ലണ്ടന്‍ : കാത്ത് കാത്ത് ഇരുന്ന ആ സ്വര്‍ണ്ണ മെഡല്‍ ഇന്നലെ ബ്രിട്ടീഷ് ക്യാമ്പിലെത്തി. ഇന്നലത്തെ മത്സരത്തില്‍ രണ്ട് സ്വര്‍ണ്ണമാണ് ബ്രിട്ടന് നേടിയത്. ഇതുവരെ രണ്ട് സ്വര്‍ണ്ണവും മൂന്ന് വെളളിയും നാ്ല് വെങ്കലവുമായി മൊത്തം ഒന്‍പത് മെഡലുകളോടെ മെഡല്‍പ്പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് ബ്രിട്ടന്റെ സ്ഥാനം. റോവിങ്ങ് (ഡബ്ബിള്‍സ്) ഹെലന് ഗ്ലോവറും ഹെതര്‍ സ്റ്റാനിംഗും, സൈക്ലിംഗില്‍ ബ്രാഡ്ലി വിഗ്ഗിന്സുമാണ് ബ്രിട്ടന് സ്വര്‍ണ്ണം സമ്മാനിച്ചത്. ഇതുകൂടാതെ ഇന്നലെ നീന്തലില്‍ ഒരു വെളളിയും രണ്ട് വെങ്കല മെഡലുകളും ബ്രിട്ടന് സ്വന്തം അക്കൗണ്ടില്‍ എഴുതി ചേര്‍ത്തു.
ഒരു നൂറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് ബ്രിട്ടന്റെ ഒരു താരം ടൂര്‍ ഡെ ഫ്രാന്‍സില്‍ വിജയിക്കുന്നത്. ടൂര്‍ ഡെ ഫ്രാന്‍സ് ടൂര്‍ണമെന്റില്‍ വിജയിച്ച് ഏതാണ്ട് പതിനൊന്ന് ദിവസത്തിന് ശേഷമാണ് ബ്രാഡ്ലി വിഗ്ഗിന്‍സ് ഒളിമ്പിക്സില്‍ റോഡ് സൈക്ലിംഗ് ഇനത്തില്‍ മെഡല്‍ നേടുന്നത്. ഒളിമ്പിക്സില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടുന്ന ബ്രട്ടീഷ് താരമെന്ന ബഹുമതി ഇതോടെ വിഗ്ഗിന്‍സിന് സ്വന്തമായി. നാല് സ്വര്‍ണ്ണവും ഒരു വെളളിയും രണ്ട് വെങ്കലവുമായി ഏഴ് മെഡലുകളാണ് വിഗ്ഗിന്‍സിന് സ്വന്തമായുളളത്. സ്വന്തം രാജ്യത്തിന് വേണ്ടി അവരുടെ മുന്നില്‍ തന്നെ മെഡല്‍ നേടാനായതില്‍ സന്തോഷമുണ്ടെന്ന് വിഗ്ഗിന്‍സ് പിന്നീട് പറഞ്ഞു. സ്വന്തം കുടുംബാംഗങ്ങളുടേയും ആയിരക്കണക്കിന് ആരാധകരുടേയും ആവേശത്തിമിര്പ്പുകളെ സാക്ഷിയാക്കിയാണ് വിഗ്ഗിന്‍സ് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയത്.
വിഗ്ഗിന്‍സിന്റെ നേട്ടത്തിന്റെ അലകള്‍ അവസാനിക്കുന്നതിന് മുന്‍പേ റോവിങ്ങില്‍ ഗ്ലോവറും സ്റ്റാനിംഗും ഒന്നാം സ്ഥാനത്തെത്തി സ്വര്‍ണ്ണം കരസ്ഥമാക്കി. ആദ്യമായിട്ടാണ് ഒരു ബ്രട്ടീഷ് ടീമിന് റോവിംഗില്‍ സ്വര്‍ണ്ണം ലഭിക്കുന്നതെന്നും ഇവരുടെ നേട്ടത്തെ കൂടുതല്‍ മികച്ചതാക്കി. 200 മീറ്റര്‍ ബാക്ക്സ്ട്രോക്ക് ഫൈനലില്‍ ബ്രിട്ടന്റെ മൈക്കല്‍ ജെയ്മിസണ്‍ വെളളി മെഡല്‍ കരസ്ഥമാക്കി. സ്വന്തം പേരിലുളള റിക്കോര്‍ഡിനേക്കാള്‍ മികച്ച സമയം കുറിച്ചുകൊണ്ടാണ് ജെയ്മിസണ്‍ വെളളി മെഡല്‍ കരസ്ഥമാക്കിയത്. എന്നാല്‍ ലോക റെക്കോര്‍ഡ് തിരുത്തി കുറിച്ചുകൊണ്ടുളള ഹംഗേറിയന്‍ താരം ഡാനിയല്‍ ഗെര്ത്തയുടെ കുതിപ്പിനൊടുവിലാണ് ജെയ്മിസണിന് വെളളി മെഡല്‍ കൊണ്ട് തൃപ്ത്തിപെടേണ്ടി വന്നത്. ഗെര്ത്തക്കാണ് ഈ ഇനത്തില്‍ സ്വര്‍ണ്ണം.
സ്വര്‍ണ്ണ മെഡല്‍ നേടിയ താരങ്ങള്‍ കായിക ചരിത്രത്തില്‍ ബ്രിട്ടന്റെ യശസ്സ് ഉയര്‍ത്തിയതായി ബ്രട്ടീഷ് സ്പോര്‍ട്ട്സ് മിനിസ്റ്റര്‍ ഹഗ്ഗ് റോബര്ട്സണ് പറഞ്ഞു. ഈ ആഴ്ച അവസാനിക്കുമ്പോഴേക്കും ബ്രി്ട്ടന് കൂടുതല്‍ മെഡലുകളുമായി ശക്തമായ പോരാട്ടം നടത്തുമെന്ന് തനിക്ക് ഉറപ്പുണ്ടന്നും റോബര്‍ട്ട്സണ്‍ വ്യ്ക്തമാക്കി. ഈ നേട്ടങ്ങള്‍ അനിര്വചനീയമാണന്നും ഇതിന് പകരം വെയ്ക്കാന്‍ മറ്റൊന്നില്ലെന്നും ലണ്ടന്‍ 2012 ഒളിമ്പിക്സിന്റെ സംഘാടക സമിതി ചെയര്മാന് ലോര്‍ഡ് കോ വ്യക്തമാക്കി. ബ്രി്ട്ടന്റെ കായിക ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാലാകും ഈ മൂന്ന് സ്വര്‍ണ്ണമെഡല്‍ ജേതാക്കളുടേയും പേര് എഴുതപ്പെടുകയെന്ന് ടീം ജിബിയുടെ ചീഫ് ദെ മിഷന് ആന്‍ഡി ഹണ്ട് പറഞ്ഞു. ഇന്നലെ മാത്രം നേടിയ അഞ്ചു മെഡലോടെ ബ്രിട്ടന് കുതിപ്പ് തുടങ്ങിയിരിക്കുകയാണന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ മെഡലുകളോടെ ബ്രിട്ടന് മുന്നില്‍ തന്നെയുണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നാളെ തുടങ്ങാനിരിക്കുന്ന അത്ലറ്റിക്സിലാണ് എല്ലാവരുടേയും പ്രതീക്ഷകള്‍. ഹെപ്ടാതലണില് ബ്രിട്ടന്റെ ജെസിക്ക ഇന്നിസിനാണ് സ്വര്‍ണ്ണ പ്രതീക്ഷയുളളത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച അത്ലറ്റിക് ടീമാണ് ഇക്കുറി ഒളിമ്പിക്സില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നതെന്ന് യുകെ അത്ലറ്റിക് കോച്ച് മേധാവി ചാള്‍സ് വാന്‍ കോമെന്നീ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല