1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2012

ലണ്ടന്‍ : ഒരു പ്രസവത്തിലുണ്ടാകുന്ന ഒരേ പോലെ ഇരിക്കുന്ന കുട്ടികളെ സമജാത ഇരട്ടകളെന്ന് വിളിക്കാം. എന്നാല്‍ ഒരേ പ്രസവത്തിലുണ്ടായ ഒരേ പോലെ ഇരിക്കുന്ന ഈ മൂവര്‍ സംഘത്തെ എന്തു വിളിക്കും? തമാശയ്ക്ക് വേണമെങ്കില്‍ സമജാത മുരട്ടകളെന്ന് വിളിക്കാം. എന്തായാലും തോമസിനേയും എഡ്വേര്‍ഡിനേയും ഹാരിയേയും തിരിച്ചറിയാന്‍ അമ്മ ക്ലെയര്‍ ഒരു എളുപ്പ മാര്‍ഗ്ഗം കണ്ടെത്തിയിട്ടുണ്ട്. മൂവരുടേയും നഖത്തില്‍ പേരിന്റെ ആദ്യത്തെ അക്ഷരം പെയ്ന്റ് ചെയ്ത് വയ്ക്കുക. സാധാരണ ഒരു പ്രസവത്തില്‍ മൂന്ന് കുട്ടികളുണ്ടാകാനുളള സാധ്യത 4,000 ത്തില്‍ ഒന്ന് മാത്രമാണ്. എന്നാല്‍ ഒരു പ്രസവത്തില്‍ ഒരേ പോലെ ഇരിക്കുന്ന മൂന്ന് കുട്ടികള്‍ കേട്ടു കേഴ്‌വി പോലുമില്ല. ഇത്തരത്തില്‍ കുട്ടികളുണ്ടാകാനുളള സാധ്യത 200 മില്യണില്‍ ഒന്നാണ് എന്ന് വിദ്ഗ്ദ്ധരുടെ അഭിപ്രായം.

ബക്‌സിലെ മാഡ്‌വില്ലെ ആശുപത്രിയില്‍ കഴിഞ്ഞ ഏപ്രില്‍ 13നാണ് ഈ മൂവര്‍ സംഘത്തിന്റെ ജനനം. 34 ആഴ്ച വളര്‍ച്ചയെത്തിയപ്പോള്‍ സിസേറിയനിലൂടെ പുറത്തെടുത്ത ഓരോ കുട്ടിക്കും 1.8 കിലോ മാത്രമായിരുന്നു ഭാരം. ആദ്യത്തെ മൂന്നാഴ്ച ഗ്യാസ്ട്രിക് ഫീഡിങ്ങ് ട്യൂബ് ഉപയോഗിച്ചാണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. നിലവില്‍ ഹൈ വൈകോംബിലെ വീട്ടില്‍ കുട്ടികള്‍ ആരോഗ്യവാന്മാരായി ഇരിക്കുന്നുവെന്ന് മാതാവ് ക്ലെയര്‍ പറഞ്ഞു. അഞ്ച് കിലോയാണ് ഇപ്പോള്‍ ഓരോത്തരുടേയും ഭാരം. നഴ്‌സായ ക്ലെയര്‍ കുട്ടികളെ നോക്കാനായി ജോലി ഉപേക്ഷിച്ചിരിക്കുകയാണ്. ക്ലെയറിനും റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്റായ ഭര്‍ത്താവ് പോളിനും ഈ മുവര്‍ സംഘത്തെ കൂടാതെ മൂന്ന് വയസ്സുകാരനായ വില്യം എന്നൊരു മകനുമുണ്ട്.

ദിവസവും മൂന്ന് പേര്‍ക്കും കൂടി 20 നാപ്പികളെങ്കിലും ചുരുങ്ങിയത് വേണ്ടിവരും. ഇപ്പോള്‍ മൂന്നുപേരേയും തിരിച്ചറിയാന്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടാറില്ലെന്ന് ക്ലെയര്‍ പറയുന്നു. ആദ്യ ആഴ്ച കുട്ടികളെ തിരിച്ചറിയുക സാധ്യമല്ലായിരുന്നു. അപ്പോഴാണ് പേരിന്റെ ആദ്യത്തെ അക്ഷരം നഖത്തില്‍ പെയ്ന്റ് ചെയ്ത് വച്ചത്. ഇപ്പോള്‍ ഓരോത്തരേയും പ്രത്യേകം തിരിച്ചറിയാന്‍ കഴിയുന്നുണ്ട് – ക്ലെയര്‍ കൂട്ടിച്ചേര്‍ത്തു. ദൈവത്തിന്റെ അനുഗ്രമായി താനിതിനെ കാണുന്നതെന്നും അവര്‍ സൂചിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.