സിസ്റ്റര്‍ അഭയ കേസ് ഒതുക്കാന്‍ കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി മന്ത്രി കെഎം മാണിയുമായുള്ള ബന്ധവും ഉപയോഗിച്ചെന്ന് ബി.സി.എം കോളജിലെ മുന്‍ പ്രഫസര്‍ ത്രേസ്യാമ്മ. ആര്‍ച്ച് ബിഷപ് കുര്യാക്കോസ് കുന്നശേരിക്ക് കൂടുതല്‍ സ്ത്രീകളുമായി ‘അടുത്ത ബന്ധം’ ഉണ്ടായിരുന്നെന്നും അവര്‍ ആരോപിച്ചു.
കുന്നശേരിക്ക് രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. മന്ത്രി കെ.എം. മാണിയുമായാണ് അദ്ദേഹത്തിന് കൂടുതല്‍ ബന്ധം. ഈ ബന്ധങ്ങള്‍ സിസ്റ്റര്‍ അഭയ കേസ് ഒതുക്കാന്‍ അദ്ദേഹം ഉപയോഗപ്പെടുത്തി. മാധ്യമം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ത്രേസ്യാമ്മ ബിഷപ്പ് കുര്യാക്കോസ് കുന്നശേരിയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.
അഭയ കേസിലെ പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹരജിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കാര്യങ്ങള്‍ വസ്തുതാപരമാണെന്നും അഭയ കേസിലെ സാക്ഷി കൂടിയായ അവര്‍ പറഞ്ഞു.
ബിസിഎം കോളജിലെ ഹിന്ദി അധ്യാപികയായിരുന്ന സിസ്റ്റര്‍ ലൂസിയുമായി കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ് കൂടിയായ മാര്‍ കുന്നശേരി വളരെ അടുപ്പം പുലര്‍ത്തിയിരുന്നെന്നാണ് സി.ബി.ഐയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്. പിതാവിന് ലൂസിയുമായി മാത്രമല്ല ബന്ധമുണ്ടായിരുന്നതെന്ന് ത്രേസ്യാമ്മ പറയുന്നു. ലൂസിയാണ് മറ്റ് സ്ത്രീകളെ പിതാവിന് പരിചയപ്പെടുത്തിക്കൊടുത്തിരുന്നത്. ഇത്തരം കാര്യങ്ങളോട് സിസ്റ്റര്‍ സാവിയോക്ക് എതിരായിരുന്നു. അതിനാല്‍, അവരെ പിതാവ് നിര്‍ബന്ധിത വി.ആര്‍.എസ് എടുപ്പിച്ച് മഠത്തിലിരുത്തി.
സിസ്റ്റര്‍ ലൂസിയുമായുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് അഭയകേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും ഫാദര്‍ ജോസ് പൂതൃക്കയിലും ആര്‍ച്ച് ബിഷപ്പിനെ വരുതിയില്‍ നിര്‍ത്തിയിരുന്നത്. സിസ്റ്റര്‍ സ്‌റ്റെഫിയും ഫാദര്‍ തോമസ് കോട്ടൂരും ഫാദര്‍ പൂതൃക്കയിലും ചേര്‍ന്നാണ് സിസ്റ്റര്‍ അഭയയെ കൊന്നത്.
ഇക്കാര്യങ്ങളൊക്കെ താന്‍ സി.ബി.ഐക്കുമുന്നില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നാലുതവണ സി.ബി.ഐ ഉദ്യോഗസ്ഥര്‍ തന്നെ വന്നുകണ്ടെന്നും ചോദ്യം ചെയ്യുകയായിരുന്നില്ല താന്‍ എല്ലാ വിവരവും അവരോട് തുറന്നുപറയുകയാണ് ചെയ്തതെന്നും പ്രഫസര്‍ ത്രേസ്യാമ്മ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല