അടിക്കടി നിയമത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് പലരേയും ബാധിക്കുന്നത്. മാസം തോറും ഇത്തരത്തിലുളള പുതിയ കേസുകള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരെ പെട്ടന്നൊരു ദിവസം നിസ്സാരകാരണത്തിന്റെ പേരില്‍ പറഞ്ഞുവിടേണ്ടി വരുന്നത് ഒരു ദുരന്തം തന്നെയാണന്ന് വെറ്ററന്‍സ് എയ്ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഹഗ്ഗ് മില്റോയി പറഞ്ഞു. ഒരു രാജ്യമെന്ന നിലയില്‍ ഇവരോട് കാണിക്കുന്ന തെറ്റോര്‍ത്ത് തല കുനിക്കേണ്ടി വരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രട്ടീഷ് സൈന്യത്തില്‍ ലാന്‍സ് കോര്‍പറല്‍ ആയി കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി സേവനമനുഷ്ടിച്ച് വരികയായിരുന്ന ഫിജി സ്വദേശി ബാലെ ബാല്വായ് എന്ന സൈനികന്റെ പൗരത്വ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നാടുകടത്തല്‍ ഭീഷണി നേരിടുകയാണ്. അഫ്ഗാനിസ്ഥാന്, ഇറാഖ്, ബോസ്നിയ തുടങ്ങിയ രാജ്യങ്ങളിലെ സൈനിക നടപടികളില്‍ പങ്കെടുത്ത ബാലെയ്ക്ക് നാല് മെഡലുകളും ലഭിച്ചിട്ടുണ്ട്. ഇപ്പോഴും സൈനികരെ റിക്രൂട്ട് ചെയ്യാനുളള പരസ്യത്തിലേക്ക് ഇദ്ദേഹത്തിന്റെ ഫോട്ടോ ഉപയോഗിക്കാറുണ്ട്. മറ്റൊരു സൈനികനുമായി തല്ലുകൂടിയതിന്റെ പേരില്‍ നടപടിയെടുത്തു എന്നതാണ് അദ്ദേഹത്തിന് പൗരത്വം നിഷേധിക്കാനുളള കാരണം. എന്നാല്‍ സൈനിക നടപടി സമയത്ത് തന്റെ ഭാഗം വിശദീകരിക്കാനുളള അവസരം ലഭിച്ചില്ലെന്നും ആത്മരക്ഷയ്ക്കായാണ് താന്‍ സൈനികനെ ആക്രമിച്ചതെന്നുമുളള ബാലെയുടെ വാദം ഉദ്യോഗസ്ഥര്‍ ചെവികൊണ്ടിട്ടില്ല. ബ്രട്ടീഷുകാരിയായ ഭാര്യയും മക്കളുമുളള ബാലെ നാടുകടത്തല്‍ നടപടി ഒഴിവാക്കാനുളള നെട്ടോട്ടത്തിലാണ്.
പതിമൂന്ന് വര്‍ഷത്തെ രാജ്യ സേവനത്തിന് ശേഷവും ആഭ്യന്തരമന്ത്രാലയത്തിന്റെ കനിവ് കാത്ത് കിടക്കുന്ന ഒരു നമ്പരാണ് താനെന്ന തിരിച്ചറിവ് ദേഷ്യമാണ് ഉണ്ടാക്കുന്നതെന്നും താന്‍ ചതിക്കപ്പെട്ടുവെന്ന് കരുതുന്നുവെന്നും ബാലെ പ്രതികരിച്ചു.
കോടതി നടപടികള്‍ നേരിട്ടവര്‍ക്ക് പൗരത്വം നല്‍കേണ്ടതില്ലെന്നാണ് ഗവണ്മെന്റ് തീരുമാനം. എന്നാല്‍ ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് ഈ നിയമത്തില്‍ ഇളവ് അനുവദിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ ഇളവ് എടുത്തുകളയാന്‍ തീരുമാനിച്ചതാണ് പലര്‍ക്കും തിരിച്ചടിയായത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുളള സൈനികര്‍ സൈന്യം വിട്ട് ഇരുപത്തിയെട്ട് ദിവസങ്ങള്‍ക്കുളളില്‍ പൗരത്വത്തിന് അപേക്ഷിക്കണമെന്നാണ് നിയമം. എന്നാല്‍ പലര്‍ക്കും ഇത്തരമൊരു നിയമം ഉളളതായി പോലും അറിയില്ല. ഈ പരിധിക്ക് ശേഷം രാജ്യത്ത് താമസിക്കുന്ന സൈനികരെ അനധികൃത കുടിയേറ്റക്കാരായി പരിഗണിക്കുകയും അവരെ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും നാടുകടത്തുകയും ചെയ്യും.
വിദേശത്തുനിന്നും കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുമായി ഏകദേശം 7000 സൈനികര്‍ ബ്രട്ടീഷ് സൈന്യത്തില്‍ സേവനമനുഷ്ടിക്കുന്നുണ്ടെന്നാണ് കണക്ക്. 2003 ന് ശേഷം ഏകദേശം 45 കോമണ്‍വെല്‍ത്ത് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഇതുവരെ ഏഴ് പേര് കൊല്ലപ്പെട്ടിട്ടുണ്ട്. വെറ്ററന്‍സ് എയ്ഡില്‍ മാത്രം 100 കോമണ്‍വെല്‍ത്ത് സൈനികരുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല