാരണ കഴിയുന്നത് വരെയാണ് ഗബ്രിയേലയെ വീട്ടുതടങ്കലിലാക്കിയത്.
കേസില്‍ കഴിഞ്ഞ മെയ്മാസത്തിലാണ് മാര്‍പാപ്പയുടെ പാചകക്കാരന്‍ പൗളോ ഗബ്രിയേല കസ്റ്റഡിയിലാവുന്നത്. മാര്‍പാപ്പയുടെ അടുത്ത അനുയായിയായ ഗബ്രിയേലയെ വിചാരണ നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതുവരെയാണ് വീട്ടുതടങ്കലിലാക്കിയത്.
വത്തിക്കാനില്‍ നടക്കുന്ന അഴിമതിയുടെയും ആഭ്യന്തര അസ്വാരസ്യങ്ങളുടെയും സ്വജനപക്ഷപാതത്തിന്റെയും സാധൂകരിക്കുന്ന രേഖകള്‍ ഒരു ഇറ്റാലിയന്‍ പത്രം പുറത്തുവിട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഗബ്രിയേലയും കുടുംബവും താമസിക്കുന്ന കെട്ടിടത്തില്‍ നിന്നുമാണ് രഹസ്യരേഖകള്‍ ലഭിച്ചതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഗബ്രിയേലയെ കസ്റ്റഡിയിലെടുത്തു.
വിഷയം മാര്‍പാപ്പയുടെ ശ്രദ്ധയില്‍പെടുത്തുന്നതിന് വേണ്ടിയാണ് രേഖകള്‍ ശേഖരിച്ചതെന്നാണ് ഗബ്രിയേലയുടെ വാദം. അതേസമയം വിഷയത്തില്‍ തെളിവുകള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ജഡ്ജി പീറോ അന്റോണിയോ ബൊണറ്റ് വ്യക്തമാക്കി.
ഗബ്രിയേല കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഒരു രാജ്യത്തിന്റെ രഹസ്യ രേഖകള്‍ ചോര്‍ത്തിയതിന് 30 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല