1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2012

ലണ്ടന്‍ : പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് യൂറോയെ രക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പോളിസി മേക്കേഴ്‌സിന്റെ യോഗം ചേരുമെന്ന പ്രഖ്യാപനത്തിനും യൂറോയുടെ വില ഇടിയുന്നത് തടയാന്‍ കഴിഞ്ഞില്ല. യൂറോയെ രക്ഷിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് കഴിയുന്നതെല്ലാം ചെയ്യും എന്ന് പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുളളില്‍ യൂറോയുടെ വില വീണ്ടും ഇടിഞ്ഞു. ഇസിബി പ്രസിഡന്റ് മരിയോ ഡ്രാഗിയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുളളില്‍ സ്‌പെയ്ന്‍ തങ്ങളുടെ പക്കലുളള ബോണ്ട് വില്‍ക്കാന്‍ ശ്രമിച്ചതാണ് വിലയിടിയാന്‍ കാരണം. പതിനേഴ് രാജ്യങ്ങളുടെ ഏക കറന്‍സിയായ യൂറോ യെന്നിനെതിരേ താഴേക്ക് പോവുകയായിരുന്നു. പ്രതിസന്ധി തടയാന്‍ ഇസിബി ബോണ്ട് മാര്‍ക്കറ്റില്‍ ഇടപെടുമെന്ന് പ്രഖ്യാപിച്ച് ശേഷമാണ് സ്‌പെയ്ന്‍ ബോണ്ടുകള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്.

ഇതിനിടെ വ്യാഴാഴ്ച ചേരാനിരിക്കുന്ന ഇസിബിയുടെ മീറ്റിങ്ങിനെ കുറിച്ചുളള അഭ്യൂഹങ്ങള്‍ ശക്തമായി. പ്രതിസന്ധി പരിഹരിക്കാനായി ബെയ്ല്‍ ഔട്ട് ഫണ്ടുകള്‍ ഉദാരമായി അനുവദിക്കുമെന്നാണ് കരുതുന്നത്. ഇതേ പ്രതീക്ഷതന്നെയാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടിയും പങ്കുവെച്ചത്. എന്നാല്‍ ഇത്തരത്തില്‍ ഉദാരമായി വായ്പ അനുവദിക്കുന്നതിനെതിരെ ജര്‍മ്മിനിയിലെ പ്രധാനബാങ്കായ ബണ്ടസ് ബാങ്കിന്റെ തലവന്‍ ജെന്‍സ് വെയ്ഡ്മാന്‍ ശക്തമായി രംഗത്തെത്തി. യൂറോയെ രക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന ഇസിബി ചീ്ഫ് മരിയോ ഡ്രാഗിയുടെ പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് ഇസിബിയുടെ 23 ആംഗ ഗവേണിങ്ങ് കൗണ്‍സില്‍ സമ്മേളിക്കുന്നത് എന്നതും പ്രതീക്ഷയെ വാനോളം ഉയര്‍ത്തുന്നു.

ഡോളറിന് ആവശ്യകത വര്‍ദ്ധിച്ചതും യൂറോയുടെ വിലയിടിയാന്‍ കാരണമായി. യൂറോയെ രക്ഷിക്കാന്‍ ഇസിബി മികച്ച പദ്ധതികളെന്തെങ്കിലും കൊണ്ടുവരുമെന്നതാണ് വിപണിയുടെ പ്രതീക്ഷ. എന്നാല്‍ നടപടികള്‍ സ്വീകരിക്കുമെന്നുളള പ്രഖ്യാപനം വിപണിയെ നിരാശപ്പെടുത്തിയെന്നും അതാണ് വില ഇടിയാന്‍ കാരണമെന്നും കോമണ്‍വെല്‍ത്ത് ബാങ്ക് ഓഫ് ആസ്‌ട്രേലിയയുടെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഡ്രാഗ്‌സെവിക് പറഞ്ഞു.

രാവിലെ ടോക്കിയോയില്‍ 1.2222 ഡോളറിനാണ് യൂറോയുടെ വ്യാപാരം തുടങ്ങിയത്. പിന്നീട് 0.6 ശതമാനം ഇടിവ് രേഖപ്പെടുത്തി 1.2225 ഡോളറിലെത്തി. യെന്നുമായുളള വ്യാപാരത്തില്‍ കഴിഞ്ഞദിവസത്തേക്കാള്‍ 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ 0.4 ശതമാനം ലാഭവുമായി ഡോളര്‍ കുറച്ചുകൂടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. യൂറോപ്പിനെ ആകമാനം ബാധിച്ചിരിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് യൂറോയെ രക്ഷിക്കാന്‍ ഇസിബി ഫലപ്രദമായി ഇടപെടണമെന്ന് നിക്ഷേപകരും രാഷ്ട്രീയ പ്രതിനിധികളും ശക്തമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇസിബി മീറ്റിങ്ങില്‍ നടപടികളുണ്ടാകുമെന്ന ഡ്രാഗിയുടെ പ്രഖ്യാപനമാണ് യൂറോയെ ഒരാഴ്ചയായി പിടിച്ചുനിര്‍ത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.