1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2012

അഭയ കേസുമായി ബന്ധപ്പെടുത്തി കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ സിബിഐ നടത്തിയ നീക്കത്തിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കോട്ടയം അതിരൂപത വ്യക്തമാക്കി. നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

സിസ്റ്റര്‍ ലൌസി എന്നൊരു കന്യാസ്ത്രീ ബിസിഎം കോളജിലോ പയസ് ടെന്‍ത് ഹോസ്റ്റലിലോ ഒരുകാലത്തും ഉണ്ടായിരുന്നിട്ടില്ല. ഇല്ലാത്ത ഒരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കി കളവായി കാര്യങ്ങള്‍ ബോധിപ്പിച്ച സിബിഐയുടെ നടപടിക്കു കൂട്ടുപിടിച്ചാണ് ചില ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ സഭയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

അഭയ കേസിന്റെ ഓരോ കാലഘട്ടത്തിലും തെറ്റായ വാര്‍ത്തകള്‍ നല്‍കി സഭയെയും സഭാധികാരികളെയും കരിതേച്ചു കാണിക്കുവാന്‍ സിബിഐ ശ്രമിച്ചിരുന്നു. ഇല്ലാത്ത റിപ്പോര്‍ട്ട് ഉണ്ടെന്ന് ആരോപിച്ച് തന്നെ തേജോവധം ചെയ്യാന്‍ ശ്രമിച്ചതിനെതിരെ സിബിഐയ്ക്കും, കേന്ദ്ര ഗവണ്‍മെന്റിനുമെതിരെ സിസ്റ്റര്‍ സെഫി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജിയില്‍ താന്‍ കന്യകാത്വം തെളിയിക്കാന്‍ തയാറാണെന്ന് സിസ്റ്റര്‍ സെഫി സത്യവാങ്മൂലം നല്‍കിയിട്ടുമുണ്ട്.

നാര്‍ക്കോ അനാലിസിസിന്റെ സിഡി കൃത്രിമമാണെന്ന് കോടതി നിയോഗിച്ച സമിതി കണ്ടെത്തിയിട്ടും മനപൂര്‍വം മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച് സഭയെ കരിതേയ്ക്കാനാണ് സിബിഐ ശ്രമം നടത്തിയത്. അഭയ കേസ് ഒരുതരത്തിലും നിലനില്‍ക്കില്ലെന്നു ബോധ്യം വന്ന സിബിഐ ഇല്ലാത്ത കഥകള്‍ ഉന്നയിച്ച് വീണ്ടും സഭയെയും സഭാധികാരികളെയും കരിതേച്ചു കാണിക്കുവാന്‍ ശ്രമം നടത്തുകയാണ്.

ക്നാനായ സമുദായവും പൊതുസമൂഹവും ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കുന്നശേരി പിതാവിനെ അപമാനിക്കാന്‍ ശ്രമിച്ചതിനെതിരെ കോട്ടയം അതിരൂപത ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാതെ അതു സത്യമാണെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ അവതരിപ്പിച്ചത് സഭയെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. ഇത്തരം മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെ പൊതുസമൂഹവും മാധ്യമലോകവും ഒറ്റപ്പെടുത്തേണ്ടതാണെന്നും കോട്ടയം അതിരൂപത അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.