ലണ്ടന്‍ : ഉപ്പിന്റെ ഉപയോഗം കുറച്ചാല്‍ വയറ്റിലുണ്ടാകുന്ന ക്യാന്‍സര്‍ രോഗങ്ങളില്‍ പതിനാല് ശതമാനവും ഒഴിവാക്കാന്‍ സാധിക്കുമെന്ന റിപ്പോര്‍ട്ട്. യുകെയില്‍ കണ്ടുവരുന്ന ഉദര അര്‍ബുദ രോഗങ്ങളില്‍ ഏഴില്‍ ഒന്നും അമിതമായി ഉപ്പ് ഉപയോഗിക്കുന്നതുകൊണ്ടാണന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ബ്രിട്ടനിലെ ഒരു മനുഷ്യന് ദിവസവും 8.6 ഗ്രാം ഉപ്പ് കഴിക്കുന്നുണ്ടെന്നാണ് കണക്ക്. സംസ്കരിച്ച ഭക്ഷണത്തില്‍ ഇതിന്റെ അളവ് വളരെ കൂടുതലായിരിക്കും. സാധാരണ ഒരു മനുഷ്യന് കഴിക്കേണ്ട ഉപ്പിന്റെ അനുവദനീയമായ അളവ് ആറ് ഗ്രാമാണ്. അതായത് ബ്രിട്ടനിലുളളവര് അനുവദനീയമായ അളവിലും നാല്പത്തിമൂന്ന് ശതമാനം അധികമാണ് ഉപയോഗിക്കുന്നത്.
ഇതൊഴിവാക്കാനായി കടകളില്‍ നിന്നു വാങ്ങുന്ന ഭക്ഷ്യസാധനങ്ങളെ ലേബല്‍ ചെയ്ത് സൂക്ഷിക്കണമെന്ന് വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ട് നിര്‍ദ്ദേശിക്കുന്നു. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് അനുസരിച്ചാകണം ഇവയെ ലേബല്‍ ചെയ്യേണ്ടത്. ഇത് ആളുകള്‍ക്ക് തങ്ങള്‍ എത്രത്തോളം ഉപ്പും പഞ്ചസാരയും അധികമായി കഴിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഉദര അര്‍ബുദം പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയില്ല. പല കേസുകളിലും രോഗം മൂര്‍ച്ഛിച്ചതിന് ശേഷമാകും കണ്ടെത്തുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങള്‍ മാത്രമാണ് രോഗത്തെ പ്രതിരോധിക്കാനുളള മാര്‍ഗ്ഗമെന്ന് ഡബ്ള്യു സി ആര് എഫിന്റെ ഹെഡ് കേറ്റ് മെന്‍ഡോസ പറഞ്ഞു.
സംസ്കരിച്ച ഭക്ഷണങ്ങളില്‍ ഉപ്പിന്റെ അളവ് കൂടുതലാണ്. ഇത്തരം ഭക്ഷണങ്ങളുടെ അളവ് കുറച്ചുകൊണ്ട് കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. ബ്രിട്ടനില്‍ ഓരോ വര്‍ഷവും 7500 ഉദര അര്‍ബുദ രോഗികള്‍ പുതുതായി ഉണ്ടാകുന്നുണ്ടെന്നാണ് ഡബ്ള്യു സി ആര് എഫിന്റെ കണക്ക്. വര്‍ഷം തോറും 5000 ആളുകള്‍ ഈ അസുഖം കാരണം മരിക്കുന്നുണ്ട്. ഒരു ദിവസം ആറ് ഗ്രാമെന്ന നിലയിലേക്ക് ഉപ്പിന്റെ അളവ് കുറച്ചാല്‍ വര്‍ഷം 1050 ഉദര അര്‍ബുദമെങ്കിലും തടയാന്‍ സാധിക്കുമെന്നാണ് ഡബ്ള്യു സി ആര് എഫിന്റെ കണ്ടെത്തല്‍. ഉപ്പിന്റെ അളവ് കൂടുന്നത് രക്ത സമ്മര്‍ദ്ദം കൂടാന്‍ കാരണമാകുന്നു. ഇത് പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകുന്നു. ഒപ്പം ഓസ്റ്റിയോപോറസിസ്, കിഡ്നി സംബന്ധമായ അസുഖങ്ങള്‍ക്കും ഉപ്പിന്റെ അളവ് കൂടുന്നത് കാരണമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല