ഒരു മഴ ചാറിയാല്‍ ഇത്രയൊക്കെ സംഭവിക്കുമെന്ന് ഇന്നലെയാണ് മനസ്സിലായത്. ലണ്ടന്‍ നഗരവും പരിസരപ്രദേശങ്ങളും ഒരു പ്രേതനഗരം പോലെ… ആളൊഴിഞ്ഞ സബ്വേ, ട്രാഫിക് ബ്ലോക്കാവുന്ന നിരത്തുകളില്‍ വല്ലപ്പോഴുമെത്തുന്ന ഒരു ഡബ്ള്‍ ഡക്കര്‍. ടാക്സികളെയൊന്നും കാണാനേയില്ല, തിരക്കേറിയ മാര്‍ക്ക് ആന്‍ഡ് സ്പെന്‍സറിന്റെ മാളില്‍ പോലും വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. മഴ പെയ്തതാണ് പ്രശ്നം. ലണ്ടന്‍കാര്‍ ശരിക്കും മഴയെ പേടിച്ചു തുടങ്ങിയിരിക്കുന്നു.
വേനല്‍മഴ കനക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പു കൂടിയായതോടെ സകലരും മുറിക്കകത്തുതന്നെ ഇരിപ്പായി. ഒളിമ്പിക്സ് അല്ല ഒളിമ്പ്യന്‍ അന്തോണി ആദം വന്നെന്നു പറഞ്ഞാലും മുറി വിട്ടിറങ്ങുന്ന പ്രശ്നമില്ലെന്നുറപ്പിച്ച മട്ടായിരുന്നു പലരും. ടൂറിസ്റ്റുകളെയും മഴപ്പേടി പിടികൂടിയതോടെ, നിരത്തുകളില്‍ ശ്മശാനമൂകതയായി. മഴ വന്നാലത്തെ അവസ്ഥ കഴിഞ്ഞ മാസം ലണ്ടന്‍ നിവാസികള്‍ ശരിക്കും അനുഭവിച്ചതാണ്. ഈസ്റ്റ്ഹാമിലും, ഇപ്പോള്‍ ഒളിമ്പിക്സ് വില്ലേജ് നില്ക്കുന്ന സ്ട്രാറ്റ്ഫോഡിലും വെള്ളക്കെട്ട് സൃഷ്ടിച്ചത് വന്‍ പ്രതിസന്ധിയായിരുന്നു. അതു കൊണ്ടാവാം ഷോപ്പിങ് മാളുകളും തിയറ്ററുകളും റസ്റ്റാറന്റുകളും നിരത്തുകളുമെല്ലാം ഒഴിഞ്ഞുതന്നെ കിടന്നു. പത്തു ലക്ഷത്തോളം പേര് ഒഴുകിനടക്കുമെന്നു പറഞ്ഞിടത്ത് പത്തുപേരെ കാണാഞ്ഞപ്പോള്‍ ഒരു മഴ വന്നാല്‍ ഏതു ലണ്ടനിലെയും കാര്യം ഇങ്ങനെത്തന്നെയെന്നു തോന്നിപ്പോയി.
തലേന്നു രാത്രി പരിചയപ്പെട്ട റഷ്യന്‍ മാധ്യമസുഹൃത്ത് നുവാന്‍ പെട്രോവ്സ്കി ലണ്ടന്‍ ബ്രിഡ്ജ് അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനില്‍നിന്നു വിളിച്ചു. അയാളുടെ മുറിഇംഗ്ളീഷ് കേള്‍ക്കാന്‍ രസമുണ്ട്. യു.എസ് നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്സ് 19ാം ഒളിമ്പിക് മെഡല്‍ നേടിയ വാര്‍ത്ത പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ശ്രമമാണ്. അവരുടെ പത്രങ്ങള്‍ ഫെല്‍പ്സിന്റെ നേട്ടത്തെ അത്രവലിയ സംഭവമാക്കി കൊടുക്കില്ലത്രെ. തന്നെയുമല്ല, ഏറ്റവും കൂടുതല്‍ സ്വര്‍ണംനേടിയ ഫെല്‍പ്സ് മറികടന്നത് റഷ്യന്‍ ജിംനാസ്റ്റിനെയുമാണല്ലോ. നുവാന്‍ വിളിച്ചത് പ്രധാനമായും മഴയുടെ കാര്യം അറിയാനാണ്. അയാള്‍ക്ക് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുകള് കാര്യമായി പിടികിട്ടുന്നില്ല. ലണ്ടനില്‍ പോകേണ്ടി വന്നാലും ഇംഗ്ളീഷ് പഠിക്കില്ലെന്ന വാശിയുടെ ഫലം.
തുറന്നവേദികളിലെ മത്സരങ്ങളെയെല്ലാം മഴ ബാധിക്കുമെന്നുറപ്പായി. രാവിലത്തെ മൂടിക്കെട്ടിയ അന്തരീക്ഷമല്ല, ഉച്ചകഴിഞ്ഞ്. ഗ്രീന്‍വിച്ച് പാര്‍ക്കില്‍ അശ്വാഭ്യാസ പ്രകടനമുണ്ട്. ലണ്ടന്‍കാരുടെ പ്രിയപ്പെട്ട അഭ്യാസമാണത്. കുതിരകളുമായുള്ള അവരുടെ ആജന്മസൗഹൃദം കാണേണ്ടതു തന്നെയാണെന്നു ബ്രിട്ടീഷ് എയര്‍വേസില്‍ ജോലിനോക്കുന്ന മലയാളി ജോണ്‍ കുരുവിള പറഞ്ഞു. ബ്രിട്ടീഷ് എയര്‍വേസ്, ഒളിമ്പിക്സിന്റെ മുഖ്യ സ്പോണ്സര്മാരില് ഒരാളാണ്. അവര്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഫ്രീ ടിക്കറ്റ് കൊടുക്കുന്നുണ്ട്. അതും വി.ഐ.പി ടിക്കറ്റ്. എനിക്ക് ഇക്യുസ്റ്റേറിയന്‍ മത്സരങ്ങളോട് ഒരു താല്പര്യവുമുണ്ടായിരുന്നില്ല. മഴയും തണുപ്പും ചതിച്ചാലോ എന്ന ഭയവുമുണ്ടായിരുന്നു.
ടാക്സിയിലിരിക്കുമ്പോഴാണ് ഒരു സുഹൃത്തിന്റെ വിളിയെത്തിയത്. റിവര്‍ബാങ്ക് അറീനയില്‍ ഹോക്കി മത്സരങ്ങള്‍ കാണാന്‍. അവിടെ ചെന്നിറങ്ങിയപ്പോള്തന്നെ മഴ ചാറി തുടങ്ങി. നേരം പത്തുമണി കഴിഞ്ഞിട്ടും സൂര്യന് ഉദിച്ചിട്ടില്ല. എവിടെയും മങ്ങിയ വെളിച്ചം മാത്രം. അതിനിടക്ക് മഴക്കാറു കൂടി വന്നാലോ? വെളിച്ചക്കുറവ് പലേടത്തും പ്രശ്നമാകും. സുഹൃത്തിന്റെ കൈയില്‍ രണ്ടു പുള്ളിക്കുടകളുണ്ടായിരുന്നത് ഭാഗ്യമായി. പ്രസ് ബോക്സിലെത്തിയപ്പോഴേക്കും തണുപ്പടിച്ചു തുടങ്ങി. കാലാവസ്ഥ പ്രതികൂലമായാല്‍ അത് ഒളിമ്പിക്സിനെ ബാധിക്കുമെന്നു വ്യക്തം. കഴിഞ്ഞയാഴ്ച ആദ്യം 30 ഡിഗ്രിയിലെത്തിയ ചൂട് ഇപ്പോള്‍ ഇരുപതില്‍ താഴെ മാത്രം.
മത്സരം പകുതിയായതോടെ ഈസ്റ്റ്ഹാമിലേക്ക് ഞങ്ങള്‍ ഒരു ടാക്സിയെടുത്തു. അപ്പോഴേക്കും മഴ ആര്‍ത്തലച്ചു പെയ്തുതുടങ്ങിയിരുന്നു. അവിടെ ഒരു ശ്രീലങ്കന്‍ റസ്റ്റാറന്റില്‍ കയറിയിരിക്കുമ്പോള്‍ ഇരിപ്പിടങ്ങളില്‍ ഏറിയപങ്കും ഒഴിഞ്ഞു കിടക്കുന്നതു കണ്ടു. മാനേജര്‍ ഗുണശേഖരന് ലങ്കയിലെ കാന്‍ഡി സ്വദേശിയാണ്. അയാള്‍ പറഞ്ഞു, ഒളിമ്പിക്സിനു വേണ്ടി ലക്ഷക്കണക്കിനു പൗണ്ടാണ് റസ്റ്റാറന്റില്‍ ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്നത്. കഴിക്കാന്‍ ആളു വന്നില്ലെങ്കില്‍ പൂട്ടി നാട്ടിലേക്കു വിമാനം കയറുകയേ രക്ഷയുള്ളൂ… എല്ലാ പ്രതീക്ഷകളും ലണ്ടന്റെ സൂര്യകിരീടത്തിനു മുകളില്‍ പറക്കുന്ന മഴമേഘങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അവിടെ മഴയുടെ രൂപത്തില്‍ ഒരു വെള്ളിടി വീണാല്‍ തീര്‍ന്നു, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പവറും പകിട്ടും.
കടപ്പാട് മാധ്യമം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല