1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2012

ലണ്ടന്‍ : അമേരിക്കയിലെ വിസ്‌കോസിനിലെ ഓക്ക്ക്രീക്ക് സിഖ് ക്ഷേത്രത്തില്‍ ആരാധനയ്ക്കായെത്തിയ വിശ്വാസികളെ വെടിവെച്ച് കൊന്ന അക്രമിയെ തിരിച്ചറിഞ്ഞു. അമേരിക്കന്‍ പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്ന വേഡ് മൈക്കല്‍ പേജ് (40) ആണ് അക്രമി. ഇയാള്‍ക്ക് വെളളക്കാരുടെ തീവ്രവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം എഫ്ബിഐ പരിശോധിച്ച് വരുകയാണ്. അമേരിക്കന്‍ പട്ടാളത്തിലെ സൈക്കോളജിക്കല്‍ ഓപ്പറേഷന്‍സ് യൂണിറ്റിലെ ഉദ്യോഗസ്ഥനായിരുന്നു പേജ്. ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് 1998ല്‍ ഇയാളെ പട്ടാളത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

പേജ് നടത്തിയ വെടിവെയ്പില്‍ ആറ് പേര്‍ മരിച്ചിരുന്നു. മരിച്ചവരുടെ പേര് വിവരങ്ങള്‍ ഇന്നലെ പോലീസ് പുറത്തുവിട്ടു. ക്ഷേത്രം പ്രസിഡന്റ് സ്ത്വന്ത് ഖലേഖ, സിത സിംഗ്, രഞ്ജിത് സിംഗ്, സുബാഗ് സിംഗ്, പരംജിത് കൗര്‍, പ്രകാശ് സിംഗ് എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ വെടിവെയ്പില്‍ പേജും കൊല്ലപ്പെട്ടിരുന്നു. പേജിന്റെ അക്രമണത്തില്‍ ബ്രയാന്‍ മര്‍ഫി എന്ന പോലീസുകാരനും പരുക്കേറ്റി്ട്ടുണ്ട്.

പേജിനൊപ്പം മറ്റാരുമുണ്ടായിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എന്ത് ഉദ്ദേശത്തിന്റെ പേരിലാണ് പേജ് അക്രമം നടത്തിയെതെന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് അന്വേഷിച്ച് കൊണ്ടിരിക്കുകയാണന്ന് ഓക് ക്രീക്ക് പോലീസ് ചീഫ് ജോണ്‍ എഡ്വേര്‍ഡ് പറഞ്ഞു. എന്നാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ചിലരുടെ അഭിപ്രായമനുസരിച്ച പേജ് ആരാധനയ്ക്ക് എത്തിയ സിഖ് വിശ്വാസികളെ മുസ്ലീംങ്ങളാണന്ന് തെറ്റിദ്ധരിച്ചതാകാം അക്രമത്തിന് കാരണം. 9/11 സംഭവത്തെകുറിച്ചുളള ഒരു ടാറ്റൂ പേജ് തന്റെ കൈയ്യില്‍ പതിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

പേജിന്റെതായി പുറത്തുവിട്ട ചിത്രങ്ങളില്‍ നാസി പതാകയുടെ ചുവട്ടില്‍ നില്‍ക്കുന്ന ചില ചിത്രങ്ങളും ഉണ്ടന്നുളളതാണ് ഇയാള്‍ വെളളക്കാരായ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന സംശയം ഉയരാന്‍ കാരണം. തെറ്റായ ചില വിശ്വാസങ്ങളായിരിക്കാം പേജിനെ അക്രമത്തിലേക്ക് നയിച്ചതെന്ന് ക്ഷേത്രത്തിലെ അംഗവും ഡോക്ടറുമായ അമൃത് ഡാഹ്‌ലിവാള്‍ പറഞ്ഞു. 9/11 അക്രമത്തിന് ശേഷം മില്‍വോക് മേഖലയില്‍ മാത്രം സിഖ് വിശ്വാസികള്‍ക്കെതിരേ നാല് അക്രമങ്ങള്‍ നടന്നിട്ടുണ്ട്.

ഒരു സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ ഉപയോഗിച്ചാണ് പേജ് വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ക്ഷേത്രത്തിലെത്തിയ പേജ് ഒന്നും പറയാതെ വെടിവെയ്ക്കാന്‍ ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ നടുക്കം രേഖപ്പെടുത്തി. അമേരിക്കയില്‍ സിഖ് വിശ്വാസികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ ആറ് പേര്‍ മരിച്ച സംഭവം ദുഖകരമാണന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.