നോവല്‍
അങ്ങനെ തോമാച്ചനും നഴ്‌സായി
അദ്ധ്യായം ആറ്
ജോഷി പുലിക്കൂട്ടില്‍
മലബാറില്‍ നിന്ന് മടങ്ങിയെത്തിയ തോമാച്ചന്‍ വീണ്ടും കൃഷികാര്യങ്ങളില്‍ വര്‍ക്കിച്ചേട്ടനെ സഹായിക്കാന്‍ നിര്‍ബന്ധിതനായി. ഇനി ഒരാഴ്ച കൂടി ഈ പണി തുടര്‍ന്നാല്‍ മതി. അപ്പോഴേക്കും ഭോപ്പാല്‍ എച്ച് എസ് സി പഠനം തുടങ്ങാം. ഈ ഒരു ചിന്തയിലായിരുന്നു തോമാച്ചന്റെ മനസ്സ്. ഇതിനിടയില്‍ അമ്മച്ചിയെ സോപ്പിട്ട് പുതിയ പാന്റ്‌സിനും ഷര്‍ട്ടിനും ഉളള തുണി വാങ്ങി. അടുക്കളയില്‍ അരിപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്ന സമ്പാദ്യത്തില്‍ നിന്നാണ് മേരിച്ചേട്ടത്തി അതിനുളള ‘വന്‍ തുക’ തോമാച്ചന് നല്‍കിയത്. അമ്മച്ചിക്ക് ഈയിടെയായി തോമാച്ചനോട് മുമ്പെങ്ങും ഇല്ലാത്ത തരം സ്‌നേഹമാണ്. മകന്‍ വിദേശത്ത് ചെന്നെത്താന്‍ മേരിച്ചേടത്തി ഇപ്പഴേ നേര്‍ച്ചകള്‍ നേര്‍ന്ന് തുടങ്ങി. ‘കരി പിടിച്ച അടുക്കളയില്‍ നിന്നുളള മോചനം’ എന്ന വാഗ്ദാനം ഇത്രയും സ്‌നേഹത്തിന് കാരണമാകും എന്ന് വാഗ്ദാനം നല്‍കുമ്പോള്‍ തോമാച്ചന്‍ മനസ്സില്‍ പോലും വിചാരിച്ചില്ല. എന്തായാലും ‘ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ’ എന്ന് ബാലചന്ദ്ര മേനോന്‍ സിനിമയില്‍ പാടിയതുപോലെ മേരിച്ചേടത്തി പാടാന്‍ ഇടവരാതിരിക്കട്ടെ എന്ന് തോമാച്ചനും പുണ്യവാളനോട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.
അവസാനം ആ സുദിനം വന്നണഞ്ഞു. ഇന്ന് ക്ലാസ് തുടങ്ങും. രാവിലെ എഴുനേറ്റ് അമ്മച്ചീടെ നിര്‍ബന്ധപ്രകാരം പളളിയില്‍ പോയി കുര്‍ബാനയും കണ്ട് വന്ന് പ്രഭാതഭക്ഷണം കഴിച്ച് പുതിയതായി തയ്ച്ച് കിട്ടിയ ഡ്രസ്സും ധരിച്ച് തോമാച്ചന്‍ കവലയില്‍ എത്തി. കവലയില്‍ എത്തിയപ്പോള്‍ കൂട്ടുകാരന്‍ ജോസൂട്ടി അവിടെ ഹാജരുണ്ടായിരുന്നു. മേലേക്കര കവലയില്‍ നിന്ന് ടൗണിലേക്കുളള ക്രിസ്തുരാജ് ബസില്‍ അവര്‍ കയറി. നാല്പത്തിയഞ്ച് മിനിട്ട് നേരത്തെ രസകരമായ യാത്രയ്ക്ക് ശേഷം വണ്ടി ടൗണിലെത്തി.
കൃത്യം ഒന്‍പതരയോടു കൂടി രണ്ടുപേരും സത്യന്‍ സാര്‍ പ്രിന്‍സിപ്പാളായുളള ഭാരത് കോളേജില്‍ എത്തി. ഭാരത് കോളേജ് ശരിക്കും റേഡിയോയില്‍ അയ്യപ്പാസിന്റെ പരസ്യം പോലെയാണ്. പുറമേ നിന്ന് നോക്കിയാല്‍ ചെറിയ കെട്ടിടം. എങ്കിലും അകത്ത് കടന്നാല്‍ അതിവിശാലം തന്നെ. കോളേജ് മൈതാനത്തും മരത്തണലിലും വര്‍ണ്ണവിസ്മയങ്ങള്‍ തീര്‍ത്ത് ചിത്രശലഭങ്ങളെ പോലെ പാറി പറന്ന് നടക്കുന്ന നൂറ് കണക്കിന് പെണ്‍കുട്ടികളും അവര്‍ക്ക് ചുറ്റും തേന്‍ കുടിക്കാന്‍ പൂവിന് ചുറ്റും കറങ്ങി നടക്കുന്ന വണ്ടുകളെ പോലെ ആണ്‍കുട്ടികളും. ‘ദൈവമേ, ഈ കോളേജ് ഒരു ഏദന്‍ തോട്ടം തന്നെയാണല്ലോ!!’ തോമാച്ചന്‍ മനസ്സില്‍ പറഞ്ഞു. ‘എന്റെ ഹവ്വായെ നീ ഇവിടെയാണോ പാര്‍പ്പിച്ചിരിക്കുന്നത്?’ എന്ന് ദൈവത്തോട് മൗനമായി ചോദിച്ചുകൊണ്ടാണ് ജോസൂട്ടിക്കൊപ്പം തോമാച്ചന്‍ ക്ലാസിലേക്ക് കയറിയത്.
ഭാരത് കോളേജില്‍ ചേര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തന്നെ തോമാച്ചന് ഒരു കാര്യം ബോധ്യമായി. ‘ഇതു താന്‍ടാ കോളേജ് – അഥവാ ഇങ്ങനെയാകണം കോളേജ്’. ശരിക്കും മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ഒരു പരിച്ഛേദം തന്നെയാണ് ഭാരത് കോളേജ്. യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതുന്നവരില്‍ 30 -40 ശതമാനം ആണ് പാസ്സാകുന്നത്. ബാക്കി വരുന്ന 60-70 ശതമാനം കുട്ടികളും ( ഗാന്ധിജിയുടെ പടമുളള രൂപ കൈയ്യിലുണ്ടേല്‍) ഇവിടെ എത്തുന്നു. അവരില്‍ തന്നെ കൂടുതല്‍ പണമിറക്കാന്‍ ശേഷിയുളളവര്‍ക്ക് ഒരു വര്‍ഷം ക്ലാസില്‍ വരാതെ തന്നെ പരീക്ഷ എഴുതുവാനുളള സൗകര്യവും സത്യന്‍ സാര്‍ കൊടുക്കുന്നുണ്ട്. പിന്നെ വായ്‌നോട്ടത്തിന്റെ കാര്യത്തില്‍ പ്രിന്‍സിപ്പാളിന്റെ വശത്തുനിന്ന് യാതൊരു നിയന്ത്രണവുമില്ല. ഇങ്ങനെ ഒക്കെ നോക്കുമ്പോള്‍ ഭാരത് കോളേജ് താമസം വിന ഒരു ഡീംഡ് യൂണിവേഴ്‌സിറ്റി ആകുമെന്ന കാര്യത്തില്‍ തോമാച്ചന് ലവലേശം സംശയമില്ലായിരുന്നു.
എന്നാല്‍ ജോസൂട്ടിക്ക് ഇത് ആഹ്ലാദത്തിന്റെ ദിനങ്ങള്‍ ആയിരുന്നു. സഹദാ കോളേജില്‍ വച്ച് ജോസൂട്ടിയുടെ രാഷ്ട്രീയ ശൈലിയിലും വാചക കസര്‍ത്തിലും മയങ്ങി വീണുപോയ ഒരു ചിത്രശലഭം – സോണിയ – പിഡിസി പൂര്‍ണ്ണമായും ജോസൂട്ടിക്ക് അടിയറവ് വച്ച് തോല്‍വി ഏറ്റുവാങ്ങിയ സോണിയ, വീണ്ടും ഇവിടെ ഭാരത് കോളേജില്‍ തന്നെ ചേര്‍ന്നതുകൊണ്ട് ജോസൂട്ടിക്ക് ഇരട്ടിമധുരം ആയി. ‘ തേടിയ വളളി കാലില്‍ ചുറ്റി ‘ എന്ന് പറഞ്ഞതുപോലെ ജോസൂട്ടി സന്തോഷിച്ചു. ഒപ്പം സോണിയയും. സഹദാ കോളേജില്‍ വച്ച് തന്റെ ഇംഗിതം പുറത്തുകാണിക്കാന്‍ പറ്റാതെ പരുന്തച്ചന്റെ സംരക്ഷണവലയത്തിനുളളിലായിരുന്ന സോണിയ ഇപ്പോള്‍ കൂടുതല്‍ അടുത്തിടപഴകാന്‍ തുടങ്ങി. താമസിയാതെ തോമാച്ചന്‍, ജോസൂട്ടി, സോണിയ മൂവര്‍ സംഘം ഭാരത് കോളേജിന്റെ പുറത്തേക്കും തങ്ങളുടെ പ്രണയ പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചു. ടൗണിലുളള ഐസ്‌ക്രീം പാര്‍ലറിലായി സംഘത്തിന്റെ ഇരിപ്പ്. കൂടെ തോമാച്ചന്‍ ഉളളപ്പോള്‍ ആര്‍ക്കും സംശയം വരില്ല എന്ന് ജോസൂട്ടിയുടെ ഐഡിയ സോണിയക്കും അങ്ങ് ബോധിച്ചു. പക്ഷേ ഒരു ഐസ്‌ക്രീം രണ്ട് മണിക്കൂര്‍ കൊണ്ട് തിന്നാനുളള ക്ഷമ തനിക്കില്ലെന്ന് തോമാച്ചന്‍ പല ദിവസങ്ങളിലും അവര്‍ക്ക് തെളിയിച്ച് കൊടുത്തു.
‘നിങ്ങള്‍ പതുക്കെ ഇരുന്ന് കഴിച്ചോളൂ, ഞാന്‍ ടൗണിലൊന്ന് കറങ്ങിയിട്ട് വരാം’ എന്ന് പറഞ്ഞ് ഒരു കട്ടുറുമ്പാകാതെ തോമാച്ചന്‍ തൊട്ടടുത്ത ബസ് സ്റ്റാന്റിലേക്ക് പോയി.ഓരോ ബസിലും വരുന്നതും പോകുന്നതുമായ എല്ലാ ശലഭങ്ങള്‍ക്കും മാര്‍ക്കിടുന്ന ജഡ്ജിയുടെ പണി തോമാച്ചന്‍ സ്വയം ഏറ്റെടുത്തു.ഈ ബസ് സ്റ്റാന്റില്‍ മാര്‍ക്കിടുന്ന പണിയ്്ക്കിടയില്‍ വളരെ രസകരമായ പല സംഭവങ്ങള്‍ക്കും തോമാച്ചന്‍ സാക്ഷിയായി…
‘നേരെ പാലായ്ക്ക്, നേരെ പാലായ്ക്ക്’ എന്ന് വിളിച്ച് പറഞ്ഞ് ആളെ കയറ്റുന്ന കിളി, കണ്ടക്ടര്‍ ബെല്ലടിച്ചിട്ടും ബസ് വിടാതെ വീണ്ടും ആളെ കയറ്റുന്ന ഡ്രൈവര്‍, ഇതിനിടയില്‍ ഉത്തരം കിട്ടാത്ത 1001 ചോദ്യങ്ങള്‍ക്കുളള ഉത്തരങ്ങള്‍ വില്‍ക്കുന്ന പുസ്തകക്കാര്‍ ഇങ്ങനെ നിരവധി കാഴ്ചകള്‍ തോമാച്ചന്റെ നേരം പോക്കിന് അകമ്പടിയായി. നേരെ പാലായ്ക്ക്, നേരെ പാലായ്്ക്ക് എന്ന് വിളിച്ചു പറഞ്ഞ കിളിയോട് ‘വളവ് നിന്റെ അപ്പനാണോ തിരിയ്ക്കുന്നത്’ എന്ന് ചോദിച്ച അമ്മാവന്‍ എല്ലാവരിലും ചിരി പടര്‍ത്തി. അപ്പോഴാണ് അപ്പച്ചന്‍ മേലേക്കരയില്‍ അദ്യമായി ബസ് വന്ന കഥ പറഞ്ഞത് തോമാച്ചന്റെ ഓര്‍മ്മയില്‍ എത്തിയത്.
മുപ്പത് വര്‍ഷം മുമ്പാണ് അത് സംഭവിച്ചത്. ബസ് എന്നാല്‍ എന്തോ വലിയ ജീവിയാണന്നോ അത്ഭുതമാണന്നോ ഒക്കെയാണ് അന്ന് മേലേക്കരക്കാര്‍ വിചാരിച്ചിരുന്നത്. തങ്ങളുടെ നാട്ടില്‍ ആദ്യമായി എത്തുന്ന ‘ആന ബസിനെ’ കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടി. ഉച്ചയോട് കൂടി ആനബസ് എത്തിച്ചേര്‍ന്നു. ഉന്തിയ മൂക്കോട് കൂടിയ ആദ്യകാല ബസ്.
കുരുക്ഷേത്ര യുദ്ധത്തിനിടയില്‍ തേരില്‍ നിന്നിറങ്ങുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഭാവത്തോടെ ഡ്രൈവര്‍ സാര്‍ ബസില്‍ നിന്നിറങ്ങി. എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ നോക്കി നിന്നു. അപ്പോഴാണ് കരപ്രമാണിമാരില്‍ ഒരാളായ വടക്കേലെ കറിയാച്ചേട്ടന്‍ ഒരു വലിയ കുല ഏത്തപ്പഴം, ആനബസിന്റെ മുന്നില്‍ വച്ചിട്ട് ‘ഇത്രയും ദൂരം വന്നതല്ലേ, ഇനി ഇത് കഴിച്ച് ക്ഷീണം മാറ്റിയിട്ട് പോയാല്‍ മതി’ എന്ന് പറഞ്ഞത്.
ഇത് ആനയല്ല എന്നും ആന ബസ് എന്ന് വിളിക്കുന്നുവെന്നേയുളളൂ എന്നും ഡ്രൈവര്‍ വിശദീകരിച്ചപ്പോള്‍ മേലേക്കരയുടെ ഗ്രാമീണ നിഷ്‌കളങ്കതയോടെ ‘എന്നാല്‍ പിന്നെ ആന പാപ്പാന്‍ കഴിച്ചോ’ എന്ന് പറഞ്ഞ് കറിയാച്ചേട്ടന്‍ ചമ്മല്‍ പുറത്തുകാട്ടാതെ രക്ഷപെട്ട് സ്ഥലം വിട്ടത് അപ്പച്ചന്‍ പറഞ്ഞ് എത്രവട്ടം കേട്ടിരിക്കുന്നു. ഇന്ന് കാലം എത്ര മാറിയിരിക്കുന്നു…
തുടരും..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല