അഭയാ കേസിന്റെ മറവില്‍ സഭയിലും സമൂഹത്തിലും ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന ആദരണീയരായ വ്യക്തികളെ ചില സാക്ഷിമൊഴികളുടെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാഖ്യാനത്തിലൂടെ അധിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വ്യക്തിവൈരാഗ്യം മൂലം സമനില നഷ്ടപ്പെട്ട ചിലര്‍ നടത്തുന്ന അടിസ്ഥാനരഹിതവും ബാലിശവുമായ ആരോപണങ്ങളെ ഗൌരവമായെടുത്ത് മാധ്യമങ്ങള്‍ വ്യക്തിഹത്യ നടത്തുന്നത് അപലപനീയമാണ്. ആര്‍ക്കു വേണമെങ്കിലും ബഹുമാന്യ വ്യക്തികളുടെ മേല്‍ ചാനലുകളിലൂടെ ആരോപണമുന്നയിക്കാം എന്നു വരുന്നത് അപകടകരമായ ഒരു പ്രവണതയാണ്.
ഇല്ലാത്ത വ്യക്തികളുടെ പേരുകളും സ്ഥാനങ്ങളും ചൂണ്ടിക്കാട്ടി ഉണ്ടാക്കിയ വ്യാജമായ കഥകള്‍ വിശ്വസിച്ച് സിബിഐയും അവ പ്രസിദ്ധീകരിക്കുന്നതിലൂടെ മാധ്യമങ്ങളും പൊതു പൌരസമൂഹത്തില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കുകയാണ്.
ക്നാനായ സമുദായത്തിന്റെ മുതിര്‍ന്ന ആത്മീയാചാര്യനും ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന മെത്രാപ്പൊലീത്തയുമായ മാര്‍ കുര്യാക്കോസ് കുന്നശേരിയെ അഭയാകേസില്‍ വലിച്ചിഴച്ച് അപമാനിക്കാനുള്ള ഹീനശ്രമങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് തീരുമാനിച്ചു.
മാര്‍ കുര്യാക്കോസ് കുന്നശേരിയേയും മറ്റു സ്ഥാനങ്ങള്‍ വഹിച്ചിരുന്നവരെയും വ്യക്തിപരമായ രീതിയില്‍ പരസ്യമായി ആക്ഷേപിച്ച വ്യക്തിക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യാനും ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് തീരുമാനിച്ചു. ആരോപണമുന്നയിക്കുന്നവരുടെ ധാര്മികപശ്ചാത്തലം കൂടി വിലയിരുത്തി വേണം മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടതെന്നും ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല