1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2012


സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോ അതിരൂപതയിലെ വിശ്വാസ സമൂഹത്തെ കഴിഞ്ഞ ആറു വര്‍ഷക്കാലം ഏറെ കരുതലോടെ വിശ്വാസ തീക്ഷ്ണതയില്‍ വളര്‍ത്തിക്കൊണ്ടു വന്ന ജോയ് ചേറാടി അച്ചന്‍ തന്‍െറ ഇടയ ദൌത്യം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങുകയാണ്.

കോട്ടയം ജില്ലയിലെ ഉഴവൂര്‍ ചേറാടിയില്‍ തോമസ്-ഏലിക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ജോയ് അച്ചന്‍ കുറിച്ചിത്താനം കെ.ആര്‍. നാരായണന്‍ സ്കൂളിലും ഉഴവൂര്‍ ഒഎല്‍എല്‍ സ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വൈദീകന്‍ ആകാന്‍ ഉള്ള ആഗ്രഹവുമായി ക്ലാരീഷ്യന്‍ സഭയില്‍ ചേര്‍ന്ന് കുറവിലങ്ങാട് ക്ലാരെറ്റ് ഭവനിലും, ബാംഗ്ലൂര്‍ മല്ലേശ്വരം സൈന്‍റ്റ് പീറ്റേഴ്സ് സെമിനാരിയിലും ആയി സെമിനാരി പഠനം പൂര്‍ത്തിയാക്കി. 1997ല്‍ അഭിവന്ദ്യ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു. തുടര്‍ന്ന് തൃശൂര്‍ രൂപതയിലെ വിവിധ പള്ളികളില്‍ അസിസ്റ്റന്റ് വികാരി ആയും, തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി അടുത്ത് ചുവന്ന മണ്ണ്, വാണിയം പാറ പള്ളികളില്‍ വികാരിയും സേവനം അനുഷ്ഠിച്ച അച്ചന്‍ തുടര്‍ന്ന് തടവ് പുള്ളികളുടെ ആദ്ധ്യാത്മിക വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന ജയില്‍ മിനിസ്ട്രിയില്‍ പ്രവര്‍ത്തിച്ചു. അതെ സമയത്ത് തന്നെ ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ അനേകര്‍ക്ക് വചന വിരുന്നൊരുക്കുവാനും അച്ചന്‍ സമയം കണ്ടെത്തിയിരുന്നു. അച്ചന്‍െറ സമര്‍പ്പണ ജീവിതത്തിനും സംഘാടകത്വത്തിനും ഉള്ള അംഗീകാരമായി സിറോ മലബാര്‍ സഭ അച്ഛനെ ഗള്‍ഫ് മേഖലയില്‍ ഉള്ള സിറോ മലബാര്‍ പ്രവാസികളുടെ ചുമതലയുള്ള ചാപ്ലിന്‍ ആയി ഖത്തറിലേക്കയച്ചു. തുടര്‍ന്ന് ദിവംഗതനായ കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ അച്ചനെ 2006 നവംബര്‍ ആറു മുതല്‍ ഗ്ലാസ്ഗോയിലുള്ള സഭാ മക്കളുടെ ഇടയനായി നിയോഗിക്കുക ആയിരുന്നു.

ഗ്ലാസ്ഗോ അതിരൂപതയിലെ ക്രൂക്സ്ടോന്‍ സെനറ്റ് ജെയിംസ് പള്ളി തന്റെ സേവന തട്ടകമാക്കി പ്രവര്‍ത്തിച്ചിരുന്ന അച്ചന്‍ ഗ്ലാസ്ഗോയിലെ തന്റെ കര്‍മ മേഖലയിലുള്ള 125 ഓളം കുടുംബങ്ങളെ കൂട്ടായ്മയുടെ ഒരു കുടകീഴില്‍ ഒന്നായി ആത്മ പരിപാലനയില്‍ വളര്‍ത്തികൊണ്ട് വരുവാന്‍ സാധിച്ചു എന്ന മഹത്തായ കര്‍മം ആത്മ നിര്‍വൃതിയുടെ നിമിഷങ്ങള്‍ ആണ് വിടവാങ്ങലിന്റെ അവസരത്തില്‍ സമ്മാനിക്കുക. ഗ്ലാസ്ഗോയ്ക്ക് പുറമേ സ്കോട്ലന്‍ഡിലെ ഇന്വേര്‍നെസ്സ്, ഹെലന്‍സ് ബറോ, ഗ്രീനോക് എന്നിവടങ്ങളിലും സ്കോട്ലന്‍ഡിനു പുറമേ ഇംഗ്ലണ്ടിന്റെനാനാഭാഗങ്ങളിലും മാസ്സ് സെന്‍റുകളില്‍ എല്ലാ മാസവും കൃത്യമായി തനിക്കു ഭാരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന വിശ്വാസ സമൂഹത്തിന്റെ ആത്മീയ കാര്യങ്ങള്‍ നിറവേറ്റുവാന്‍ ഓടിയെത്തികൊണ്ടിരുന്ന അച്ഛന്റെ വിടവാങ്ങല്‍ ഇംഗ്ലണ്ടിലെ വിശ്വാസ സമൂഹത്തിനു ഒരു വലിയ നഷ്ടമാണ് സൃഷ്ടിക്കുക.

അത്യാത്മികതയോടൊപ്പം സാംസ്കാരികമായ വളര്‍ച്ചയും അനിവാര്യമാണെന്ന് വിശ്വസിക്കുന്ന ജോയ് അച്ചന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആയി നിരവധി കാര്യങ്ങള്‍ വിഭാവനം ചെയ്തു നടപ്പാക്കുവാന്‍ എന്നും ശ്രദ്ധാലു ആയിരുന്നു. ഞായറാഴ്ചകളിലെ മലയാളം ക്ലാസുകള്‍, കരാട്ടെ ക്ലാസുകള്‍, ഡാന്‍സ് ക്ലാസുകള്‍ എന്നിവ ഇതിനു ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്.

ഓഗസ്റ്റ് അഞ്ച് ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിന് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് യാത്രയയപ്പ് സമ്മേളനവും നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.