ലണ്ടന്‍ സന്തോഷത്തിലാണ്. ലോകം മുഴുവന്‍ ലണ്ടനിലേക്ക് ചുരുങ്ങിയിരിക്കുന്നതുപോലെ. വിവിധ രാജ്യങ്ങളില്‍ നിന്നുളള അത്ലറ്റുകളും ഒഫിഷ്യല്സുകളുമൊക്കെയായി ഒരു പൂരനഗരം പോലെ ലണ്ടന്‍ മാറിയിരിക്കുന്നു, ഒരു മായിക നഗരം പോലെ തോന്നും ഒളിമ്പിക് വില്ലേജ് കണ്ടാല്‍. എവിടേയും താരങ്ങളുടെ വന്‍പടകള്‍. വിവിധ രാജ്യങ്ങളില്‍ നിന്നുളളവര്‍. പലരും ഇംഗ്ലീഷിനു വേണ്ടി പരുങ്ങുന്നത് കണ്ടു. ചിലര്‍ ദ്വിഭാഷികളുടെ സഹായം തേടുന്നു. ഒളിമ്പിക്സ് വില്ലേജുകളില്‍ ഒരുക്കിയിരിക്കുന്നത് കര്‍ശന സുരക്ഷ സംവിധാനങ്ങളാണ്. വിവിധ തലങ്ങളിലുളള പരിശോധന കൂടാതെ ഒരാള്‍ക്കു പോലും അകത്തു കടക്കാന്‍ കഴിയില്ല. അകത്തു കടന്നാലോ വിശാലമായ മറ്റൊരു ലോകമാണ് സ്റ്റാര്ട്ടഫോര്ഡില് കാത്തിരിക്കുന്നത്.
എല്ലായിടവും ഹൈടെക്കാണെന്നതാണ് മറ്റൊരു പ്രത്യേകത. നെയിം ഡിസ്പ്ലേ ബോര്‍ഡുകള്‍ തുടങ്ങി വൈഫൈ അടക്കമുളള സംവിധാനങ്ങള്‍.എന്നാല്‍ മീഡിയ റൂമിലും ചിലയിടങ്ങളിലും മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനപ്പുറം ഉപയോഗിച്ചാല്‍ പണം നല്‍കേണ്ടി വരും.
ലണ്ടനിലെ ട്രാഫിക് സംവിധാനങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ലെന്നും അമിത തിരക്ക് തങ്ങളെ ബാധിച്ചിട്ടുണ്ടെന്നും വില്ലേജിന് പുറത്ത് ചുറ്റിക്കറങ്ങിയ കാമറൂണ്‍ ജൂഡോ അത്ലറ്റ് ദെയ്ദോണ് ദൊലാസം പറഞ്ഞു. പല അത്ലറ്റുകളും ഇതാദ്യമായാണ് ഒളിമ്പിക്സ് വേദിയിലെത്തുന്നത്. അതുകൊണ്ട് തന്നെ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന വേദി കണ്ട് പലര്‍ക്കും ആശ്ചര്യം, ചിലര്‍ക്ക് അമ്പരപ്പ്. ലണ്ടന്‍ നിവാസികള്‍ പോലും ഒളിമ്പിക് വില്ലേജ് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. കമനീയമായ രീതിയിലാണ് ഇത് അണിയിച്ചൊരുക്കിയിരിക്കുന്നത്. എല്ലായിടവും എപ്പോഴും വൃത്തിയാ്ക്കി കൊണ്ടേയിരിക്കുന്നു.
സുരക്ഷയുടെ കാര്യത്തിലും മറ്റും അത്ലറ്റുകളെ സഹായിക്കാനായി വിവിധ വോളന്റിയര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. എല്ലാവര്ക്കും ഹോളിഡേ മൂഡ്. ലണ്ടനിലെങ്ങും ഒരു അവധിക്കാല മൂഡ് പ്രകടം. സര്‍വ്വകലാശാലകളില്‍ പലതിനും അവധിയാണ്. ഇവിടെ നിന്നുളള വിദ്യാര്‍ത്ഥികളില്‍ പലരും ഒളിമ്പിക്സ് വോളന്റിയര്‍മാരായി രംഗത്തെത്തിയിട്ടുണ്ട്. ഇടയ്ക്ക് പെന്ഷന് പറ്റിയ ചില സീനിയര്‍ സിറ്റിസണ്‍സിനെയും കണ്ടു. എല്ലാവരുടെയും കഴുത്തില്‍ വലിയ ബാഡ്ജുകള്‍. അവരെല്ലാം തന്നെ വോളിന്റിയേഴ്സാണ്. എന്നാല്‍ പലരും ദിവസക്കൂലിക്കാണ് എത്തിയിരിക്കുന്നത് എന്നതു മറ്റൊരു യാഥാര്‍ത്ഥ്യം. 10 പൗണ്ടു മുതല്‍ മുകളിലേക്കാണ് പലരുടെയും ദിവസ ശമ്പളം.
ഇതിനു പുറമേ, സ്റ്റാഫോര്‍ഡിലും ലണ്ടനിലും ഉളളവര്‍ തങ്ങളുടെ താമസസ്ഥലങ്ങളെയും ഹോം സ്റ്റേകളാക്കി മാറ്റിയിട്ടുണ്ട്. ഹോട്ടലുകളില്‍ മുറി കിട്ടാത്തവരെ തൃപ്തിപ്പെടുത്തുകയാണ് ഇവരുടെ ഉദ്ദേശം. ഒരു രാത്രിക്ക് 10 പൗണ്ടാണ് ചെലവ്. എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാം. പലരും ഇതിനു വേണ്ടി ഹോട്ടലുകളുമായി പോലും ബിസിനസ് സ്ഥാപിച്ചിട്ടുണ്ട്. ചിലര്‍ മിനി ജനറേറ്ററും സ്റ്റൗവും, എയര്‍ ബെഡുകളുമൊക്കൈ നല്കി സാഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ലണ്ടനിലേക്ക് ഒഴുകിയിറങ്ങുന്നതോടെ ഒളിമ്പിക്സിന്റെ നിറവും മാറും.അക്വാട്ടിക് ക്ലബിനു സമീപം കാംപ്ബെല്‍ എന്ന ഫിസിക്കല്‍ ട്രെയ്നറെ കണ്ടപ്പോള്‍ പറഞ്ഞു, ലണ്ടനിലെ
കായിക വിദ്യാര്‍ത്ഥികള്‍ക്ക് സുവര്‍ണാവസരമാണ് ഒളിമ്പിക്സ് ഒരുക്കിയിരിക്കുന്നത്. ഗ്ലാസ്ഗോയിലാണല്ലോ അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. അതിനൊരു മുന്നൊരുക്കമായി ഇപ്പോഴത്തെ ഒളിമ്പിക്സിനെ കാണുന്നു. കാംപ്ബെല്‍ ഉത്തേജകമരുന്നു പരിശോധന ക്യാമ്പിലാണ് ഇപ്പോള്‍ താത്ക്കാലിക ജോലി ചെയ്യുന്നത്. എല്ലാവര്ക്കും തിരക്കോടു തിരക്ക് തന്നെ. ദിവസങ്ങള്‍ക്കുളളില്‍ കൂടുതല്‍ തിരക്കിലേക്ക് ലണ്ടനും പരിസരപ്രദേശവും വീഴും. മാധ്യമപ്പട മുഴുവന്‍ ലണ്ടനില്‍ വന്നിറങ്ങി കഴിഞ്ഞു. കേരളത്തില്‍ നിന്നുമെത്തിയിട്ടുളളവരെ പലേടത്തും തെരഞ്ഞെങ്കിലും ആരെയും കണ്ടില്ല. വരും ദിവസങ്ങളില്‍ കണ്ടെത്തണം.
കടപ്പാട് മാധ്യമം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല