ലണ്ടന്‍ : പതിനഞ്ച് ഒളിമ്പിക് ഒഫിഷ്യല്‍സിന് ഒരു നേരത്തെ ആഹാരത്തിന് ബില്ലായത് 44,660 പൗണ്ട്. മദ്യത്തിന് മാത്രം 19,000 പൗണ്ട്. ഒളിമ്പിക് ഒഫിഷ്യല്‍സ് കഴിച്ച ആഹാരത്തിന്റെ ബില്ല് എന്ന് അവകാശപ്പെട്ട് ഒരാള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ പോസ്റ്റ് ചെയ്ത ബില്ലിലേതാണ് ഈ തുകകള്‍. എന്നാല്‍ ആരാണ് ഈ ഒളിമ്പിക് ഒഫിഷ്യല്‍സ് എന്നോ ഏത് റസ്റ്റോറന്റാണ് ഇതെന്നോ പോസ്റ്റില്‍ ഇല്ല. എന്തായാലും സംഭവം വിവാദമായിരിക്കുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ കിടന്ന് കറങ്ങുന്ന ഈ പോസ്റ്റിനെ സംബന്ധിച്ച് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ സംഗതി സത്യമാണന്ന് തെളിഞ്ഞിട്ടുണ്ട്.
പോസ്റ്റ് ചെയ്തിരിക്കുന്ന ബില്ല് അനുസരിച്ച് ഉച്ചഭക്ഷണത്തിന് മാത്രം പതിനഞ്ച് ഒളിമ്പിക് ഉദ്യോഗസ്ഥര്‍ ചെലവാക്കിയിരിക്കുന്നത് 44,660 പൗണ്ടാണ്. ഇതില്‍ വിശിഷ്ടമായ ഹെന്നസി 1853 കോഗ്നാക് മദ്യത്തിന് മാത്രം 19,000 പൗണ്ട് ചെലവാക്കിയിട്ടുണ്ട്. ഹോട്ടലിന്റെ സര്‍വ്വീസ് ചാര്‍ജജ് 4962.26 പൗണ്ടാണ്. എന്നാല്‍ മദ്യത്തിനൊപ്പം കഴിച്ചത് അധികം വിലയില്ലാത്ത സാധാരണ ഭക്ഷണങ്ങളാണ്. ഒരു പീസിന് പതിനഞ്ച് പൗണ്ട് വിലവരുന്ന സ്പൈസ്ഡ് ചിക്കന്‍, അഞ്ച് പൗണ്ട് വിലയുളള വെജിറ്റേറിയന്‍ ഫ്രൈഡ് റൈസ്, ഏഴ് പൗണ്ട് വിലയുളള സോര്‍ബെറ്റ് പ്ലാറ്റേഴ്സ് എന്നിവയാണ് ഇവര്‍ കഴിച്ചിട്ടുളളത്.
ഒഫിഷ്യല്‍സ് ഭക്ഷണം കഴിച്ച റസ്റ്റോറന്റിലെ വെയ്റ്റര്‍ നല്‍കിയതാണ് എ്ന്നു പറഞ്ഞ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ റെഡിറ്റിലാണ് ഒരാള്‍ ബില്ല് പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് അമേരിക്കന്‍ വാര്‍ത്താ സൈറ്റായ ദി അറ്റ്ലാന്റിക് വയറിലാണ് ഇത്ര വിലയേറിയ ഭക്ഷണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വന്നത്. തുടര്‍ന്ന് വാര്‍ത്താ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ലണ്ടനിലെ പാര്‍ക്ക് ലെയ്നിലുളള ഡോര്ച്സ്റ്റര് ഹോട്ടലിലെ ചൈന ടാംഗ് റസ്റ്റോറന്റിലാണ് ഇവര്‍ ഭക്ഷണം കഴിച്ചതെന്ന് കണ്ടെത്തി. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ റസ്റ്റോറന്റ് അധികൃതര്‍ വിസമ്മതിച്ചു. ഒളിമ്പിക് സംഘാടക സമിതിയും സംഭവത്തോട് പ്രതികരിച്ചിട്ടില്ല. സംഗതി വിവാദമായതിനെ തുടര്‍ന്ന് ബില്ല് പോസ്റ്റ് ചെയ്ത റെഡിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ട്. 2004ല്‍ ക്രിസ്റ്റീസ് ഓക്ഷന് ഹൗസില്‍ നടന്ന ഒരു ലേലത്തില്‍ ഒരു ബോട്ടില്‍ ഹെന്നസി 1853 കോഗ്നാക് 956 പൗണ്ടിനാണ് പോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല