1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2012

ലണ്ടന്‍: കാത്തിരുന്ന പോരാട്ടത്തില്‍ വേഗച്ചിറകേറി ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്‌ ഒരിക്കല്‍കൂടി ലോകം കീഴടക്കി. 9.63 സെക്കന്‍ഡില്‍ എതിരാളികളെ നിഷ്‌പ്രഭരാക്കി ബോള്‍ട്ട്‌ അവസാന വര കടന്നു. ബെയ്ജിങ്ങില്‍ നാലു വര്‍ഷം മുന്‍പ് താന്‍ തന്നെ കുറിച്ച 9.69 സെക്കന്‍ഡാണ് ബോള്‍ട്ട് ഇക്കുറി തിരുത്തിയെഴുതിയത്. ഈ സീസണില്‍ ബോള്‍ട്ട് ഓടിയ ഏറ്റവും മികച്ച സമയം 9.76 സെക്കന്‍ഡായിരുന്നു. ബെയ്‌ജിഗില്‍ നേടിയ സ്വര്‍ണം നിലനിര്‍ത്താന്‍ ബോള്‍ട്ടിനു കടുത്ത വെല്ലുവിളി അതിജീവിക്കേണ്ടിവന്നു. അവസാന നാല്‍പതു മീറ്ററിലെ അസ്‌ത്രവേഗം ലക്ഷ്യം നേടി.

സീസണിലുടനീളം ഭീഷണിയുയര്‍ത്തുകയും രണ്ടുവട്ടം ബോള്‍ട്ടിനെ അട്ടിമറിച്ച് ലോകത്തെ ഞെട്ടിച്ച ജമൈക്കയുടെ തന്നെ യൊഹാന്‍ ബ്ലേക്കാണ് വെള്ളി മെഡലിന്റെ അവകാശി. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമായ 9.75 സെക്കന്‍ഡിലാണ് ബ്ലേക്ക് ഫിനിഷ് ചെയ്തത്. സെമിഫൈനലില്‍ ഏറ്റവും മികച്ച സമയം കുറിച്ച അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റലിനാണ് വെങ്കലം. സമയം: 9.79 സെക്കന്‍ഡ്. ഗാറ്റലിന്റെ ഏറ്റവും മികച്ച സമയമാണിത്.
സീസണിലെ തന്റെ ഏറ്റവും മികച്ച സമയമായ 9.80 സെക്കന്‍ഡില്‍ നാലാമതാണ് അമേരിക്കയുടെ ടൈസന്‍ ഗേ ഫിനിഷ് ചെയ്തത്. അമേരിക്കയുടെ തന്നെ റ്യാന്‍ ബെയ്‌ലി ഏറ്റവും മികച്ച വ്യക്തിഗത സമയത്തില്‍ അഞ്ചാമനായി (9.88 സെക്കന്‍ഡ്).

ബോള്‍ട്ടും ബ്ലേക്കും ആഘോഷങ്ങളുടെ അമിട്ടിന് തീയിടുമ്പോഴും ടീമംഗമായ അസഫ പവല്‍ ഒരു വേദനയായി മാറുകയായിരുന്നു. മുന്‍നിരക്കാര്‍ക്കൊപ്പം തന്നെ കുതിച്ചെങ്കിലും 60 മീറ്ററിലെത്തിയതോടെ പേശിവലിവ് മൂലം മുടന്തിപ്പോവുകയായിരുന്നു പവല്‍. ഒടുവില്‍ 11.99 സെക്കന്‍ഡില്‍ കഷ്ടിച്ചാണ് ഫിനിഷ് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.