1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2012


ജോബി ആന്റണി

വിയന്ന: ഓസ്ട്രിയയിലെ നോയീസീഡല്‍ തടാകത്തില്‍ നടക്കുന്ന 420 വേള്‍ഡ് ബോട്ട്‌ റേസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യയില്‍ നി്ന്നും മലയാളി ഉള്‍പ്പെടെ രണ്ടുപേരുടെ ടീം പങ്കെടുക്കും. ചെന്നൈയില്‍ നിന്നുള്ള അങ്കിത്ത് ജോര്‍ജ് വിവിഷും പഞ്ചാബില്‍ നിന്നുള്ള ശിവ് രേഖിയുമാണ് യൂറോപ്പിലെ പേരുകേട്ട സെയിംലിംഗ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. ഇരുവരുടേയും ആദ്യത്തെ രാജ്യാന്തരമത്സരമാണിത്. ഈ മാസം 25 മുതല്‍ ഓഗസ്റ്റ് 5 വരെയാണ് മത്സരങ്ങള്‍.

ഇന്ത്യയില്‍ നടന്നിട്ടുള്ള നിരവധി ചെറുതുംവലുതുമായ മത്സരങ്ങളില്‍ വിജയികളായ അങ്കിത്-ശിവ് ടീം യൂറോപ്പില്‍ വിജയിക്കുക എന്നതിലുപരി അന്താരാഷ്ട്രമത്സരങ്ങളില്‍ പങ്കെടുത്തു ലഭിക്കുന്ന പരിചയത്തിനും ഈ മേഖലയില്‍ വ്യാപരിക്കുന്ന രാജ്യാന്തരതാരങ്ങളുമായി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനുമായിരിക്കും ശ്രദ്ധ ചെലുത്തുന്നത്. ഓസ്‌ട്രിയയില്‍ നടക്കുന്ന മത്സരം കാലാവസ്ഥയുടെ വ്യത്യാസംകൊണ്ടും രാജ്യാന്തരതാരങ്ങളുടെ ബാഹുല്യംകൊണ്ടും ഏറെ ശ്രദ്ധേയമാകുമെന്നും നടക്കാനിരിക്കുന്ന ചാമ്പ്യന്‍ഷിപ്പ് തങ്ങളുടെ കരിയറിലെ ഏറ്റം പ്രധാനപ്പെട്ടതാവുമെന്ന് താരങ്ങള്‍ പറഞ്ഞു.

അങ്കിതും ശിവും സ്‌കൂള്‍തലം മുതല്‍ വളരെയടുത്ത സുഹൃത്തുക്കളാണ്. ഈ കുട്ടുകെട്ട് അതിനാല്‍ അവരെ കടലിന്റെ ഓളങ്ങള്‍ ഒരുപോലെ കീറിമുറിച്ച് മുന്നേറാന്‍ പ്രത്യേകംസഹായിക്കുന്നു. കഴിഞ്ഞ അന്‍പത് വര്‍മായി ഇന്ത്യയില്‍ സെയിലിംഗ് രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളവരുടെ കുടുംബത്തില്‍ നിന്നാണ് ശിവ് വരുന്നതെങ്കില്‍ സ്വന്തംതാത്പര്യപ്രകാരം അങ്കിത്ത് ഉണ്ടാക്കിയെടുത്ത ഹോബിയാണ് സെയിലിംഗ് തെരഞ്ഞെടുക്കാന്‍ കാരണമായത്. ഇരുവരുടേയും കരിയറില്‍ വഴിത്തിരിവായത് കഴിഞ്ഞ ജനുവരിയില്‍ നടന്ന ഇന്റര്‍നാഷണല്‍ 420 കാറ്റഗറിയിലെ നാഷണല്‍ സ്‌ക്വാഡ് മത്സരങ്ങളില്‍ വിജയിച്ചതോടെയാണ്.

ഒരുപക്ഷേ 2014 ല്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ വാതായനംപോലും ഈ യുവാക്കളുടെ മുന്നില്‍ത്തുറന്നുകിടക്കുകയാണ്. യൂറോപ്പില്‍ ലഭിക്കുന്ന പരിചയം അതിലേക്കുള്ള ചുവടുവയ്പാകുമെന്നുറപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.