ഇന്ത്യന്‍ വിദ്യാര്‍ഥി ബ്രിട്ടനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മനോരോഗിയെന്ന് സ്വയംവിശേഷിപ്പിച്ച കിയാരന്‍ സ്റ്റേപ്പിള്‍ടണ്‍ എന്ന 21 കാരന് കോടതി 30 വര്‍ഷം തടവ് വിധിച്ചു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 26 നാണ് ഗ്രേറ്റര്മാഞ്ചസ്റ്ററിലെ സാല്‍ഫോര്‍ഡില്‍ അനുജിനെ ഒരു പ്രകോപനവുമില്ലാതെ പോയിന്റ്ബ്ലാക്ക് റേഞ്ച് തോക്കുപയോഗിച്ച് കിയാരന്‍ വെടിവച്ചുകൊന്നത്. കുറഞ്ഞതു മുപ്പതു വര്‍ഷമെങ്കിലും തടവില്‍ കഴിഞ്ഞശേഷമേ പരോള്‍പോലും അനുവദിക്കാവൂ എന്നാണു മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയുടെ ഉത്തരവ്.
ഇന്ത്യയിലും ബ്രിട്ടനിലും ഏറെ ഒച്ചപ്പാടുണ്ടാക്കിയ കേസാണിത്. മുപ്പതു വര്‍ഷത്തെ തടവിനുശേഷം സമൂഹത്തിനു ഭീഷണിയാകില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ സ്റ്റേപ്പിള്ടന്റെ മോചനം പരിഗണിക്കാവൂ എന്ന് ജഡ്ജി തിമോത്തി കിങ് എടുത്തുപറഞ്ഞു. ക്രൂരനായ കൊലപാതകിക്ക് താന്‍ ചെയ്ത കാര്യത്തില്‍ പശ്ചാത്താപമില്ലെന്നതാണ് അധികൃതരെ ഏറെ അമ്പരപ്പിച്ചത്. അഞ്ചാഴ്ച നീണ്ട വിചാരണവേളയിലും ശിക്ഷാവിധി കേട്ടപ്പോഴും ഇരുപത്തൊന്നുകാരനായ സ്റ്റേപ്പിള്‍ടണ്‍ തെല്ലും പശ്ചാത്താപം പ്രകടിപ്പിക്കാതെ പുഞ്ചിരി പൊഴിച്ചുകൊണ്ടിരുന്നു. വിചാരണയോടനുബന്ധിച്ചു ലണ്ടനിലെത്തിയ അനൂജിന്റെ കുടുംബാംഗങ്ങളെ നോക്കിയും ഇയാള്‍ ചിരിക്കുന്നുണ്ടായിരുന്നു.
പുണെ സ്വദേശിയായ അനൂജ് 2011 സെപ്റ്റംബറിലാണ് ബ്രിട്ടനിലെത്തിയത്. ലങ്കാസ്റ്റര്‍ സര്‍വകലാശാലയില്‍ മൈക്രോ ഇലക്ട്രോണിക്സ് വിദ്യാര്‍ഥിയായിരുന്ന അനൂജിനെ സാല്ഫഡിലെ തെരുവില്‍ സ്റ്റേപ്പിള്‍ടണ്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. കൊലപാതകത്തിന് അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ച ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത് ‘ഭ്രാന്തന് സ്റ്റേപ്പിള്‍ടണ്‍ എന്നാണ്. ചെയ്ത കാര്യത്തില്‍ അഭിമാനിക്കുന്നു എന്ന മട്ടിലായിരുന്നു പ്രതിയുടെ പ്രവൃത്തികള്‍.
കേസിന്റെ കാര്യങ്ങള്‍ക്കായി ലണ്ടനിലെത്തിയ അനൂജിന്റെ മാതാപിതാക്കള്‍ സുഭാഷ് ബിദ്വെയും യോഗിനിയും അഞ്ചാഴ്ച നീണ്ട വിചാരണയിലും സന്നിഹിതരായിരുന്നു. വിധി പ്രസ്താവിക്കുന്നതിനു തലേന്ന് അവര്‍ അനൂജ് വധിക്കപ്പെട്ട സ്ഥലത്തെത്തി പ്രാര്‍ഥന നടത്തുകയും പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്തു. കോടതിവിധിയില്‍ അവര്‍ തൃപ്തി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല