1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2012

ലണ്ടന്‍ : ട്യൂഷന്‍ ഫീസ് മൂന്നിരട്ടി വരെ വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ഇംഗ്ലീഷ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനായെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ഇന്‍ഡിപെന്‍ഡന്റ് കമ്മീഷന്‍ ഓണ്‍ ഫീസ് നടത്തിയ അന്വേഷണത്തിലാണ് ഫീസ് വര്‍ദ്ധനവ് കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയതായി കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെ ഇംഗ്ലീഷ് യൂണിവേഴ്‌സിറ്റികളിലെ ഫീസ് മൂന്നിരട്ടിയോളം വര്‍ദ്ധിപ്പിച്ച് 9,000 പൗണ്ട് ആക്കിയിരുന്നു. ഇതിനേ തുടര്‍ന്ന് കുട്ടികളുടെ എണ്ണത്തില്‍ 8.8 ശതമാനം കുറവുണ്ടായിട്ടുണ്ട് എന്നാണ് കണക്ക്. അതായത് രണ്ട് വര്‍ഷം മുന്‍പ് ഇംഗ്ലീഷ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനെത്തിയ കുട്ടികളെക്കാള്‍ 37,000 കുട്ടികള്‍ കുറവുണ്ട്.

പതിനെട്ട്, പത്തൊന്‍പത് വയസ്സ് പ്രായമുളള കുട്ടികളുടെ എണ്ണത്തില്‍ ഏഴ് ശതമാനത്തോളം കുറവ് ഉണ്ടായിട്ടുണ്ട്്. ഉയര്‍ന്ന പ്രായപരിധിയിലുളള കുട്ടികള്‍ ഫീസ് വര്‍ദ്ധനവ് മൂലം തുടര്‍പഠനം എന്ന് ആഗ്രഹം ഉപേക്ഷിക്കുകയാണന്ന് കവന്‍ട്രി യൂണിവേഴ്‌സിറ്റിയിലെ ഡെപ്യൂട്ടി വൈസ്ചാന്‍സലര്‍ പ്രൊഫ. ഇയാന്‍ മാര്‍ഷല്‍ പറയുന്നു. എന്നാല്‍ കവന്‍ട്രി യൂണിവേഴ്‌സിറ്റിയില്‍ ഈ വര്‍ഷം അപേക്ഷകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അതിന്റെ അടിസ്ഥാനത്തില്‍ ഒരു നിഗമനത്തിലെത്താന്‍ സമയമായിട്ടില്ലെന്നും പ്രൊഫ. ഇയാന്‍ വ്യക്തമാക്കി. ചില യൂണിവേഴ്‌സിറ്റികളില്‍ അപേക്ഷകരുടെ എണ്ണം കൂടുമ്പോള്‍ ചില ഇടങ്ങളില്‍ കുറവുണ്ടാകുന്നുണ്ട്. അതിനാല്‍ മുഴുവന്‍ കണക്കുകളും കിട്ടിയതിന് ശേഷമെ ഇക്കാര്യത്തില്‍ വ്യക്തമായൊരു നിഗമനത്തിലെത്താന്‍ കഴിയുക ഉളളൂവെന്നും അദ്ദേഹം പറഞ്ഞു.

ട്യൂഷന്‍ ഫീസ് വര്‍ദ്ധനവ് യൂണിവേഴ്‌സിറ്റികളെ എങ്ങനെ ബാധിച്ചു എന്നറിയാനാണ് ജനുവരിയില്‍ കമ്മീഷനെ നിയോഗിച്ചത്. യു സി എ എസ് അപേക്ഷകളുടെ കണക്കാണ് കമ്മീഷന്‍ പരിശോധിച്ചത്. 2010ലെ അപേക്ഷകളുടെ കണക്കുകളും ഫീസ് വര്‍ദ്ധിപ്പിച്ച ശേഷം 2012ല്‍ അഡ്മിഷനായി അപേക്ഷിച്ച കുട്ടികളുടെ എണ്ണവുമാണ് കമ്മീഷന്‍ താരതമ്യം ചെയ്തത്. ട്യൂഷന്‍ ഫീസ് നിരക്കില്‍ അധികം വര്‍ദ്ധനവ് ഒന്നും ഉണ്ടാകാത്ത വെയ്ല്‍സ്, സ്‌കോട്ട്‌ലാന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് തുടങ്ങിയ സ്ഥലങ്ങളിലെ യൂണിവേഴ്‌സിറ്റികളിലേക്കാള്‍ കുട്ടികളുടെ എണ്ണത്തില്‍ ഇംഗ്ലീഷ് യൂണിവേഴ്‌സിറ്റികള്‍ വന്‍ കുറവ് നേരിടുന്നുണ്ടെന്നായിരുന്നു കണ്ടെത്തല്‍.

എന്നാല്‍ ട്യൂഷന്‍ ഫീസിലുണ്ടായ വര്‍ദ്ധനവ് ദരിദ്രമായ ചുറ്റുപാടില്‍ നിന്ന് വരുന്നവരെ വിചാരിച്ചത് പോലെ അത്ര മോശമായി ബാധിച്ചിട്ടില്ല എന്നത് ആശ്വാസകരമാണന്ന് കമ്മീഷന്റെ ചെയര്‍മാന്‍ വില്‍ ഹട്ടണ്‍ പറഞ്ഞു. എന്നാല്‍ ദരിദ്രമായ ചുറ്റുപാടില്‍ നിന്ന് കുട്ടികള്‍ യൂണിവേഴ്‌സിറ്റികളിലേക്ക് എത്തിയാല്‍ മാത്രമേ അവരെ ഇത്തരം ഫീസ് വര്‍ദ്ധവ് ബാധിക്കുകയുളളൂവെന്നും അത്തരം സംഭവങ്ങള്‍ നടക്കാത്തത് കാരണമാണ് ഫീസ് വര്‍ദ്ധനവ് അവരെ ബാധിക്കാത്തത് എന്നും ബര്‍മ്മിംഗ് ഹാം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഡേവിഡ് ഫ്രാക്ലിന്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി പഠനത്തിനായി ലോണ്‍ നല്‍കുമ്പോള്‍ ആദ്യം തിരിച്ചടക്കാനുളള പശ്ചാത്തലം ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. ദരിദ്രരായ കുട്ടികള്‍ക്ക് തിരിച്ചടക്കാനുളള കഴിവ് ഇല്ലാത്തതിനാല്‍ ലോണ്‍ കിട്ടുകയുമില്ല. അവര്‍ക്ക് യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം ലഭിക്കുകയുമില്ല- അദ്ദേഹം വ്യക്തമാക്കി. ഇനി പ്രവേശനം ലഭിച്ചാല്‍ തന്നെ ബുക്ക്, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് പണം കണ്ടെത്താനായിരിക്കും അവര്‍ ശ്രമിക്കുക. സ്‌പോര്‍ട്ട്‌സ്, സാമൂഹിക സേവനം തുടങ്ങിയ കാര്യങ്ങളില്‍ അവരുടെ പങ്കാളിത്തം വെറും പൂജ്യമായിരിക്കും. അതിനാല്‍ തന്നെ അവര്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനെത്തുന്നതിന്റെ പൂര്‍ണ്ണമായ ഫലം അവര്‍ക്ക് ലഭിക്കുന്നില്ല – ഫ്രാക്ലിന്‍ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.