ആ ദിവസങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നതാലിയയ്ക്ക് കരച്ചില്‍ വരും. എട്ടുമാസമാണ് തന്റെ കുഞ്ഞുങ്ങളെ പിരിഞ്ഞ് നതാലിയയ്ക്ക് ജയിലില്‍ കഴിയേണ്ടി വന്നത് – എല്ലാം ഒരു നാപ്പി കാരണം. കഴിഞ്ഞ വര്‍ഷം മേയിലാണ് സംഭവങ്ങളുടെ തുടക്കം. നതാലിയയുടെ രണ്ട് വയസ്സുകാരിയായ മകള്‍ ആദല്ലെ ടംഗിന്റെ തുടകളും കാലിന്റെ പിറകുവശവും പൊളളിയതുപോല കണ്ടതിനെ തുടര്‍ന്നാണ് നതാലിയ ആദല്ലെയുമായി ലിവര്‍പൂളിലെ ആള്‍ഡര്‍ ഹേ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെത്തുന്നത്. എന്നാല്‍ പൊളളലിന്റെ കാരണം നതാലിയക്കും അറിയില്ലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രാത്രി മുഴുവന്‍ നനഞ്ഞ നാപ്പി മാറ്റാതെ കിടന്നതിനെ തുടര്‍ന്ന് ആദല്ലെയുടെ പിറക് വശത്ത് റാഷുകള്‍ ഉണ്ടായിരുന്നു.
ഈ വിവരം നതാലിയ ഡോക്ടര്‍മാരെ ധരിപ്പിച്ചെങ്കിലും അവര്‍ അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. തിളച്ച വെളളമോ ബ്ലിച്ചോ വീണതാണ് പൊളളലിന്റെ കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. തുടര്‍ന്ന് അവര്‍ തന്നെ സോഷ്യല്‍ വര്‍ക്കേഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ ക്രുരമായി പരുക്കേല്‍പ്പിച്ചുവെന്ന് ആരോപിച്ച് നതാലിയയേയും അവരുടെ രണ്ടാം ഭര്‍ത്താവ് ബ്രണ്ടന്‍ ഡിവൈനേയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ കെയര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. അറസ്റ്റ് ചെയ്യുമ്പോള്‍ നതാലിയ തന്റെ മൂന്നാമത്തെ കുട്ടിയെ രണ്ട് മാസം ഗര്‍ഭിണിയായിരുന്നു.
നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് നതാലിയ കാണുന്നത്. നതാലിയ പൊളളലേല്‍പ്പിച്ചതാണന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ‘കുട്ടികളെ പിരിഞ്ഞിരിക്കുന്നത് മൂലം ആകെ സങ്കടത്തിലായിരുന്ന എനിക്ക് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ജയിലിലായതിന് ശേഷം കരയാത്ത ഒറ്റദിവസം പോലും ഉണ്ടായിട്ടില്ല. ഗര്‍ഭിണിയായിരുന്ന എന്റെ ബിപി ഹൈയായി’- നതാലിയ പറഞ്ഞു. തുടര്‍ന്നാണ് ഒരു സെക്കന്‍ഡ് ഒപ്പീനിയനുളള സാധ്യതയെ കുറിച്ച് നതാലിയ തന്റെ വക്കീലിനോട് സംസാരിക്കുന്നത്. ഇതിനെ തുടര്‍ന്ന് റിട്ടേയേര്‍ഡ് ഫോറന്‍സിക് ബേണ്‍സ് കണ്‍സള്‍ട്ടന്റ് കോളിന്‍ റെയ്‌നര്‍ ആദല്ലെയെ പരിശോധിക്കാനെത്തി. നതാലിയയുടെ വാദം ശരിവയ്ക്കുന്നതായിരുന്നു കോളിന്റെ കണ്ടെത്തല്‍.
നനഞ്ഞ നാപ്പിയിലെ കെമിക്കലുകള്‍ ആദല്ലെയുടെ ചര്‍മ്മത്തിലേല്‍പ്പിച്ചതാണ് പൊളളല്‍. മറ്റ് രാസവസ്തുക്കല്‍ വീണതാണങ്കില്‍ പൊളളല്‍ ആഴത്തിലായേനെ. ആദല്ലെയുടെ കാലിലെ പൊളളല്‍ പുറം തൊലിയില്‍ മാത്രമേ ഉണ്ടായിരുന്നുളളു. മൂത്രം വീണ് നനഞ്ഞ നാപ്പി കുറേ നേരം ഇരിക്കുന്നത് മൂലം വീര്യം കുറഞ്ഞ രാസവസ്തുവായി മാറിയതാണ് ആദല്ലെയുടെ ശരീരത്തില്‍ പൊളളലേല്‍ക്കാന്‍ കാരണം. തുടര്‍ന്ന കഴിഞ്ഞ ജനുവരിയില്‍ പോലീസ് കേസന്വേഷണം അവസാനിപ്പിച്ച് നതാലിയയേയും ഭര്‍ത്താവിനേയും ജയില്‍ മോചിതരാക്കി. ഒപ്പം കുട്ടികളേയും തിരിച്ച് നല്‍കി. ഇതിനിടെ തന്റെ മൂന്നാമത്തെ കുഞ്ഞിന് നതാലിയ ജന്മം നല്‍കിയിരുന്നു.
കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്‌നം പോലെ മറക്കാനാണ് നതാലിയയുടെ തീരുമാനം. കടുത്ത പരീക്ഷണങ്ങളുടെ ദിനങ്ങളായിരുന്നു അത്. പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ബ്രണ്ടനെ വിലങ്ങു വെച്ചിരുന്നു. ഞാന്‍ ഗര്‍ഭിണി ആയതുകൊണ്ട് മാത്രമാണ് അവരെന്നെ വിലങ്ങണിയിക്കാതിരുന്നത്.’- നതാലിയ പറഞ്ഞു. സാധാരണയായി പാമ്പേഴ്‌സ് നാപ്പിയാണ് കുട്ടികള്‍ക്കായി വാങ്ങുന്നത്. ഇത്തവണ കാശ് ലാഭിക്കാനായി വേറെ ബ്രാന്‍ഡ് മാറി വാങ്ങുകയായിരുന്നു. ആദല്ലെയ്ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനുളള പ്രായമായിട്ടില്ല. അതിനാല്‍ തന്നെ എന്താണ് സംഭവിച്ചതെന്ന് അവള്‍ക്കറിയില്ല. എന്നാല്‍ മൂത്ത മകന്‍ ഡാനിയലിന് ഞങ്ങളെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന കാഴ്ച ഷോക്കായി പോയി. ഇതുവരെ അവന്‍ അതില്‍നിന്ന് മുക്തനായിട്ടില്ല.’- നതാലിയ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചത് അനുസരിച്ചാണ് തങ്ങള്‍ നതാലിയേയും ഭര്‍ത്താവിനേയും അറസ്റ്റ് ചെയ്തതെന്നും വിശദമായ അന്വേഷണം വേണമെന്ന് തീരുമാനിച്ചതെന്നും സോഷ്യല്‍ വര്‍ക്കര്‍മാര്‍ പറയുന്നു. ഇത്രയൊക്കെ ദുരിതമനുഭവിച്ചിട്ടും ഒരാള്‍ പോലും തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന സമ്മതിക്കാനുളള മാന്യത കാട്ടിയില്ലെന്ന് നതാലിയ ആരോപിക്കുന്നു. നതാലിയയുടെ ആദ്യബന്ധത്തിലുളള കുട്ടികളാണ് ഡാനിയേലും ആദല്ലെയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല