1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2012

നീന്തല്‍ക്കുളത്തിലെ രാജകുമാരന്‍ ഒടുവില്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നു. ലണ്ടന്‍ ഒളിംപിക്‌സിന് ശേഷം താന്‍ പൂര്‍ണമായും നീന്തല്‍ക്കുളത്തോട് വിടപറയുമെന്ന് ഫെല്‍പ്‌സ് പറയുമ്പോള്‍ അത് കായികപ്രേമികള്‍ക്ക് അത്രപെട്ടെന്ന് ഉള്‍ക്കൊള്ളാനാകില്ല. കാരണം ലോകകായികചരിത്രത്തില്‍ നീന്തല്‍ക്കുളത്തില്‍ ഇത്രമേല്‍ തിളങ്ങിയൊരു താരമുണ്ടായിട്ടില്ല. മൂന്ന് ഒളിംപിക്‌സില്‍ തുടര്‍ച്ചയായി പങ്കെടുത്ത് ഒളിംപിക്‌സില്‍ ഒരുപക്ഷെ ആര്‍ക്കും എത്തിപിടിക്കാന്‍ പറ്റാത്ത റെക്കോര്‍ഡുകള്‍ കുറിച്ചാണ് ഫെല്‍പ്‌സിന്റെ മടക്കം.

ലണ്ടന്‍ ഒളിംപിക്‌സിന് ശേഷം മറ്റൊരു മത്സരത്തിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്ന ഫെല്‍പ്‌സ് ലണ്ടന്‍ ഒളിംപിക്‌സിലെ സ്വര്‍ണനേട്ടത്തില്‍ അതിയായ സന്തുഷ്ടനാണെന്ന് വ്യക്തമാക്കുന്നു.

2004ല്‍ ഏതന്‍സ് ഒളിംപിക്‌സില്‍ നീന്തല്‍ക്കുളത്തില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ ഫെല്‍പ്‌സിന് പ്രായം 19 വയസ്സ്. അന്ന് നീന്തല്‍ക്കുളത്തില്‍ നിന്ന് ഫെല്‍പ്‌സ് വാരിക്കൂട്ടിയത് ആറ് സ്വര്‍ണമെഡലുകളായിരുന്നു. അന്ന് ഏതന്‍സില്‍ കണ്ട് താരോദയം പിന്നീട് നിരവധി ലോകവേദികളില്‍ വെന്നിക്കൊടി പാറിച്ചു.

2005ലെ ലോകനീന്തല്‍ ചാമ്പ്യന്‍ ഷിപ്പില്‍ അഞ്ച് സ്വര്‍ണം, 2006ലെ പാന്‍ പസഫിക്ക് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം, 2007ലോകചാമ്പ്യന്‍ഷിപ്പില്‍ 7 സ്വര്‍ണം അങ്ങനെപോകുന്നു മെഡല്‍വേട്ടയുടെ ചരിത്രം. അതിനിടയില്‍ നിരവധി റെക്കോര്‍ഡുകള്‍ കടപുഴകി. അതില്‍ എല്ലാവരുടേയും ഓര്‍മ്മയില്‍ തങ്ങുന്നതാണ് 2008 ബീജിംഗ് ഒളിംപിക്‌സിലെ സ്വര്‍ണവേട്ട. അഞ്ച് വ്യക്തിഗത മെഡലുകള്‍ അടക്കം എട്ട് സ്വര്‍ണമാണ് അന്ന് ഫെല്‍പ്‌സ് നീന്തല്‍ക്കുളത്തില്‍ നിന്ന് വാരിയെടുത്തത്. ഒരുപക്ഷെ ഇനി ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത റെക്കോര്‍ഡ്.

നാല് വര്‍ഷം കഴിഞ്ഞ് ലണ്ടനില്‍ നീന്തല്‍ക്കുളത്തില്‍ പഴയ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും തലഉയര്‍ത്തി തന്നെയാണ് ഫെല്‍പ്‌സിന്റെ മടക്കം. ഒളിംപിക്‌സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരമെന്ന റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ച ഫെല്‍പ്‌സ് 200മീറ്റര്‍ ഫ്രീസ്റ്റെല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ എന്നീ ഇനങ്ങളില്‍ മൂന്ന് ഒളിംപിക്‌സിലും മെഡല്‍ നിലനിര്‍ത്തുന്ന താരമെന്ന ബഹുമതിയും തന്റെ പേരിനൊപ്പം ചേര്‍ത്തു. ലണ്ടനില്‍ മൂന്ന് സ്വര്‍ണമെഡലടക്കം നാല് മെഡലുകള്‍ ഫെല്‍പ്‌സ് നേടി.

ഇതിനിടിയില്‍ കായികരംഗത്തെ നിരവധി ബഹുമതികളും ഫെല്‍പ്‌സിനെ തേടിയെത്തി. ആറ് തവണ വേള്‍ഡ് സ്വിമ്മര്‍ ഓഫ് ദ ഇയര്‍, എട്ട് തവണ അമേരിക്കന്‍ സ്വിമ്മര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് മാഗസിന്‍ തെരഞ്ഞെടുത്ത എക്കാലത്തേയും മികച്ച നീന്തല്‍താരം എന്നിങ്ങനെ ഒത്തിരി ബഹുമതികളാണ് ഫെല്‍പ്‌സിനൊപ്പമുള്ളത്.

നീന്തല്‍ക്കുളത്തിലെ റെക്കോര്‍ഡുകള്‍ തീര്‍ത്ത് വിടവാങ്ങല്‍ പ്രഖ്യാപിക്കുമ്പോള്‍ ഫെല്‍പ്‌സിന്റെ പേര് കായിക ചരിത്രത്തിന്റെ സുവര്‍ണതാളുകളിലാകും തിളങ്ങുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.