പോപ്പ് കോണിന് അമേരിക്കയിലും ബ്രിട്ടനിലും വന്‍ സ്വീകാര്യതയാണ് ഉളളത്. പ്രത്യേകിച്ച് ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവരുടെ ഇടയില്‍.. പോപ്പ് കോണ്‍ ആരോഗ്യത്തിന് നല്ലതാണന്നാണ് ഇവരുടെ അഭിപ്രായം. കലോറിയുടെ അളവ് കുറവായതും ഒപ്പം ഫൈബറിന്റെ അളവ് കൂടുതലുളളതും ഇതിനെ മികച്ച പലഹാരങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കാരണമായി. എന്നാല്‍ എല്ലാ പോപ്പ്കോണിലും ഈ ഗുണങ്ങളില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
പഴങ്ങളിലും പച്ചക്കറികളിലും മറ്റും കാണപ്പെടുന്ന പോളിഫിനോള്‍സ്, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ പോപ്കോണിലും ഉളളതായി അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. സാധാരണ ഒരു പഴത്തില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളിന്റെ അളവ് 160 മില്ലിഗ്രാമാണ്. എന്നാല്‍ അതേ അളവിലുളള പോപ്പ്കോണില്‍ പോളിഫിനോളിന്റെ അളവ് 300 മില്ലിഗ്രാമിന് അടുത്താണ്. പോപ്പ്കോണില്‍ അടങ്ങിയിരിക്കുന്ന ചില ആന്റി ഓക്സിഡന്റുകള്‍ക്ക് ക്യാന്‍സറിനെ ചെറുക്കാനുളള കഴിവുണ്ടെന്നും പഠനം നടത്തിയ യൂണിവേഴ്സിറ്റി ഓഫ് സ്ക്രാന്‍ടണിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ എല്ലാ പോപ്പ്കോണും ഒരേ രീതിയില്‍ അല്ല ഉണ്ടാക്കുന്നത് എന്നതിനാല്‍ ഇതിന്റെ ഗുണങ്ങളിലും വ്യത്യാസമുണ്ടാകും.
എയര്‍ പോപ്പ്ഡ് പോപ്പ്കോണിലാണ് കാലറി ഏറ്റവും കുറവുളളത്. മൈക്രോവേവ് പോപ്പ്കോണില്‍ എയര്‍ പോപ്പ്ഡ് പോപ്പ്കോണിലുളളതിനേക്കാള് ഇരട്ടി കാലറി ഉണ്ടാകും. വീട്ടില്‍ എണ്ണയില്‍ സ്വയം ഉണ്ടാക്കുന്ന പോപ്പ്കോണില്‍ കാലറി ഇതിലും ഉയരും.
മൈക്രോവേവ് പോപ്പ്കോണില്‍ 43 ശതമാനവും കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ വീട്ടില്‍ എണ്ണയില്‍ സ്വയം തയ്യാറാക്കുന്ന കോണില്‍ 28 ശതമാനം മാത്രമേ കൊഴുപ്പ് അടങ്ങിയിട്ടുളളു. അമേരിക്കയില്‍ നടന്ന ഒരു പഠനം അനുസരിച്ച് ഒരു ഇടത്തരം വലിപ്പമുളള പോപ്പ്കോണും നുരയുന്ന ഡ്രിങ്കും കൂടി 1,610 കലോറിയും 60 ഗ്രാം കൊഴുപ്പുമാണ് നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്. 24 സ്പൂണ്‍ ബട്ടര്‍ കഴിക്കുന്നതിന് തുല്യമാണ് ഇത്.
പല രുചികളിലും മണങ്ങളിലും പോപ്പ്കോണ്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. പല സെലിബ്രിറ്റികളും ഇതിന്റെ കടുത്ത ആരാധകരുമാണ്. പോപ്പ്കോണ്‍ എന്നത് തീര്‍ച്ചയായും ആരോഗ്യകരമായ ഭക്ഷണം തന്നെയാണ്. എന്നാല്‍ അതുണ്ടാക്കുന്ന രീതിയാണ് അതിന്റെ ഗുണങ്ങളെ നശിപ്പിച്ച് കളയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല