ഡെര്‍ബി : നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ വന്‍ തുക ഫീസ് നല്‍കി പഠിക്കുന്ന ഡെര്‍ബിയിലെ ടിപിഡിയു കോളേജിനെതിരേ ആംഗ്ലിയന്‍ കമ്മ്യൂണിസ്റ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റേയും നൈജീരിയന്‍ സ്റ്റുഡന്റ്‌സ് സൊസൈറ്റികളുടേയും നേതൃത്വത്തില്‍ ശക്തമായ നിയമനടപടികള്‍ ആരംഭിച്ചു. യാതൊരു മുന്നറിയിപ്പും കൂടാതെ ഈ കോളേജ് കഴിഞ്ഞമാസം പൂട്ടുകയായിരുന്നു. ഇതേ തുടര്‍ന്ന് തുടര്‍വിദ്യാഭ്യാസത്തിനായി ഇവിടെയെത്തിയ നിരവധി വിദേശ വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുളിലായി. ഇതിനെതിരേ ഈ കോളേജ് ഇപ്പോഴും നിയമപരമായി നിലനില്‍ക്കുന്നുവെന്ന ശക്തമായ യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടി ബ്രീച്ച് ഓഫ് കോണ്‍ട്രാക്ടിന് കൗണ്ടി കോര്‍ട്ടില്‍ ഈ സംഘടനകള്‍ പരാതി നല്‍കിയിരിക്കുന്നത. എല്ലാവാതിലുകളും അടഞ്ഞ ഈ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിയമോപദേശവും പിന്തുണയും നല്‍കാന്‍ തയ്യാറായി ആദ്യം മുന്നോട്ട് വന്നത് കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലിയന്‍ കമ്മ്യൂണിസ്്റ്റ് സ്റ്റുഡന്റ്‌സ് സൊസൈറ്റി ആയിരുന്നു.
എസിഎസ്എസിന്റെ ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ കേംബ്രിഡ്ജില്‍ സ്ഥിരം താമസമാക്കിയിരിക്കുന്ന ആളുമായ ബൈജു തിട്ടാരയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ഈ നിയമനടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി നൈജീരിയന്‍ സ്റ്റുഡന്റ്‌സ് സൊസൈറ്റിയും പിന്നീട് രംഗത്തെത്തി. ടിപിഡിയു കോളേജിലെ കബളിപ്പിക്കപ്പെട്ട ഏതെങ്കിലും വിദ്യാര്‍ത്ഥിക്ക് നിയമപരമായ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ സഹായിക്കാന്‍ പൂര്‍ണ്ണമായും തയ്യാറാണന്ന് ജനറല്‍ സെക്രട്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു.
കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണത്തിനായി യുകെയിലുടനീളം ഉളള കോളജിലുകളിലും യൂണിവേഴ്‌സിറ്റികളിലും എസിഎസ്എസിന്റെ യൂണിറ്റുകള്‍ സ്ഥാപിച്ച് ശക്തമായി പോരാടുവാന്‍ എസിഎസ്എസ് തീരുമാനിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈ 22ന് കേംബ്രിജ്ഡില്‍ ചേര്‍ന്ന് എസിഎസ്എസിന്റെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഐഎല്‍ടിഎസ് സ്‌കോര്‍ 7 എന്ന വിവാദപരമായ എന്‍എംസിയുടെ നിര്‍ദ്ദേശത്തിനെതിരേ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്താനും തീരുമാനിച്ചു. ഈസ്റ്റേണ്‍ യൂറോപ്പിലെ പൗരന്‍മാര്‍ക്ക് യാതൊരു നിബന്ധനകളും ഇല്ലാതിരിക്കെ മെഡിക്കല്‍ രംഗത്ത് നിരവധി വര്‍ഷത്തെ അനുഭവ പരിചയവും വിദ്യഭ്യാസ നിലവാരവുമുളള ഇന്ത്യന്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളോടുളള പരോക്ഷമായ അവഗണനയാണ് ഇതെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി.
6.5 ഉം 7 നും തമ്മില്‍ കാര്യമായ വ്യത്യാസമില്ലാതിരിക്കെ ഇത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാത്രം ബാധിക്കുന്ന തീരുമാനമാണിതെന്ന് ഇവര്‍ ഇതിനോടകം തന്നെ എന്‍എംസിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗൗരവപരമായ തീരുമാനം കൈക്കൊളളുമെന്ന് എന്‍എംസി സംഘടനാ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ഇതിനോടകം തന്നെ 130ലേറെ ഓപ്പണ്‍ പെറ്റീഷനുകള്‍ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ടന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
ഇതിന് കൂടുതല്‍ കരുത്തു പകരുന്നതിനായി യുകെയിലെ മുഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോടും ഈ മൂവ്‌മെന്റില്‍ പങ്ക് ചേരാന്‍ എസിഎസ്എസ് ആഹ്വാനം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് സതീഷ് ശങ്കര ഗൗണ്ടര്‍( പ്രസിഡന്റ് എസിഎസ്എസ്) – 07587943504, ബൈജു തിട്ടാര (ജനറല്‍ സെക്രട്ടറി ) – 07891707399, ജോയല്‍ ജോക്കബ്ബ് തോമസ് – 07586456995, അനില്‍ ബൂരി- 07411509410 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല