ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷക്ക് വീണ്ടും തീരിച്ചടി. അമ്പെയ്ത്ത് വ്യക്തിഗത ഇനത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ദീപികാ കുമാരി പുറത്തായതോടെ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷ അസ്തമിച്ചു.
ബ്രിട്ടന്റെ ആമി ഒലിവറാണ് ദീപികാ കുമാരിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഒന്നാം നമ്പര്‍ താരത്തിന്റെ ഫോം പുറത്തെടുക്കാന്‍ ദീപിക്കായില്ല. നേരത്തേ അമ്പെയ്ത്ത് ടീമിനത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
ഷൂട്ടിങ്ങില്‍ ഗഗന്‍ നാരംഗ് നേടിയ വെങ്കലമെഡല്‍ മാത്രണ് ഇതുവരെ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പട്ടികയിലുള്ളത്.
അതേസമയം ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി. കശ്യപ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ശ്രീലങ്കന്‍ താരം നിലൂക കരുണാരത്‌നയെ ആണ് കശ്യപ് പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. മൂന്നു സെറ്റ് നീണ്ട മത്സരത്തിനൊടുവിലായിരുന്നു കശ്യപിന്റെ വിജയം. സ്‌കോര്‍ 21-14, 15-21, 21-9.
ഒളിമ്പിക്‌സില്‍ പുരുഷവിഭാഗം ബാഡ്മിന്റണില്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കശ്യപ്. 1992 ബാഴ്‌സലോണ ഗെയിംസില്‍ ദീപാങ്കര്‍ ഭട്ടാചാര്‍ജി മൂന്നാം റൗണ്ടിലെത്തിയതായിരുന്നു ഈ ഇനത്തില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സിലെ ഇതുവരെയുള്ള മികച്ച പ്രകടനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല