1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2012


കാരൂര്‍ സോമന്‍ ലണ്ടന്‍ (ഒളിമ്പിക്‌സ് ഡയറി)

എല്ലായിടവും ഒഴിഞ്ഞുകിടക്കുന്നു. ഗാലറിയിലെങ്ങും ഇഷ്ടംപോലെ സീറ്റുകള്‍.
ഇതെന്താണ് ഇങ്ങനെ? പുറത്ത് ഒരു ടിക്കറ്റ് കിട്ടാന്‍ എത്ര പൗണ്ടും
മുടക്കാന്‍ തയാറായി ജനം ക്യൂ നില്‍ക്കുന്നു. കരിഞ്ചന്തയിലെ ടിക്കറ്റ്
വാങ്ങാന്‍ ആളുകള്‍ ഓടിനടക്കുന്നു. ബ്ലാക് മാര്‍ക്കറ്റിലുള്ളവരെ
പിടികൂടാന്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് രംഗത്തിറങ്ങിയെന്ന വാര്‍ത്ത
പരന്നിട്ടും കരിഞ്ചന്തയില്‍ ഇരട്ടിവിലക്ക് ടിക്കറ്റെടുക്കാനാളുണ്ട്.
എന്നുകരുതി, ഏതെങ്കിലും മത്സരംകാണാന്‍ സ്‌റ്റേഡിയത്തിനുള്ളില്‍ കയറിയാല്‍
കാണാനാവുന്നതോ കാലിയടിച്ചു കിടക്കുന്ന സീറ്റുകളും. മത്സരം
തീരാറാവുമ്പോഴും കാണികള്‍ എത്തിയിട്ടില്ല. ജിംനാസ്റ്റിക് മത്സരത്തിലെ
ഒഴിഞ്ഞ ഇരിപ്പിടത്തില്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ കയറിയിരുന്ന്
അഭ്യാസമുറകള്‍ കാണുന്നതു കണ്ടപ്പോള്‍ കൗതുകംതോന്നി. എന്റെ സുഹൃത്ത്
മിക്കി ആര്‍തര്‍ അതിന്റെയൊരു ചിത്രമെടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരു
പട്ടാളക്കാരന്‍ വിലക്കി. സുരക്ഷാ പ്രശ്‌നമാണത്രേ കാരണം. അതിലെന്തു
സുരക്ഷാ പ്രശ്‌നമെന്ന് എത്ര ആലോചിട്ടും പിടികിട്ടിയില്ല.
മത്സരങ്ങള്‍ കാണാന്‍ ആളില്ലെന്ന വാര്‍ത്തയുമായാണ് മഞ്ഞപത്രങ്ങള്‍
പുറത്തിറങ്ങുന്നത്. അതോടെ, പ്രസ് ബോക്‌സിലെങ്ങും ഒഫീഷ്യല്‍ റിലീസ്
എത്തിത്തുടങ്ങി. സീറ്റ് വേക്കന്റായി കിടക്കുന്നതിനെക്കുറിച്ചുള്ള
വിശദീകരണമാണ്. ആകെയുള്ള 8.8 മില്യണ്‍ ടിക്കറ്റുകളില്‍ എട്ടു ശതമാനത്തോളം
മുഖ്യസ്‌പോണ്‍സര്‍മാര്‍ക്കായി മാറ്റിവെച്ചിരിക്കുകയാണെന്നാണ്
ഒളിമ്പിക്‌സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പ് പറയുന്നത്. ബാക്കി 75
ശതമാനവും പൊതുജനങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നുവത്രെ. 12 ശതമാനം
ബ്രിട്ടീഷ് ദേശീയ ഗെയിംസ് കമ്മിറ്റിക്കും ശേഷിക്കുന്ന അഞ്ചു ശതമാനം
ഒളിമ്പിക്‌സ് ഫാമിലിക്കുമെന്നാണ് അറിയിപ്പ്. ഇതിനിടയില്‍
മാധ്യമങ്ങള്‍ക്കുമുണ്ട് കുറച്ച്. ശതമാനമൊക്കെ വെച്ചുനോക്കുമ്പോള്‍ സംഭവം
ജോറാണെങ്കിലും സ്‌റ്റേഡിയത്തിനുള്ളില്‍ കയറുമ്പോള്‍ സീറ്റിന്റെ മുക്കാല്‍
ഭാഗവും ഒഴിഞ്ഞുതന്നെ കിടക്കുന്നതു കാണുമ്പോള്‍ എവിടെയോ എന്തോ
സംഭവിച്ചിരിക്കുന്നുവെന്നു വ്യക്തം.
ടിക്കറ്റ് വില്‍പനയിലൂടെ കോടിക്കണക്കിനു രൂപ ബ്രിട്ടീഷ് സര്‍ക്കാറിനു
ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഒഴിഞ്ഞ
സീറ്റുകളില്‍നിന്ന് എന്തു വരുമാനമാണ് ലഭിക്കുന്നതെന്ന് എത്ര
ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. കായിക മാമാങ്കത്തിന്
മങ്ങലേല്‍ക്കുന്നുവോ എന്നു തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു മിക്ക
മത്സരങ്ങളിലെയും ഗാലറിയിലെ കാഴ്ചകള്‍. ജൂഡോ, ഫെന്‍സിങ്,
വെയ്റ്റ്‌ലിഫ്റ്റിങ് എന്നിവക്കൊക്കെയും ഇങ്ങനെതന്നെ. ഒരുഭാഗം മുഴുവന്‍
സുരക്ഷ കൈയാളുന്ന വളന്റിയേഴ്‌സും സ്‌കൂള്‍ കുട്ടികളും
കൈയടക്കിയിരിക്കുന്നു. ശേഷിച്ചിടത്തൊന്നും ആളുകളേയില്ല. ഇപ്പോഴും
ഫുട്‌ബോള്‍ മത്സരത്തിന്റെ രണ്ടരലക്ഷത്തോളം ടിക്കറ്റുകളില്‍ 110,000
ടിക്കറ്റുകള്‍ വിറ്റുപോകാനുണ്ടെന്ന് ടിക്കറ്റ്
വില്‍പനക്കുവെച്ചിരിക്കുന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
ഇതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ മാധ്യമസുഹൃത്ത് തരുണ്‍ പറഞ്ഞു,
മത്സരങ്ങള്‍ ഒന്നു ചൂടുപിടിക്കട്ടേയെന്നു കരുതിയാണ് പലരും ഒഴിഞ്ഞു
നില്‍ക്കുന്നത്.
എന്നാല്‍, കാണികളുടെ കൂട്ടത്തല്ല് കാണണമെങ്കില്‍ നിങ്ങള്‍ ബീച്ച് വോളി
മത്സരങ്ങള്‍ കാണാന്‍ പോകൂ. ശരിയാണ് വനിതകളുടെ ബീച്ച് വോളി നടക്കുന്ന
ഹോഴ്‌സ് ഗാര്‍ഡ് പരേഡ് ഗ്രൗണ്ടിലേക്ക് ടാക്‌സി വിളിച്ചിട്ടുപോലും
ലഭിച്ചില്ല. അവിടെ ട്രാഫിക്ക് കൂടുതലാണത്രേ.
രാവിലെയുള്ള മത്സരങ്ങള്‍ക്കാണ് പൊതുവേ കാണികള്‍ ഇല്ലാത്തത്. ഈ സമയത്ത്
ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ നിറക്കാന്‍ ഫ്രീ പാസ് നല്‍കുന്നുവെന്ന് കേട്ട്
വളരെയേറെ പേര്‍ സ്‌റ്റേഡിയത്തിനു പുറത്തുനില്‍പുണ്ടായിരുന്നു. എന്നാല്‍,
ടേബ്ള്‍ ടെന്നിസ് നടക്കുന്ന എക്‌സല്‍ അരീനയിലും ഹോക്കി നടക്കുന്ന
റിവര്‍ബാങ്ക് അരീനയിലും ബാഡ്മിന്റണ്‍ നടക്കുന്ന വെംബ്ലി അരീനയിലും
സീറ്റുകള്‍ മിക്കവാറും ഒഴിഞ്ഞുതന്നെ കിടന്നു. ടിക്കറ്റെടുത്തിട്ടും ആളു
കയറാത്ത ഓള്‍ഡ് ട്രാഫോഡിലെ ഫുട്‌ബോള്‍ മത്സരത്തിന്റെ അവസ്ഥ റിസല്‍ട്ടിലും
പ്രതിഫലിച്ചു. ലോകചാമ്പ്യന്മാരും രണ്ടുവട്ടം യൂറോപ്യന്‍
ചാമ്പ്യന്മാരുമായി കൊട്ടിഘോഷിച്ച് വന്ന സ്‌പെയിന്‍ ഫുട്ബാളില്‍നിന്നു
പുറത്ത്. കാണാനാളില്ലാത്ത മത്സരത്തില്‍ ജയിച്ചിട്ടെന്തു കാര്യമെന്നു
അവര്‍ക്കും തോന്നിക്കാണും. എന്നാല്‍, ബ്രസീലും ബെലറൂസുമായുള്ള
മത്സരത്തിന് സ്‌റ്റേഡിയത്തിലേക്ക് അടുക്കാനെ പറ്റുന്നില്ലായിരുന്നു.
പ്രസ്‌ബോക്‌സില്‍നിന്ന് അല്‍പനേരം കളികണ്ടു മടങ്ങുമ്പോഴേക്കും ബ്രസീല്‍
മത്സരംസ്വന്തമാക്കിയിരുന്നു.
ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ സൈനയുടെ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നടക്കുന്ന
വെംബ്ലി അരീനയിലെത്തുമ്പോള്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരെ പ്രതീക്ഷിച്ചു.
എന്നാല്‍, പ്രസ്‌ബോക്‌സില്‍ പരിചിതമുഖങ്ങളൊന്നും കണ്ടില്ല.
സ്‌റ്റേഡിയത്തിനുള്ളിലേതിനേക്കാള്‍ തിരക്ക് പുറത്താണ്. ഒളിമ്പിക്‌സ്
വില്ലേജിനു പുറത്ത് ഈസ്റ്റ് ലണ്ടനില്‍ പൂരത്തിനുള്ള തിരക്ക്. പലരും
ഷോപ്പിങ്ങിന്റെ ഉത്സാഹത്തില്‍. പാര്‍ക്കുകളെല്ലാം നിറഞ്ഞു
കവിഞ്ഞിരിക്കുന്നു. റസ്റ്റാറന്റുകളിലും ഹോട്ടലുകളിലും കാലുകുത്താന്‍
ഇടയില്ല. ഒളിമ്പിക്‌സ് എന്നപേരില്‍ ലണ്ടന്‍ കാണാന്‍ കിട്ടിയ സുവര്‍ണാവസരം
പാഴാക്കാതിരിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. അതിനിടക്ക് എന്തോന്ന്
വോളിബാള്‍, എന്തോന്ന് ഹാന്‍ഡ്ബാള്‍?

കടപ്പാട് മാധ്യമം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.